വിമാനത്താവളത്തിലെ പ്രവേശന ഫീസും അനധികൃത നിർമാണങ്ങളും; കണ്ണൂർ ജില്ലാ വികസന സമിതി യോഗത്തിൽ വിഷയങ്ങൾ ഉന്നയിച്ച് ജനപ്രതിനിധികൾ

 
Representational image reflecting Kannur District Development Committee meeting and officials

Photo:" Speciial Arrangement

ADVERTISEMENT

● പെരുമ്പ മുതൽ കോത്തായിമുക്ക് വരെയുള്ള പഴയ ദേശീയപാതയിലെ അനധികൃത പാർക്കിങ് പരിശോധിക്കാൻ പൊലീസിനും ആർടിഒയ്ക്കും നിർദേശം
● തലശ്ശേരി-മാഹി ബൈപ്പാസിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതുവരെ ടോൾ പിരിവ് നിർത്തിവെയ്ക്കണമെന്ന് ആവശ്യം
● കണ്ണൂർ സെൻട്രൽ ജയിലിനടുത്തുള്ള പെട്രോൾ പമ്പ് ചോർച്ചാ വിഷയത്തിൽ കോൺക്രീറ്റ് സെക്കൻഡറി കണ്ടെയ്ൻമെന്റ് വാൾ നിർമാണം പൂർത്തിയാക്കിയതായി എഡിഎം അറിയിച്ചു
● പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ ലിഫ്റ്റ് തകരാർ, കവ്വായി പാർക്ക് ടോയ്‌ലെറ്റ് തുടങ്ങിയ പ്രശ്നങ്ങളും യോഗത്തിൽ ഉന്നയിച്ചു

കണ്ണൂർ: (KVARTHA) എയർപോർട്ടിലെത്തുന്ന വാഹനങ്ങളിൽ നിന്ന് പ്രവേശന ഫീസ് ഈടാക്കുന്നത് നിർത്തിവെയ്ക്കാൻ നടപടിയുണ്ടാവണമെന്ന് അഡ്വ. സജീവ് ജോസഫ് എംഎൽഎ ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. നിശ്ചിത സമയം കഴിഞ്ഞതിന് ശേഷം തിരികെ പോവുന്ന വാഹനങ്ങളിൽ നിന്ന് ഫീസ് ഈടാക്കുന്ന രീതി മറ്റ് വിമാനത്താവളങ്ങളിൽ ഉണ്ടെങ്കിലും പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളിൽ നിന്നും ഫീസ് ഈടാക്കുന്നത് കണ്ണൂരിൽ മാത്രമാണെന്നും, ഇതിനെതിരെ യാത്രക്കാരിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ കാര്യം സംസ്ഥാന സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Aster mims 04/11/2022

പാലക്കയം തട്ടിലെ അനധികൃത നിർമാണവുമായി ബന്ധപ്പെട്ട വിഷയവും അദ്ദേഹം വികസന സമിതി യോഗത്തിൽ ഉന്നയിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുവരികയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പെർമിറ്റിൽ അനുമതി നൽകിയതിനേക്കാൾ കൂടുതൽ നിർമാണ പ്രവർത്തനങ്ങൾ അവിടെ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം. 

പ്രദേശത്ത് നിന്ന് അനധികൃതമായി മണ്ണ് നീക്കം ചെയ്ത നടപടിയിൽ നിർമാതാവിൽ നിന്ന് പിഴ ഈടാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. ഇക്കഴിഞ്ഞ മഴക്കെടുതിയിൽ തകർന്ന പാലങ്ങളും റോഡുകളും പുനർനിർമിക്കുന്നതിന് ആവശ്യമായ നടപടികൾ വേഗത്തിലാക്കാനും എംഎൽഎ ആവശ്യപ്പെട്ടു.

ഗതാഗത പ്രശ്നങ്ങളും വികസന ആവശ്യങ്ങളും

പെരുമ്പ മുതൽ കോത്തായിമുക്ക് വരെയുള്ള പഴയ ദേശീയപാതയിലെ അനധികൃത വാഹന പാർക്കിങ് വലിയ ഗതാഗതപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി വി കുഞ്ഞികൃഷ്ണൻ എംഎൽഎ യോഗത്തെ അറിയിച്ചു. ഇക്കാര്യത്തിൽ പൊലീസ്, ആർടിഒ അധികൃതർ സംയുക്ത പരിശോധന നടത്തി നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ നിർദേശിച്ചു. പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റ് പ്രവർത്തിക്കാത്ത പ്രശ്നം, കവ്വായി പാർക്കിൽ സന്ദർശകർക്ക് ടോയ്‌ലെറ്റ് സംവിധാനം ഏർപ്പെടുത്തൽ, പെരിങ്ങോം വയക്കരയിൽ കാലവർഷത്തെ തുടർന്ന് ഒലിച്ചുപോയ കമ്പിപ്പാലത്തിന് പകരം പുതിയ പാലം നിർമിക്കൽ എന്നിവയും അദ്ദേഹം ഉന്നയിച്ചു. 

ചെറുപുഴയ്ക്ക് സമീപം കർണാടക ഫോറസ്റ്റ് അതിർത്തിയിലെ കേരളത്തിൻ്റെ ഭൂമിയിൽ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കാനുള്ള കർണാടക സർക്കാരിൻ്റെ നടപടിയിൽ ഇടപെടണമെന്നും, പെരിങ്ങോം വയക്കര, എരമം കുറ്റൂർ പഞ്ചായത്തുകളിലെ മിച്ചഭൂമി പട്ടയങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

പട്ടയ കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തഹസിൽദാരെ യോഗം ചുമതലപ്പെടുത്തി. പാലക്കോട്-കുന്നരു തീരദേശ ഹൈവേ വികസനം, പയ്യന്നൂർ ടൗൺ വികസനം എന്നിവ വേഗത്തിലാക്കാനും എംഎൽഎ നിർദേശിച്ചു.

തലശ്ശേരി-മാഹി ബൈപ്പാസിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതുവരെ ടോൾ പിരിവ് നിർത്തിവെയ്ക്കണമെന്നും, ന്യൂമാഹി പുന്നോൽ കുറിച്ചിയിൽ പ്രദേശത്തെ ശുദ്ധജല വിതരണ പദ്ധതി അടച്ചുപൂട്ടിയത് പ്രദേശത്തെ മത്സ്യത്തൊഴിലാളികളെ ബാധിക്കുന്നതിനാൽ നടപടി പുനഃപരിശോധിക്കണമെന്നും ഷാഫി പറമ്പിൽ എംപിയുടെ പ്രതിനിധി എംപി അരവിന്ദാക്ഷൻ ആവശ്യപ്പെട്ടു. വളപട്ടണം പാലത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് പാലത്തിലെ പഴയ ടാറിങ് ഇളക്കിമാറ്റി പുതുതായി ടാർ ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് കെ വി സുമേഷ് എംഎൽഎയുടെ പ്രതിനിധി കിരൺ പറഞ്ഞു.

 മേലെചൊവ്വ, മട്ടന്നൂർ റോഡ് ജങ്ഷനിൽ മേൽപ്പാലം നിർമാണ സ്ഥലം ഏറ്റെടുപ്പും കെട്ടിടങ്ങളുടെ മൂല്യനിർണയ പ്രവർത്തിയും വേഗം പൂർത്തിയാക്കണമെന്ന അഡ്വ. ടി ഒ മോഹനൻ എംഎൽഎയുടെ ആവശ്യത്തിൽ 2026 സെപ്റ്റംബർ 8-ന് പൊതുമരാമത്ത്, റവന്യൂ വകുപ്പുകൾ സംയുക്ത പരിശോധന നടത്തും. പാടിക്കൽ മാട്ടൂർ തീരദേശ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ നിർദേശത്തിൽ 20 ലക്ഷം രൂപ വകയിരുത്തി പദ്ധതി തയാറാക്കിയതായും ഡിപിസിയുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ടെൻഡർ നടപടികൾ സ്വീകരിക്കുമെന്നും എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

കുടിവെള്ള പ്രശ്നങ്ങളും സർവേ പരാതികളും

തളിപ്പറമ്പ് കുറുമാത്തൂർ, പരിയാരം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള പ്രശ്നം നേരിടുന്നതായി ടി കെ ഗോവിന്ദൻ മാസ്റ്റർ എംഎൽഎ അറിയിച്ചതിൽ അടിയന്തര നടപടി സ്വീകരിക്കാൻ കളക്ടർ നിർദേശം നൽകി. ധർമടം വില്ലേജിലെ ഡിജിറ്റൽ സർവേ സംബന്ധിച്ച പരാതികൾ പരിഹരിക്കണമെന്ന ഷാഫി പറമ്പിൽ എംപിയുടെ ആവശ്യം പരിഗണിച്ച് തലശ്ശേരി താലൂക്കിൽ എൽആർഎം സെക്ഷനിൽ സർവേയർമാരെ നിയോഗിച്ചതായി സർവേ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

പെട്രോൾ പമ്പ് ചോർച്ച

കണ്ണൂർ സെൻട്രൽ ജയിലിനടുത്തുള്ള പെട്രോൾ പമ്പിലെ ചോർച്ച മൂലം സമീപത്തെ 70-ലേറെ കുടുംബങ്ങളിലെ കിണറുകൾ മലിനമായ സാഹചര്യത്തിൽ നടപടികൾ ഉണ്ടാകണമെന്ന് കെ സുധാകരൻ എംപിയുടെ ആവശ്യം പരിഗണിച്ച് പമ്പിൽ കോൺക്രീറ്റ് കൊണ്ടുള്ള സെക്കൻഡറി കണ്ടെയ്ൻമെൻ്റ് വാൾ നിർമാണം പൂർത്തിയാക്കിയതായി എഡിഎം അറിയിച്ചു. 

അനുബന്ധ പൈപ്പുകൾ എച്ച്ഡിപിഇ പൈപ്പുകളാക്കി മാറ്റിയതായും, കുടിവെള്ള പ്രശ്നം അനുഭവിക്കുന്ന 40-ലേറെ കുടുംബങ്ങൾക്ക് കുടിവെള്ള വിതരണം തുടരുന്നതായും കിണറുകളിലെ ജലപരിശോധന നടക്കുന്നതായും എഡിഎം വിശദീകരിച്ചു.

ജില്ലാ കളക്ടർ പി വിഷ്ണു രാജ്, എംഎൽഎമാരായ അഡ്വ. ടി ഒ മോഹനൻ, സജീവ് ജോസഫ്, വി കുഞ്ഞികൃഷ്ണൻ, ഷാഫി പറമ്പിൽ എംപിയുടെ പ്രതിനിധി എംപി അരവിന്ദാക്ഷൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ പ്രതിനിധി അജിത്ത് മാട്ടൂൽ, തലശ്ശേരി സബ് കളക്ടർ രവി മീണ, അസിസ്റ്റൻ്റ് കളക്ടർ എസ് സ്വാതി, എഡിഎം ഇൻ-ചാർജ് കെ ബാലഗോപാലൻ, ജില്ലാ പ്ലാനിങ് ഓഫീസർ ടി രാജേഷ് , ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: The Kannur District Development Committee meeting, attended by MLAs, officials, and MP representatives, discussed various pressing issues including the waiving of entry fees at Kannur Airport, taking action against illegal construction at Palakkayam Thattu, and resolving traffic, water, and infrastructure problems across the district.

#Kvartha #KannurNews #DistrictDevelopmentCommittee #KeralaNews #KannurAirport #PalakkayamThattu #MalayalamNews #LocalNews #KeralaPolitics #AmmuNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia