കണ്ണൂർ കോർപറേഷൻ പരിധിയിലെ തെരുവുനായ ശല്യത്തിനെതിരെ സുപ്രീം കോടതിയിലെ കേസിൽ കക്ഷിചേരുമെന്ന് മേയർ പി ഇന്ദിര
ADVERTISEMENT
● പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ ടൂറിസ്റ്റ് വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങിനെതിരെ നടപടിയെടുക്കും
● പാമ്പൻ മാധവൻ റോഡിലെ ആംബുലൻസ് പാർക്കിങ് മാറ്റാൻ അടിയന്തര ഇടപെടൽ
● അർഹരായ വഴിയോര കച്ചവടക്കാരെ സംരക്ഷിച്ചുകൊണ്ട് അനധികൃത കച്ചവടക്കാർക്കെതിരെ നടപടിയെടുക്കും
● അനുമതിയില്ലാതെ ക്യാമറ സ്ഥാപിച്ച ടെമ്പിൾ വാർഡ് കൗൺസിലർക്കെതിരെ കർശന നടപടി
കണ്ണൂർ: (KVARTHA) ദിനംപ്രതി വർധിച്ചുവരുന്ന തെരുവുനായ ആക്രമണങ്ങൾക്കെതിരെ കർശന നടപടിയുമായി കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗം. ജൂലൈ 21 ചൊവ്വാഴ്ച നടന്ന യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ എടുത്തത്. നിരന്തരമായി ഓരോ കൗൺസിൽ യോഗങ്ങളിലും തെരുവുനായ ശല്യത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചർച്ചകൾ നടക്കാറുണ്ടെങ്കിലും കൃത്യമായി പരിഹാരം കണ്ടെത്തി നടപടി സ്വീകരിക്കാത്തതായി കൗൺസിലർമാർ യോഗത്തിൽ ആരോപിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ കോർപറേഷൻ പരിധിയിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ തെരുവുനായ ആക്രമണത്തിന് ഇരയായ സാഹചര്യത്തിൽ എബിസി പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കി പരിഹാരം കാണണമെന്ന് കൗൺസിലർ കെ കെ മുഹമ്മദ് ഷിബിൽ ആവശ്യപ്പെട്ടു. എബിസി പദ്ധതി കർശനമായി നടപ്പിലാക്കാനും സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസിൽ കക്ഷി ചേർന്ന് നീതി ഉറപ്പാക്കുമെന്നും മേയർ പി ഇന്ദിര ഉറപ്പുനൽകി.
അനധികൃത പാർക്കിങ്ങും തെരുവുകച്ചവടവും
കോർപറേഷൻ പരിധിയിലെ ശിശുമന്ദിരത്തിൻ്റെ പ്രവർത്തനങ്ങൾ കൃത്യമായി നടക്കാത്തതായി കൗൺസിലർമാർ അറിയിച്ചു. വിഷയത്തിൽ ശിശുമന്ദിരങ്ങളെക്കുറിച്ച് അന്വേഷണം നടത്തി വിവരങ്ങൾ ശേഖരിക്കാൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് മേയർ നിർദേശം നൽകി. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് അനധികൃതമായി ടൂറിസ്റ്റ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കൗൺസിലർമാർ ചൂണ്ടിക്കാട്ടി.
ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മേയർ അധികൃതർക്ക് നിർദേശം നൽകി. പാമ്പൻ മാധവൻ റോഡിലെ ആംബുലൻസ് പാർക്കിങ് പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലാണെന്നും കാൽനടയാത്രപോലും സാധിക്കുന്നില്ലെന്നും യോഗം വിലയിരുത്തി.
ആംബുലൻസുകൾ അടിയന്തരമായി മാറ്റാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മേയർ അറിയിച്ചു. കോർപറേഷൻ അനധികൃത തെരുവുകച്ചവടക്കാർക്കെതിരെ നടപടിയുമായി മുന്നോട്ടുപോകും. അർഹരായ വഴിയോര കച്ചവടക്കാരെ വഴിയാധാരമാക്കില്ലെന്നും നിയമവിധേയമായ കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കുമെന്നും മേയർ പറഞ്ഞു.
കൗൺസിലർക്കെതിരെ നടപടി
കോർപറേഷൻ പരിധിയിൽ കള്ളന്മാരുടെ ശല്യവും മാലിന്യ തള്ളുന്നതും തടയുന്നതിനായി ക്യാമറ സ്ഥാപിക്കാൻ കൗൺസിലർമാർക്ക് അധികാരമില്ലെന്ന് മേയർ വ്യക്തമാക്കി. കോർപറേഷൻ്റെ അറിവോടെയല്ലാതെ ക്യാമറ സ്ഥാപിച്ച കൗൺസിലർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മേയർ അറിയിച്ചു.
ടെമ്പിൾ വാർഡ് കൗൺസിലറായ അർച്ചന വണ്ടിച്ചാലാണ് ഡിവിഷനിൽ ക്യാമറ സ്ഥാപിച്ചത്. സ്പോൺസർമാരുടെ സഹായത്തോടെ അഞ്ചിടങ്ങളിലാണ് ക്യാമറ സ്ഥാപിച്ചത്. ഇതിൻ്റെ വീഡിയോ ആക്സസ് കൗൺസിലറുടെയും റസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികളുടെയും ഫോണുകളിലാണ് ബന്ധിപ്പിച്ചിട്ടുള്ളത്. ക്യാമറ സ്ഥാപിക്കുന്നതുമായുള്ള അനുമതിക്കായി കൗൺസിലിൽ അജണ്ട വെച്ചിട്ടുണ്ട്.
എന്നാൽ അനുമതി ലഭിക്കുന്നതിന് മുൻപ് ക്യാമറ സ്ഥാപിക്കുകയും ബന്ധപ്പെട്ട അധികൃതർക്ക് വിവരങ്ങൾ ലഭ്യമാക്കുന്നതിന് പകരം സ്വകാര്യ വ്യക്തികളുടെ ഫോണിലേക്ക് ആക്സസ് നൽകിയതുമാണ് വിവാദമായിരിക്കുന്നത്. കോർപറേഷനെ നോക്കുകുത്തിയാക്കി നടപ്പിലാക്കിയ പദ്ധതി അംഗീകരിക്കാനാകില്ലെന്നും ഇതിനെതിരെ കർശന നടപടിയെടുക്കാൻ മേയർ സെക്രട്ടറിക്ക് നിർദേശം നൽകി.
കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗത്തിലെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ അപ്ഡേറ്റുകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തുക
Article Summary: Kannur Mayor promises to join the SC case against the stray dog menace.
#KannurCorporation #StrayDogIssue #KannurNews #KeralaNews #LocalNews #KeralaPolitics #AmmuNews
