വിവാദങ്ങൾക്ക് വിരാമം; നിക്ഷേപകർക്ക് പണം പിൻവലിക്കാമെന്ന് ഹലാൽ ഫായിദ സഹകരണ സൊസൈറ്റി ഭരണസമിതി
ADVERTISEMENT
● മുൻ ഡിവൈഎഫ്ഐ നേതാവ് ഷാജറിൻ്റെ നേതൃത്വത്തിലാണ് സ്ഥാപനം ആരംഭിച്ചത്
● 2017-ൽ പ്രവർത്തനം തുടങ്ങിയ സൊസൈറ്റിക്ക് 6,913 ഓഹരികളിലായി 17,28,250 രൂപ ലഭിച്ചു
● നിയമാവലി പ്രകാരം 3 വർഷം കഴിഞ്ഞവർക്ക് ഓഹരി സംഖ്യ പിൻവലിക്കാം
● രേഖാമൂലം ആവശ്യപ്പെട്ടവർക്ക് തുക തിരിച്ചു നൽകിയിട്ടുണ്ടെന്നും സംഘം വ്യക്തമാക്കി
കണ്ണൂർ: (KVARTHA) നഗരത്തിലെ തെക്കി ബസാറിൽ പ്രവർത്തിച്ചിരുന്ന സിപിഎം നിയന്ത്രിത ഹലാൽ ഫായിദ സഹകരണ സൊസൈറ്റിക്ക് നിയമാവലി പ്രകാരം നിക്ഷേപം സ്വീകരിക്കാൻ വ്യവസ്ഥയുണ്ടെങ്കിലും ആരിൽ നിന്നും നിക്ഷേപം സ്വീകരിച്ചിട്ടില്ലെന്ന് ഭരണസമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇതുസംബന്ധിച്ച് മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഭരണസമിതി അംഗങ്ങൾ പറഞ്ഞു.
ഡിവൈഎഫ്ഐ മുൻ നേതാവ് ഷാജറിൻ്റെ നേതൃത്വത്തിലാണ് പലിശരഹിത ധനകാര്യ സ്ഥാപനമായ ഹലാൽ ഫായിദ ആരംഭിച്ചത്. ന്യൂനപക്ഷ സമുദായ അംഗങ്ങളുടെ നിക്ഷേപങ്ങൾ സ്വീകരിച്ച് വൻ വ്യവസായ സംരംഭങ്ങൾ തുടങ്ങാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ മാസങ്ങൾക്കുള്ളിൽ തന്നെ ലക്ഷങ്ങൾ ചെലവഴിച്ച് മോടിപിടിപ്പിച്ച് നിർമിച്ച കണ്ണൂർ തെക്കി ബസാറിലെ ഓഫീസ് പൂട്ടുകയായിരുന്നു.
സാമ്പത്തിക ഇടപാടുകൾ
2017 ഓഗസ്റ്റ് 25-ന് രജിസ്റ്റർ ചെയ്ത് നവംബർ 13-നാണ് സൊസൈറ്റി പ്രവർത്തനം തുടങ്ങിയത്. ഉദ്ദേശലക്ഷ്യങ്ങൾ നിറവേറ്റാൻ അംഗങ്ങളിൽ നിന്ന് ഓഹരിത്തുക സ്വീകരിച്ചിരുന്നു. 6,913 ഓഹരികളിലായി 17,28,250 രൂപയാണ് സംഘത്തിന് ലഭിച്ചത്. ഈ തുകയിൽ നിന്ന് ഓഫീസ് സൗകര്യം, ഫർണിച്ചർ, കമ്പ്യൂട്ടർ ഉൾപ്പെടെ സജ്ജീകരിച്ചു.
ഇതിന് 6,65,338 രൂപ ചെലവായി. 2017 മുതൽ 2020 വരെ കൃത്യമായി സഹകരണവകുപ്പിൻ്റെ ഓഡിറ്റ് നടത്തിയതാണ്. അപ്പോഴൊന്നും ഒരുതരത്തിലുള്ള ക്രമക്കേടും രേഖപ്പെടുത്തിയിട്ടില്ല. 2018-19 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ ഇക്കാര്യം കൃത്യമായി പറയുന്നുമുണ്ട്.
പണം പിൻവലിക്കാം
സംഘം നിയമാവലി പ്രകാരം ഓഹരി ഉടമകൾക്ക് 3 വർഷം കഴിഞ്ഞതിനുശേഷം ഓഹരി സംഖ്യ പിൻവലിക്കാം. രേഖാമൂലം ആവശ്യപ്പെട്ടവർക്ക് തിരിച്ചു നൽകിയിട്ടുമുണ്ട്. കോവിഡും പ്രളയവും ഉൾപ്പെടെയുള്ള ദുരന്തങ്ങൾ സംഘത്തിൻ്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.
മാംസ സംസ്കരണശാല സ്ഥാപിക്കുന്നതടക്കമുള്ള പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞില്ല. നിക്ഷേപകനായ നാസർ പരാതിയുമായി രംഗത്തുവരികയും, സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഇടപെട്ട് ഇയാൾക്ക് തുക മടക്കിക്കൊടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ഭരണസമിതി രംഗത്തെത്തിയത്.
യോഗം വിളിക്കും
2025 മാർച്ച് 6-ന് നിലവിൽ വന്ന ഭരണസമിതി, സ്ഥാപനത്തെ മെച്ചപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. അടുത്തമാസം ഓഹരി ഉടമകളുടെ യോഗം വിളിക്കും. ഹലാൽ ഫായിദ കണ്ണൂരിൽ ശക്തമായി നിലനിൽക്കും.
ഓഹരി എടുത്ത ഒരാൾക്ക് പോലും നഷ്ടമുണ്ടാകില്ല. സംഘത്തിൻ്റെ പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ടുപോകാൻ പുതിയ ഭരണസമിതി യോഗം തീരുമാനിച്ചു. ചില മാധ്യമങ്ങൾ നടത്തുന്ന കുപ്രചാരണങ്ങൾ തിരിച്ചറിയണമെന്നും ഭരണസമിതി അംഗങ്ങൾ അഭ്യർഥിച്ചു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Halal Fayida Cooperative Society in Kannur dismissed fraud claims and assured refunds to shareholders.
#Kvartha #HalalFayida #KannurNews #CPM #CooperativeSociety #KeralaNews #MalayalamNews #DYFI #AmmuNews
