വൻകിട കമ്പനികൾക്ക് കടലിൽ മത്സ്യബന്ധനത്തിന് അനുമതി നൽകിയ തീരുമാനം പിൻവലിക്കണമെന്ന് എഐടിയുസി
ADVERTISEMENT
● ഉയർന്ന സബ്സിഡി നൽകി വൻകിട കപ്പലുകൾക്ക് അനുവാദം നൽകുന്നത് മത്സ്യസമ്പത്തിൻ്റെ നാശത്തിന് കാരണമാകും
● കേന്ദ്ര-സംസ്ഥാന ബജറ്റുകൾക്കെതിരെ കെ പി രാജേന്ദ്രൻ രൂക്ഷ വിമർശനം ഉന്നയിച്ചു
● തീരദേശ സംരക്ഷണം, സീപ്ലെയിൻ പദ്ധതി ഉപേക്ഷിക്കുക തുടങ്ങി വിവിധ പ്രമേയങ്ങൾ ക്യാമ്പ് അംഗീകരിച്ചു
കണ്ണൂർ: (KVARTHA) കേരളത്തിലെ കടൽമേഖലയിൽ വൻകിട കപ്പലുകൾക്ക് മത്സ്യബന്ധനത്തിന് അനുവാദം നൽകിയ കേന്ദ്ര സർക്കാർ നടപടി റദ്ദാക്കണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ക്യാമ്പ് ആവശ്യപ്പെട്ടു. രാജ്യത്തിൻ്റെ നിയന്ത്രണ മേഖലയിലുള്ള കടലിൽ മത്സ്യബന്ധനത്തിന് ഒരു ലക്ഷത്തോളം യാനങ്ങൾ മതിയെന്നിരിക്കെ മൂന്ന് ലക്ഷത്തിലധികം യാനങ്ങൾ ഉണ്ടെന്ന് ക്യാമ്പിൽ അഭിപ്രായമുയർന്നു.
ഇതിനു പുറമെയാണ് ഉയർന്ന സബ്സിഡി നൽകി വൻകിട കപ്പലുകൾക്ക് അനുവാദം നൽകുന്നത്. ഇത് മത്സ്യസമ്പത്തിൻ്റെ നാശത്തിനിടയാക്കുമെന്നും കേരളത്തിലെ മത്സ്യബന്ധന യാനങ്ങളെ പ്രതിസന്ധിയിലാക്കുമെന്നും ക്യാമ്പ് അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന ബജറ്റുകൾക്കെതിരെ വിമർശനം
സമാപന സമ്മേളനം എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ബജറ്റ് അവതരണം മലയാളത്തിലാണെങ്കിലും തീരദേശവുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് ഇംഗ്ലീഷിലുള്ള തലക്കെട്ടുകളാണെന്ന് അദ്ദേഹം പറഞ്ഞു.
നിർമല സീതാരാമൻ്റെ കേന്ദ്ര ബജറ്റിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളെ ചേർത്ത് ഇത്തരം പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് നേതാക്കൾ അതിനെതിരെ പ്രതികരിച്ചിരുന്നു. എന്നാൽ അതിൻ്റെ മറ്റൊരു രൂപമായിട്ടാണ് മേൽപറഞ്ഞ പേരിൽ സംസ്ഥാന ബജറ്റിൽ ഇത്തരം പദ്ധതികൾ ഇടംപിടിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രമേയങ്ങൾ അംഗീകരിച്ചു
ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി ആർ പ്രസാദ് ക്ലാസ് നയിച്ചു. ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് ടി ജെ ആഞ്ചലോസ് അധ്യക്ഷനായി. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ചന്ദ്രൻ, ഫെഡറേഷൻ ജനറൽ സെക്രട്ടറി ടി രഘുവരൻ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ. പി അജയകുമാർ, ക്യാമ്പ് ലീഡർ എം കെ ഉത്തമൻ, എ കെ ജബ്ബാർ, വിവേക് വാടിയിൽ എന്നിവർ പ്രസംഗിച്ചു.
എഐടിയുസി സംസ്ഥാന സെക്രട്ടറി സി പി മുരളി, സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ, കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഇ ടി ടൈസൺ മാസ്റ്റർ, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡൻ്റ് താവം ബാലകൃഷ്ണൻ, കേരള മഹിളാസംഘം സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എൻ ഉഷ, എഐടിയുസി ജില്ലാ പ്രസിഡൻ്റ് എം ഗംഗാധരൻ തുടങ്ങിയവർ സംബന്ധിച്ചു.
വേമ്പനാട് കായൽ സംരക്ഷണ അതോറിറ്റി രൂപീകരിക്കുക, തീരപ്രദേശത്ത് ഖനനവും കുടിയൊഴിപ്പിക്കലും ലക്ഷ്യംവെച്ചുകൊണ്ടുള്ള തുറമുഖ നഗര പദ്ധതി ഉപേക്ഷിക്കുക, മുതലപ്പൊഴിയിലെ അപകടമരണങ്ങൾ തടയുന്നതിനും മത്സ്യത്തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നതിനും നടപടികൾ സ്വീകരിക്കുക, മത്സ്യബന്ധന മേഖലകളിൽ സീപ്ലെയിൻ പദ്ധതി നടപ്പിലാക്കരുത് എന്നീ പ്രമേയങ്ങളും ക്യാമ്പ് അംഗീകരിച്ചു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ അപ്ഡേറ്റുകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തുക.
Article Summary: AITUC demands cancellation of fishing rights for large companies.
#AITUC #FisheriesFederation #Keralanews #FishingRights #CoastalProtection #KannurNews #AmmuNews
