Wild Elephants | അരിക്കൊമ്പനെ പിടികൂടിയതിന് പിന്നാലെ സ്ഥലത്ത് 12 ആനകള്‍; സിമന്റ്പാലത്ത് തമ്പടിച്ച് കാട്ടാനക്കൂട്ടം; മൂന്നാര്‍ ഡിഎഫ്ഒയോട് നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വനം വകുപ്പ് മന്ത്രി

 


ഇടുക്കി: (www.kvartha.com) ചിന്നക്കനാലില്‍ നിന്ന് മയക്കുവെടി വച്ച് പിടികൂടിയ അരിക്കൊമ്പന് പിന്നാലെ സ്ഥലത്ത് കാട്ടാനക്കൂട്ടം. സിമന്റ്പാലത്താണ് കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുന്നത്. 12 ആനകളുള്ള സംഘമാണ് സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുന്നത്. അരിക്കൊമ്പനെ മയക്കുവെടിവെച്ച സ്ഥലത്താണ് ആനകള്‍ ഉള്ളത്. ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാന്‍ വനംവകുപ്പ് വാചര്‍മാര്‍ നിരീക്ഷിക്കുന്നു.

അരിക്കൊമ്പന്റെ ദേഹത്ത് ആഴത്തിലുള്ള മുറിവുണ്ടെന്ന് ഡോ അരുണ്‍ സക്കറിയ അറിയിച്ചു. നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്. തുറന്നു വിടുന്നതിനു മുമ്പ് ചികിത്സ നല്‍കി. ഇനിയും ചികിത്സ ചെയ്യുമെന്നും അരുണ്‍ സക്കറിയ പറഞ്ഞു. ആനയെ കൊണ്ടുപോയ ആനിമല്‍ ആംബുലന്‍സ് അടക്കം മുഴുവന്‍ വാഹനങ്ങളും നിലവില്‍ പുറത്തെത്തി.

അതേസമയം അരികൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നു വിട്ടതായി വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. പുലര്‍ചെയാണ് ആനയെ ഉള്‍പ്രദേശത്ത് തുറന്നു വിട്ടത്. പരിശോധനയില്‍ ആന ആരോഗ്യവാനാണ്. ശരീരത്തിലെ മുറിവുകള്‍ പ്രശ്‌നമുള്ളതല്ല. റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ ലഭിച്ചു തുടങ്ങിയതായും അധികൃതര്‍ വ്യക്തമാക്കി. 

അതേസമയം അരിക്കൊമ്പന്‍ കാട്ടാനയുമായി പോയ ദൗത്യസംഘം ഉള്‍കാട്ടില്‍ തുടരുകയാണ്. രാത്രി രണ്ടുമണിയോടെ മേദകാനത്താണ് ആനയെ ഇറക്കിയത്. ആനയുടെ ആദ്യ ചലനങ്ങള്‍ സംഘം നിരീക്ഷിക്കും. ഉള്‍വനത്തില്‍ ആയതിനാല്‍ ജനവാസ മേഖലയിലേക്ക് ആന തിരികെ എത്തില്ലെന്നാണ് കണക്ക് കൂട്ടല്‍. 

പൂജ ചെയ്താണ് മന്നാന്‍ ആദിവാസി വിഭാഗം ആനയെ വന്യജീവി സങ്കേതത്തിലേക്ക് സ്വീകരിച്ചത്. പുതിയതായി ഒരു അതിഥി വരുന്നതിന്റെ ഭാഗമായാണ് പൂജയെന്നാണ് ആദിവാസി വിഭാഗം വിശദീകരിച്ചത്.
രാത്രിയോടെ അരിക്കൊമ്പനെയും വഹിച്ചുള്ള വാഹനം വന്യജീവി സങ്കേതത്തിന്റെ കവാടത്തിലെത്തിയപ്പോഴായിരുന്നു പൂജ നടത്തിയത്. ജനങ്ങളുടെ വിശ്വാസങ്ങള്‍ കണക്കിലെടുത്താണ് പൂജ നടപടികളെന്നാണ് വനം വകുപ്പിന്റെയും വിശദീകരണം. 

11 മണിക്കൂറോളം നീണ്ട ദൗത്യത്തിന് ഒടുവിലാണ് ശനിയാഴ്ച അരിക്കൊമ്പനെ വനംവകുപ്പ് തളച്ചത്. കോന്നി സുരേന്ദ്രന്‍, സൂര്യന്‍, വിക്രം, കുഞ്ചു എന്നീ കുങ്കിയാനകളാണ് ഏറെ പണിപ്പെട്ട് കൊമ്പനെ ലോറിയിലേക്ക് കയറ്റിയത്. അപ്രതീക്ഷിതമായി കോടമഞ്ഞും കനത്ത മഴയും കാറ്റും വന്നത് ദൗത്യത്തിന് തിരിച്ചടി സൃഷ്ടിച്ചിരുന്നു.

Wild Elephants | അരിക്കൊമ്പനെ പിടികൂടിയതിന് പിന്നാലെ സ്ഥലത്ത് 12 ആനകള്‍; സിമന്റ്പാലത്ത് തമ്പടിച്ച് കാട്ടാനക്കൂട്ടം; മൂന്നാര്‍ ഡിഎഫ്ഒയോട് നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വനം വകുപ്പ് മന്ത്രി


അതിനിടെ, അരിക്കൊമ്പന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. പൂജ നടത്തിയത് വിവാദം ആക്കേണ്ടതില്ല. ആനയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 
ചിന്നക്കനാല്‍ ഭാഗത്ത് ആനക്കൂട്ടം ഉണ്ട്. മൂന്നാര്‍ ഡിഎഫ്ഒയോട് നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആന ഇപ്പൊള്‍ പെരിയാര്‍ സങ്കേതത്തിലാണ്. ജനവാസ കേന്ദ്രത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകത്താണ് ആനയുള്ളതെന്നും മന്ത്രി പറഞ്ഞു. 

പെരിയാര്‍ ടൈഗര്‍ റിസര്‍വിന് മുന്നില്‍ പൂജ നടത്തിയെന്നത് വിവാദം ആക്കേണ്ട കാര്യമില്ല. ഓരോ നാട്ടിലും ഓരോ സമ്പ്രദായമുണ്ട്. അതൊന്നും ചര്‍ച്ചയാക്കേണ്ട ആവശ്യമില്ല. അരിക്കൊമ്പന്റെ ആരോഗ്യത്തിന് വേണ്ടിയാണ് പൂജ നടത്തിയതെന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

Keywords:  News, Kerala-News, Kerala, News-Malayalam, Idukki-News, Top Headlines, Trending, Minister, AK Saseendran, Wild Elephants, Wild Animals, Forest Department, Veterinary Doctor, Ambulance, Pooja,  Idukki | Group of twelve elephants camped on Cement Bridge.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia