Monson | 'കെ സുധാകരനെതിരെ മൊഴി നല്‍കാന്‍ ഡിവൈഎസ്പി റസ്തം ഭീഷണിപ്പെടുത്തി'; അനുസരണക്കേട് കാട്ടിയാല്‍ ഭാര്യയും മക്കളും പ്രത്യാഘാതം അനുഭവിക്കുമെന്ന് പറഞ്ഞതായും മോന്‍സന്‍ മാവുങ്കല്‍ കോടതിയില്‍

 


കൊച്ചി: (www.kvartha.com) കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ മൊഴി നല്‍കാന്‍ ഡിവൈഎസ്പി റസ്തം തന്നെ നിര്‍ബന്ധിച്ചതായി മോന്‍സന്‍ മാവുങ്കല്‍ കോടതിയില്‍. ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോഴാണ്, സുധാകരനെതിരെ മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് സമ്മര്‍ദം ചെലുത്തിയതായി മോന്‍സന്‍ വെളിപ്പെടുത്തിയത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് മോന്‍സനെ കോടതിയില്‍ ഹാജരാക്കിയത്.

പീഡനം നടക്കുമ്പോള്‍ സുധാകരന്‍ സ്ഥലത്തുണ്ടായിരുന്നതായി മൊഴി നല്‍കണമെന്നും ഇല്ലെങ്കില്‍ ഭാര്യയും മക്കളും പ്രത്യാഘാതം അനുഭവിക്കുമെന്ന് ഭീഷണി മുഴക്കിയതായും മോന്‍സന്‍ കോടതിയെ അറിയിച്ചു. ഭാര്യയേയും മക്കളെയും ഡിവൈഎസ്പി അപമാനിച്ചുവെന്നും എല്ലാം നഷ്ടപ്പെട്ട രാജാവിന്റെ ഭാര്യയും മക്കളും അടിമകളാകുന്നതു പോലെ നിന്റെ കുടുംബവും ഇപ്പോള്‍ അടിമകളാണെന്ന് അദ്ദേഹം പറഞ്ഞതായും മോന്‍സന്‍ കോടതിയെ അറിയിച്ചു.

മോന്‍സനെതിരായ പോക്‌സോ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് റസ്തം. കഴിഞ്ഞ ദിവസം പോക്‌സോ കേസ് വിധി വന്നശേഷം ഡിവൈഎസ്പി റസ്തമാണ് മോന്‍സനെ ജയിലിലേക്ക് കൊണ്ടുപോയത്. അതിനിടെ കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിനു സമീപമുള്ള പെട്രോള്‍ പമ്പില്‍ എത്തിച്ചശേഷം കെ സുധാകരനെതിരെ മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് മോന്‍സന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. ഗുരുതര ആരോപണമാണ് മോന്‍സന്‍ ഡിവൈഎസ്പി റസ്തത്തിനുനേരെ കോടതിയില്‍ ഉന്നയിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് വളരെ മോശം ഭാഷയിലും ഭീഷണിയുടെ സ്വരത്തിലുമാണ് ഡിവൈഎസ്പി തന്നോട് സംസാരിച്ചതെന്നും 25 ലക്ഷം സുധാകരന്‍ തന്റെ കയ്യില്‍നിന്ന് വാങ്ങിയെന്ന് പറയാന്‍ നിര്‍ബന്ധിച്ചുവെന്നും തനിക്കൊപ്പം ജയിലില്‍നിന്നു വന്ന രണ്ടു പൊലീസുകാര്‍ ഇതിന് സാക്ഷികളാണെന്നും മോന്‍സന്‍ കോടതിയില്‍ പറഞ്ഞു. അതേസമയം, ഈ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പരാതി നല്‍കാന്‍ കോടതി മോന്‍സനോട് നിര്‍ദേശിച്ചു.

പോക്‌സോ കേസില്‍ ചോദ്യം ചെയ്യാനാണ് കെ സുധാകരനെ വിളിപ്പിച്ചിരിക്കുന്നതെന്ന് എംവി ഗോവിന്ദന്‍ കഴിഞ്ഞദിവസം മാധ്യമങ്ങളോടു പറഞ്ഞിരുന്നു. മോന്‍സന്‍ പീഡിപ്പിക്കുമ്പോള്‍ കെ സുധാകരന്‍ അവിടെ ഉണ്ടായിരുന്നതായി 17കാരിയായ അതിജീവിത മൊഴി നല്‍കിയതായും ഗോവിന്ദന്‍ അറിയിച്ചിരുന്നു. അതേസമയം, ഗോവിന്ദന്റെ വാക്കുകള്‍ തള്ളിയ ക്രൈംബ്രാഞ്ച്, തട്ടിപ്പു കേസിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്ന് വിശദീകരിച്ചിരുന്നു.

Monson | 'കെ സുധാകരനെതിരെ മൊഴി നല്‍കാന്‍ ഡിവൈഎസ്പി റസ്തം ഭീഷണിപ്പെടുത്തി'; അനുസരണക്കേട് കാട്ടിയാല്‍ ഭാര്യയും മക്കളും പ്രത്യാഘാതം അനുഭവിക്കുമെന്ന് പറഞ്ഞതായും മോന്‍സന്‍ മാവുങ്കല്‍ കോടതിയില്‍

പോക്‌സോ കേസില്‍ സുധാകരനെതിരെ അതിജീവിത മൊഴി നല്‍കിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ഇതിനു പിന്നാലെയാണ്, സുധാകരനെതിരെ മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തല്‍ കോടതിയില്‍ മോന്‍സന്‍ നടത്തിയിരിക്കുന്നത്.

Keywords:  Monson alleges threat from Crime Branch DySP to frame Sudhakaran in POCSO case, Kochi, News, Politics, Crime Branch, Allegation,  K Sudhakaran, Bribe, Molestation, Statement, Threatening, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia