Couple Abscond | ആത്മഹത്യ ചെയ്ത മകന്റെ മൃതദേഹം പൊലീസിനെ അറിയിക്കാതെ മാതാപിതാക്കള്‍ സംസ്‌കരിച്ചതായി പരാതി; സംഭവം വിവാദമായതോടെ ദമ്പതികള്‍ ഒളിവില്‍ പോയി
Jun 21, 2022, 11:05 IST
ADVERTISEMENT
ബെംഗ്‌ളൂറു: (www.kvartha.com) ആത്മഹത്യ ചെയ്ത മകന്റെ മൃതദേഹം പൊലീസിനെ അറിയിക്കാതെ ദമ്പതികള്‍ സംസ്‌കരിച്ചതായി പരാതി. സംഭവം വിവാദമായതോടെ മാതാപിതാക്കള്‍ ഒളിവില്‍ പോയി. ഞായറാഴ്ച രാവിലെയാണ് സംഭവം.
മഗഡി റോഡരികിലെ വീട്ടുപറമ്പിലാണ് മൃതദേഹം സംസ്‌കരിച്ചത്. മരണവിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്തെത്തിയപ്പോള്‍ മൃതദേഹം ചിതയില്‍ വയ്ക്കാന്‍ തുടങ്ങുകയായിരുന്നു. പൊലീസിനെ കണ്ട് തിടുക്കത്തില്‍ മൃതദേഹം ചിതയിലേക്ക് തള്ളിയിടുകയും തീ കൊളുത്തുകയും ചെയ്തുവെന്നാണ് ആരോപണം.

ഞായറാഴ്ച രാവിലെ 9.45 നും 11.30 നും ഇടയില്‍ കല്ലേരപാളയ ചെക്ഡാമിന് സമീപമാണ് സംഭവം. ഹുച്ചപ്പനഗുഡ്ഡെയിലെ മരത്തിലാണ് എന്‍ ജഗദീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാഗരാജുവിന്റെയും പത്മയുടെയും മകനാണ്. മകന്റെ മൃതദേഹം താഴെയിറക്കിയ ശേഷം നാഗരാജു മറ്റുള്ളവരുടെ സഹായത്തോടെ ഡാമിന് സമീപത്തെ തന്റെ പറമ്പിലേക്ക് മാറ്റുകയായിരുന്നുവെന്ന് പരിസരവാസികള്‍ അറിയിച്ചു.
പിന്നാലെ മൃതദേഹം രഹസ്യമായി സംസ്‌കരിക്കാനുള്ള ക്രമീകരണങ്ങളെക്കുറിച്ച് പൊലീസുകാരായ കൃഷ്ണപ്പയ്ക്കും മുത്തുരാജിനും സൂചന ലഭിച്ചു. യുവാവ് ആത്മഹത്യ ചെയ്തതറിഞ്ഞ്, ഇത്തരം കേസുകളില്‍ അന്വേഷണവും പോസ്റ്റുമോര്‍ടവും നിര്‍ബന്ധമായതിനാല്‍ അവര്‍ സംഭവസ്ഥലത്തെത്തി. അപ്പോഴേക്കും ചിതയ്ക്ക് തീകൊളുത്തിയ ശേഷം പ്രതികള്‍ രക്ഷപ്പെട്ടതായി പറയപ്പെടുന്നു.
'യുവാവിന്റെ മരണത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഒളിവിലുള്ള പ്രതികളില്‍ മരിച്ചയാളുടെ മാതാപിതാക്കളും ബന്ധുക്കളും ഉള്‍പെടുന്നു. ക്രിമിനല്‍ കുറ്റമായതിനാല്‍ എല്ലാവരെയും അറസ്റ്റ് ചെയ്യും.'- പൊലീസ് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.