SWISS-TOWER 24/07/2023

കുട്ടിയെ ഞങ്ങള്‍ക്കിഷ്ടമായി, എന്ത് തരും? വീട്ടീന്ന് ഇറങ്ങിപ്പോകാന്‍ അഞ്ചുമിനിറ്റ് തരും; സ്ത്രീധന മോഹികളെ മുഖമടച്ച് ആട്ടുന്ന ബിന്‍സി ബഷീറിന് അഭിനന്ദനപ്രവാഹം

 


ADVERTISEMENT

കയ്പമംഗലം: (www.kvartha.com 26.09.2020) കുട്ടിയെ ഞങ്ങള്‍ക്കിഷ്ടമായി, എന്ത് തരും? വീട്ടീന്ന് ഇറങ്ങിപ്പോകാന്‍ അഞ്ചുമിനിറ്റ് തരും.
സ്ത്രീധന മോഹികളെ മുഖമടച്ച് ആട്ടുന്ന ബിന്‍സി ബഷീറിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനപ്രവാഹം. തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശി ബിന്‍സി ബഷീറാണ് പെണ്‍കുട്ടികള്‍ക്ക് ആത്മവിശ്വാസം പകരുന്ന കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് താരമായത്.

'കുട്ടിയെ ഞങ്ങള്‍ക്കിഷ്ടമായി, നിങ്ങളെന്ത് തരും? എന്ന ചോദ്യത്തിന് 'വീട്ടീന്ന് ഇറങ്ങിപ്പോകാന്‍ അഞ്ചുമിനിറ്റ് തരും' എന്ന ചുട്ട മറുപടിയാണ് കുറിപ്പ്. വരികള്‍ താന്‍ പ്രതീക്ഷിച്ചതിലുമപ്പുറം വൈറലായതിന്റെ ത്രില്ലിലാണ് ബിന്‍സി. ഒരു വലിയ സന്ദേശം സമൂഹം ഏറ്റെടുത്തതിന്റെ സന്തോഷവും അവര്‍ പങ്കുവെക്കുന്നു.

കുട്ടിയെ ഞങ്ങള്‍ക്കിഷ്ടമായി, എന്ത് തരും? വീട്ടീന്ന് ഇറങ്ങിപ്പോകാന്‍ അഞ്ചുമിനിറ്റ് തരും; സ്ത്രീധന മോഹികളെ മുഖമടച്ച് ആട്ടുന്ന ബിന്‍സി ബഷീറിന് അഭിനന്ദനപ്രവാഹം

കൊടുങ്ങല്ലൂര്‍ എം ഇ എസ് അസ്മാബി കോളജില്‍നിന്ന് എം.കോം കഴിഞ്ഞ ശേഷം ലോക്ഡൗണ്‍ കാലത്ത് സുഹൃത്തുമായി ചേര്‍ന്നാണ് ഇന്‍സ്റ്റഗ്രാമില്‍ 'നിഴല്‍മരങ്ങള്‍' എന്ന പേജ് തുടങ്ങിയത്. നേരത്തെ തന്നെ സ്ത്രീധന വിരുദ്ധ ആശയം പ്രചരിപ്പിക്കാന്‍ കുറച്ചു പോസ്റ്റുകള്‍ ഇട്ടിരുന്നു. അത് സുഹൃദ് വലയങ്ങളില്‍ മാത്രമാണ് ചര്‍ച്ചയായത്. എന്നാല്‍, ഈ കുറിപ്പ് സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയായിരുന്നു.

സ്വന്തം പേജില്‍ പങ്കുവെച്ച വരികള്‍ സെലിബ്രിറ്റികള്‍ അടക്കം പല പേജുകളിലായി ഷെയര്‍ ചെയ്തതോടെയാണ് വൈറലായത്. നടി അഹാന കൃഷ്ണ, ജോസ് അന്നക്കുട്ടി ജോസ്, സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ തുടങ്ങിയവര്‍ ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ നിന്നും എഫ് ബിയിലേക്കും തുടര്‍ന്ന് വാട്‌സപ്പിലേക്കും പോസ്റ്റ് പ്രചരിക്കുകയായിരുന്നു. സ്വകാര്യ റേഡിയോയില്‍ നിന്നും അഭിമുഖത്തിനായി വിളിച്ചപ്പോഴാണ് പോസ്റ്റ് കത്തിപ്പിടിച്ച വിവരം ബിന്‍സി അറിയുന്നത്. കാലങ്ങളായി നിരവധി കുടുംബങ്ങളെ കണ്ണീരു കുടിപ്പിച്ചു കൊണ്ടിരിക്കുകയാണ് സ്തീധനം.

ഇതിന്റെ പേരില്‍ ദാരുണമായ മരണങ്ങളും ആത്മഹത്യകളും നിത്യസംഭവങ്ങളാകുന്നു. എന്നിട്ടും യാതൊരു ഉളുപ്പുമില്ലാതെ പച്ചക്ക് സ്ത്രീധനം ചോദിക്കുന്നവര്‍ക്കു മുന്നില്‍ അല്പം പോലും ആതിഥ്യമര്യാദ പാലിക്കേണ്ടതില്ല എന്നാണ് കുറിപ്പുകാരിയുടെ പക്ഷം. ഇത്തരക്കാരോട് 'ഇറങ്ങിപ്പോകൂ' എന്നു പറയാന്‍ പെണ്‍കുട്ടികള്‍ എന്ന് ചങ്കൂറ്റം കാണിക്കുന്നുവോ, അന്നേ ഇതിന് അറുതിവരികയുള്ളൂവെന്നും ബിന്‍സി പറയുന്നു.

എഴുതിയയാള്‍ 'സെലിബ്രിറ്റി' ആയില്ലെങ്കിലും ആശയം എല്ലാവരും ഉള്‍ക്കൊണ്ടല്ലോ എന്നാലോചിക്കുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്. ഞാനാണ് ഇതെഴുതിയതെന്ന് പലര്‍ക്കും അറിയില്ല. കൂടെ പഠിച്ച ചിലര്‍ക്കും അടുത്തറിയാവുന്നവര്‍ക്കും മാത്രമേ അറിയൂ എന്നും ബിന്‍സി പറഞ്ഞു.

Keywords:  Binsy Basheer viral post against dowry, News,Local-News,Dowry,instagram,post,Facebook,Social Media,Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia