

● ദമ്പതികൾ തമ്മിൽ തുറന്ന ആശയവിനിമയം വേണം.
● കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും എല്ലാ പ്രശ്നങ്ങളും പറയരുത്.
● ഭാര്യമാരെ അഭിനന്ദിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക.
● പരസ്പര ധാരണയോടെ പ്രവർത്തിച്ചാൽ സമാധാനപരമായ ജീവിതം.
● കുട്ടികളുണ്ടായ ശേഷം ഭാര്യയുടെ ഉത്തരവാദിത്തം വർധിക്കുന്നു.
മിൻ്റാ സോണി
(KVARTHA) ഇന്ന് സമൂഹത്തിൽ വിവാഹമോചനങ്ങൾ വർധിച്ചു വരുന്ന ഒരു പ്രവണതയാണ് കാണുന്നത്. വർഷങ്ങളോളം പ്രണയിച്ച് വിവാഹിതരായവർ പോലും, വിവാഹം കഴിഞ്ഞ് കുറച്ചു നാളുകൾക്കുള്ളിൽ ഈ വഴി തിരഞ്ഞെടുക്കുന്നത് പതിവാണ്. പല ദമ്പതികളുടെയും വേർപിരിയൽ അവരുടെ അടുത്തുള്ളവർക്ക് പോലും വിശ്വസിക്കാൻ കഴിഞ്ഞെന്ന് വരില്ല.
കുട്ടികൾ ഉണ്ടായ ശേഷമാണ് ഇങ്ങനെയുള്ള വിവാഹമോചന കേസുകളിൽ പലതും സംഭവിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ നാട്ടിൽ ഇത്തരം വിവാഹമോചന കേസുകൾ വർധിച്ചു വരുന്നതായി കാണാം. കുട്ടികൾ ഉണ്ടായതിനു ശേഷം പല ദമ്പതികളും വേർപിരിയുന്നതിന് പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. അവരിൽ നിന്ന് തന്നെ മനസ്സിലാക്കാൻ കഴിഞ്ഞ ചില കാര്യങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്.
1. ഇന്നത്തെ പല ഭർത്താക്കന്മാർക്കും ഒരു അമ്മ അനുഭവിക്കുന്ന മാനസികവും, ശാരീരികവും, വൈകാരികവുമായ ബുദ്ധിമുട്ടുകൾ, ഗർഭകാലത്തും പ്രസവശേഷവും ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിവ മനസ്സിലാകുന്നില്ല.
2. ഭാര്യ എപ്പോഴും ദേഷ്യത്തിലാണെന്നും, മോശമായി പെരുമാറുന്നുവെന്നും ഭർത്താക്കന്മാർ കരുതുന്നു. എന്നാൽ കുട്ടികളെ പ്രതികൂലമായി ബാധിക്കാതിരിക്കാൻ അവൾ ചെയ്യുന്ന ത്യാഗങ്ങളും സഹിക്കുന്ന ബുദ്ധിമുട്ടുകളും അവർ അറിയുന്നില്ല.
3. ആശയവിനിമയം ഒരു പ്രധാന ഘടകമാണ്. മിക്ക ദമ്പതികൾക്കും കുട്ടികളുണ്ടാകുന്നതോടെ ആശയവിനിമയം നഷ്ടപ്പെടുന്നു. ഒരു പ്രശ്നമുണ്ടെങ്കിൽ അതിനെക്കുറിച്ച് തുറന്നു സംസാരിക്കുക, ഒളിച്ചോടാതിരിക്കുക. നിങ്ങളുടെ കുടുംബാംഗങ്ങളോടോ സുഹൃത്തുക്കളോടോ എല്ലാ കാര്യങ്ങളും പറയരുത്. കാരണം, ചിലപ്പോൾ നിങ്ങൾ കെട്ടിപ്പടുത്ത കുടുംബത്തെ നശിപ്പിക്കുന്നത് അവരായിരിക്കാം. ദമ്പതികൾ എന്ന നിലയിൽ നിങ്ങളുടെ പ്രശ്നം പരിഹരിക്കേണ്ടത് നിങ്ങൾ രണ്ടുപേരുമാണ്, നിങ്ങളുടെ കുടുംബമോ സുഹൃത്തുക്കളോ അല്ല.
4. ഭർത്താക്കന്മാരോട് പറയാനുള്ളത് നിങ്ങളുടെ ഭാര്യമാരെ മനസ്സിലാക്കുക എന്നതാണ്. ഗർഭധാരണവും, പ്രത്യേകിച്ച് പ്രസവവും ഒരു തമാശയല്ല. ഗർഭധാരണവും പ്രസവവും കാരണം സ്ത്രീകളുടെ പകുതിയോളം ജീവിതം അപകടത്തിലാണ്. നിങ്ങൾക്ക് സന്താനങ്ങളെ നൽകാൻ അവർ അവരുടെ മനോഹരമായ ശരീരം, കരിയർ, നല്ല ജീവിതം എന്നിവ പോലും ത്യജിച്ചു. നമ്മുടെ ഭാര്യമാരെ അഭിനന്ദിക്കുക. കുടുംബത്തിൻ്റെ നന്മയ്ക്കായി സ്വന്തം ജീവൻ പോലും ത്യജിക്കാൻ തയ്യാറുള്ള അമ്മമാരെ അഭിനന്ദിക്കുകയാണ് നല്ല ഭർത്താക്കന്മാർ ചെയ്യേണ്ടത്. ശരിക്കും അവരാണ് ഒരു കുടുംബത്തിലെ യഥാർത്ഥ ഹീറോകൾ, അഥവാ അമ്മമാർ.
പലപ്പോഴും അഡ്ജസ്റ്റ്‌മെൻ്റ് പ്രശ്നങ്ങളാണ് പല വിവാഹ മോചന കേസുകളിലേക്കും വഴി തെളിയിക്കുന്നത്. ഓരോ ഭാര്യയ്ക്കും ഭർത്താവിൽ നിന്ന് വേണ്ടത് സുരക്ഷിതത്വമാണ്. ഏത് പ്രതിസന്ധിയിലും തന്നെ മനസ്സിലാക്കി ഭർത്താവ് പെരുമാറുമെന്ന ചിന്ത അവരെ നയിക്കുന്നു.
ഇത് മനസ്സിലാക്കാതെ പെരുമാറുന്നിടത്താണ് കുടുംബജീവിതം തകരാറിലാകുന്നത്. കുട്ടികൾ ഉണ്ടായ ശേഷം ഒരു അമ്മയ്ക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കുക. ഇത് മനസ്സിലാക്കി ദമ്പതികൾ പരസ്പര ധാരണയോടെ പ്രവർത്തിച്ചാൽ കുടുംബ ജീവിതം സമാധാനപൂർണ്ണമാകും. വിവാഹമോചന കേസുകൾ കുറയും.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
The article discusses the increasing trend of divorces, especially after childbirth. It highlights the lack of understanding from husbands regarding the physical and emotional struggles of mothers, the importance of open communication, mutual support, and appreciation in maintaining a healthy marriage and avoiding divorce.
#MarriageTips #DivorcePrevention #CoupleAdvice #FamilyLife #RelationshipGoals #Parenting