വരുമാനമുണ്ടാക്കാം! കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഗുണകരം; വീട്ടിൽത്തന്നെ കൃഷി ചെയ്യാം ഈ പയറിനങ്ങൾ!


● ശീമപ്പയർ (വാളരിപ്പയർ) ഏത് മണ്ണിലും കാലാവസ്ഥയിലും വളരും.
● പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവർക്ക് ശീമപ്പയർ നല്ലതാണ്.
● ചതുരപ്പയർ വെള്ളക്കെട്ടില്ലാത്ത ഏത് മണ്ണിലും വളരും.
● മണ്ണിലെ നൈട്രജൻ്റെ അളവ് വർദ്ധിപ്പിക്കാൻ ചതുരപ്പയർ സഹായിക്കും.
● ഇലകളും കായ്കളും പോഷകഗുണമുള്ളതും കാലിത്തീറ്റയ്ക്ക് ഉത്തമവുമാണ്.
സോളി.കെ.ജോസഫ്
(KVARTHA) പോഷകാംശങ്ങൾ ഏറെയുള്ള പയറിനങ്ങളിൽ പെട്ടവയാണ് ചതുരപ്പയർ, ശീമപ്പയർ എന്നിവയൊക്കെ. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഗുണപ്രദമാണ്. ഇതിൻ്റെ കൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയം ജൂൺ മാസമാണ്.
വളരെ എളുപ്പത്തിൽ വീടുകളിൽത്തന്നെ കൃഷിചെയ്ത് ഇതിൻ്റെ വിളവെടുക്കാവുന്നതാണ്. ഇതിൻ്റെ കൃഷിക്ക് വലിയ ചെലവും വരുന്നില്ല. എങ്ങനെ 'ചതുരപ്പയർ, ശീമപ്പയർ' എന്നിവ വീടുകളിൽ കൃഷിചെയ്യാം എന്ന് നോക്കാം..
ശീമപ്പയർ
നമ്മുടെ നാട്ടിൽ വാളരിപ്പയർ എന്ന് പ്രാദേശിക നാമത്തിൽ അറിയപ്പെടുന്ന പയറിനമാണിത്. ഇതിൻറെ കായ്കൾക്ക് ഒന്നര അടിയോളം നീളം വെക്കുന്നു. ഏതു കാലാവസ്ഥയിലും മണ്ണിലും ഇവ നന്നായി വളരും എന്നത് ഈ ചെടിയുടെ പ്രത്യേകതയാണ്. ഇവ ഗ്രോബാഗുകളിലും നമുക്ക് കൃഷി ചെയ്തെടുക്കാവുന്നതാണ്. കുറ്റിച്ചെടിയായി മൂന്നോ നാലോ അടി ഉയരത്തിൽ മാത്രമാണ് ഇവ വളരുന്നത്.
ഇതിൻറെ കായ്കളിൽ മാംസ്യത്തിന്റെയും നാരിന്റെയും അംശം വളരെ കൂടുതലാണ്. കൂടാതെ വിറ്റാമിൻ എ, ബി, സി തുടങ്ങിയവയും ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും സമ്പന്നമായ അളവിൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ ധാരാളം രോഗങ്ങൾക്ക് ഇത് കഴിക്കുന്നത് പരിഹാരമാർഗമാണ്.
പ്രത്യേകിച്ച് പ്രമേഹരോഗികളും ഹൃദ്രോഗികളും പയറിനങ്ങൾ കഴിക്കുന്നത് നല്ലതാണ്. ഇവ നട്ട് ഏകദേശം രണ്ടു മാസം കൊണ്ട് വിളവെടുക്കാം. ഇനി കുറ്റിച്ചെടിയായി വളരുന്ന ഇനങ്ങളാണെങ്കിൽ ഒന്നര മാസംകൊണ്ട് തന്നെ കായ്ക്കുന്നു.
ഇതിൻറെ കായ്കൾ അധികം മൂപ്പെത്തുന്നതിനുമുൻപ് പച്ചക്കറിയായി ഉപയോഗിക്കുന്നതാണ് നല്ലത്. കൂടാതെ ഏറെ പോഷകാംശങ്ങൾ നിറഞ്ഞ ഇതിൻറെ ഇല കാലിത്തീറ്റയായി ഉപയോഗിക്കുന്നതും നല്ലതാണ്. കാരണം ഇതിൽ 49 ശതമാനം അന്നജവും, 28 ശതമാനം മാംസ്യവും, 9 ശതമാനം നാരുമാണുള്ളത്.
ചതുരപ്പയർ
കേരളത്തിൽ എല്ലാ ഭാഗങ്ങളിലും കൃഷി ചെയ്യുന്ന പച്ചക്കറി വിളയാണിത്. ഏതു കാലാവസ്ഥയിലും ഏതു മണ്ണിലും ഇവ നന്നായി വളരുന്നു. ജലസേചന സൗകര്യമുള്ള ഇടമാണെങ്കിൽ വേനൽക്കാലത്തും ഇത് മികച്ച രീതിയിൽ വിളവ് തരുന്നു. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ ഈ കൃഷിക്ക് അനുയോജ്യമല്ല.
കാര്യമായ രോഗസാധ്യതകളില്ലാത്ത ഒരു പയറിനം കൂടിയാണിത്. ഇതിൻറെ വിത്ത് നട്ട് ഏകദേശം രണ്ടു മാസം കൊണ്ട് വിളവ് ലഭ്യമാകുന്നു. നീളമുള്ള വള്ളികളുള്ള ഈ ചെടി മരങ്ങളിൽ പടർന്നുകയറി വളർന്നുകൊള്ളും. മണ്ണിൽ നൈട്രജൻ്റെ അളവ് വർദ്ധിപ്പിക്കുവാൻ ഏറ്റവും മികച്ച പയറിനമായി ഇതിനെ കണക്കാക്കുന്നു.
വളക്കൂറുള്ള മണ്ണാണെങ്കിൽ വളപ്രയോഗം പോലും നടത്താതെ ഇത് കൃഷി ചെയ്യാം. തയ്യാറാക്കിയ തടങ്ങളിൽ ഒന്നരയടി അകലത്തിൽ വിത്തുകൾ പാകി കൃഷി ആരംഭിക്കാവുന്നതാണ്. പോഷകാംശങ്ങൾ നിറഞ്ഞ ഇതിൻറെ ഇലയും കായും ആരോഗ്യത്തിന് മികച്ചതാണ്.
കൂടാതെ കന്നുകാലികൾക്ക് ഇത് തീറ്റയായി നൽകാവുന്നതാണ്. നമ്മുടെ ശരീരത്തിന് ആവശ്യം വേണ്ട വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ഇതിൽ സമ്പന്നമായ അളവിൽ അടങ്ങിയിരിക്കുന്നു.
ശീമപ്പയറും, ചതുരപ്പയറും കൃഷി ചെയ്യാൻ ഏറ്റവും മികച്ച സമയമാണ് ജൂൺ മാസം. പോഷകാംശങ്ങൾ ഏറെയുള്ള ഈ പയറിനങ്ങൾ കേരളത്തിലെ കാലാവസ്ഥയ്ക്ക് ചേർന്നതും, മികച്ച രീതിയിൽ വിളവ് തരുന്നതുമാണ്. വീട്ടമ്മമാർക്ക് ഒക്കെ ഇത് വീട്ടിൽ കൃഷിചെയ്ത് അധിക വരുമാനം ഉണ്ടാക്കുവാനും ഇത് ഇടനൽകും.
വീട്ടിൽത്തന്നെ കൃഷി ചെയ്യാവുന്ന ഈ പയറിനങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: Discover the nutritional benefits and easy home-growing methods of winged beans (chaturappayar) and sword beans (sheemappayar). June is the ideal planting season in Kerala for these income-generating, health-friendly crops suitable for all ages.
#HomeGardening, #VegetableFarming, #KeralaAgriculture, #NutritiousFood, #IncomeGeneration, #Beans