Motivation | നിങ്ങളുടെ ഇടയിലുണ്ട് നല്ല മോട്ടിവേഷണൽ ട്രെയിനർമാർ!

 
motivation

ഇത് ശരിക്കും ബിസിനസ് ആണെന്ന് മനസിലാക്കി ധാരാളം പേർ ഇറങ്ങുന്നുണ്ട്

/ സോണി കല്ലറയ്ക്കൽ 

 (KVARTHA) ഇന്ന് എവിടെ നോക്കിയാലും മോട്ടിവേഷൻ ക്ലാസുകളാണ്. സ്‌കൂളിൻ്റെ തുടക്കത്തിൽ ഒരു മോട്ടിവേഷൻ, സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് വേണ്ടി മറ്റൊരു മോട്ടിവേഷൻ, അങ്ങനെ പലവിധ മോട്ടിവേഷനുകളാണ് ഇവിടെ നടക്കുന്നത്. മോട്ടിവേഷൻ ക്ലാസ് ഇല്ലെങ്കിൽ സ്ഥാപനത്തിൻ്റെ ഡിമാൻ്റ് പോയി എന്ന് ചിന്തിക്കുന്നവരാണ് വിദ്യാസമ്പരെന്ന് പറയുന്ന ചില ഇവിടുത്തെ പല സ്ഥാപനങ്ങളുടെയും മേധാവികൾ. മോട്ടിവേഷൻ ട്രെയിനിംഗ് എന്ന് പറഞ്ഞ് വാരിക്കോരിയാണ് പണം ചെലവഴിക്കുന്നത്. സ്‌കൂളുകളിൽ ആണെങ്കിൽ ഇതിൻ്റെ തുക ഫീസിൻ്റെ കൂടെ കുട്ടികളിൽ നിന്ന് ഇടാക്കുന്നവരും ഇന്ന് ഒട്ടും കുറവല്ല. 

ഇത് ശരിക്കും ബിസിനസ് ആണെന്ന് മനസിലാക്കി സൂട്ടും, കോട്ടും, ടൈയ്യും ഒക്കെ കെട്ടി മോട്ടിവേഷണൽ ട്രെയിനർമാർ ആണെന്ന് പറഞ്ഞ് ധാരാളം പേർ ഇറങ്ങുന്നുണ്ട്. ഇതിൽ 90 ശതമാനം പേരും വ്യാജന്മാർ ആണ്. ഒന്നോ, രണ്ടോ ഇരകളെ സ്വാധീനിച്ച് എടുക്കും. പിന്നീട് അത് പ്രെമോട്ട് ചെയ്ത വലിയ ബിസിനസ് ശൃഖല ഇവർ വളർത്തിയെടുക്കും. കാശ് കൊടുത്ത് പബ്ലിസിറ്റി ഉണ്ടാക്കും. പലരും ഇവരുടെ വലയിൽ ചെന്ന് വീഴുകയും ചെയ്യും. ഇവർക്ക് താൻ പറയുന്നതിനെപറ്റി യാതൊരു പ്രായോഗിക അറിവും കാണില്ല. അവിടുന്നും ഇവിടുന്നുമൊക്കെ കേട്ടതൊക്കൊ തൻ്റേതായ ശൈലിയിൽ അങ്ങ് തട്ടിവിടുന്നു. അല്പം വാചകം പൊതുസമക്ഷത്തിൽ അടിക്കാൻ തൊലിക്കട്ടിയുള്ളവർക്ക് ഇത് നല്ലൊരു ബിസിനസ് ആണ്. 

എന്നാൽ ശരിക്കും മോട്ടിവേഷണൽ ട്രെയിനർമാർ നമ്മൾ അറിയാതെ നമ്മുടെ സ്ഥാപനത്തിൽ ഉണ്ട്. പക്ഷേ, അവരെ നമ്മൾ തിരിച്ചറിയുന്നില്ലെന്ന് മാത്രം. ആരാണ് ശരിക്കും നമ്മുടെ മോട്ടിവേറ്റർ. അതിനെക്കുറിച്ച് സെബാസ്റ്റ്യൻ അരശ്ശേരിൽ എഴുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. അതിൽ പറയുന്ന കാര്യങ്ങൾ കേട്ടാൽ ഇതിൽപ്പരം മറ്റൊരു മോട്ടിവേഷണൽ ട്രെയിനർ നമുക്ക് ഇല്ലെന്ന് ചിന്തിച്ചു പോകുക സ്വാഭാവികം. അത് ഇങ്ങനെയാണ്:

നമ്മളൊക്കെ എത്രയെത്ര മോട്ടിവേഷൻ ക്ലാസ്സിൽ പങ്കെടുത്തിരിക്കുന്നു. അവസാനം മോട്ടിവേഷൻ സ്‌പീക്കർ പറയുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട്. 1. അസാധ്യമായി ഒന്നും ഇല്ല (ഐസക്ക് ന്യൂട്ടന്റ തലയിൽ തേങ്ങ വീണതുമുതൽ പുള്ളിക്കാരന്റെ വീടിനടുത്തു ഓലവിറ്റ് കോടീശ്വരിയായ മറിയകുട്ടി ചേച്ചിയുടെ കഥവരെ നമ്മളെ കേൾപ്പിക്കും) 2. നിങ്ങളെ കൊണ്ട് കഴിയും. നിങ്ങളെ കൊണ്ടേ കഴിയൂ (കൂടെ ഔസേപ്പ് ചിറ്റിലപ്പള്ളി സൈക്കിളിൽ സ്റ്റബിലൈസർ വിറ്റ് നടന്നു കോടീശ്വരൻ ആയതും കെ.എഫ്.സി കോഴി വറുത്തു കൊടുത്ത് കോടീശ്വരൻ ആയതും ചായ വിറ്റ് തട്ടുകടക്കാരൻ കോടീശ്വരൻ ആയ കഥയും നമ്മളെ കേൾപ്പിക്കും) 3. ആത്മ വിശ്വാസം (ഉദാഹരങ്ങൾ വേണ്ടുവോളം) 4.റൈറ്റ് ടൈം (ശരിയായ സമയം) അത് ഇന്നും വരാത്തത് കൊണ്ടാണല്ലോ ഇപ്പോഴും ഇങ്ങനെ ഉള്ളവരുടെ മുന്നിൽ പോയി ഇരുന്ന് കൊടുക്കേണ്ടി വരുന്നത്.

പത്തിരുപത്തിയഞ്ചു വർഷമായി നമ്മളിങ്ങനെ മാർക്കറ്റിങ്ങും സെയിൽസും പ്രോഡക്റ്റ് പ്രൊമോഷനുമൊക്കെയായി കേരളം മുഴുവൻ കറങ്ങി നടക്കുന്നു. എല്ലാ കമ്പനിക്കാരും മൂന്ന് മാസത്തിൽ ഒരിക്കൽ ഇതുപോലുള്ള മോട്ടിവേഷൻ ക്ണാപ്പന്മാരുടെ മുന്നിൽ കൊണ്ടേ ഇരുത്താറുണ്ട്. ഇന്നുവരെ നമുക്ക് ഇതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. വെറുതെ എ സി ഹാളിൽ  ഉറക്കം വന്നിട്ടും ഒന്നു കണ്ണടയ്ക്കാൻ പോലും കഴിയാതെ നിസ്സഹായ അവസ്ഥയിൽ കണ്ണും മിഴിച്ചു അവരുടെ മുന്നിൽ കുത്തി ഇരിക്കാം എന്ന് മാത്രം. യഥാർത്ഥ മോട്ടിവേഷൻ എന്ന് പറയുന്നത് നമ്മുടെ ബോസ് മാസം അവസാനിക്കാറാകുമ്പോൾ പറയുന്ന ഒരു ഡയലോഗ് ഉണ്ട്. മിസ്റ്റർ സെബാസ്റ്റ്യൻ ഇത്തവണയും താങ്കൾ ടാർഗറ്റ് എത്തിയില്ലെങ്കിൽ മിക്കവാറും കമ്പനി സാലറി പിടിച്ചു വെക്കും, വേറേ ജോലി നോക്കേണ്ടി വരും എന്ന്. അപ്പോൾ കിട്ടുന്ന ഒരു എനർജി ഉണ്ട്. അതാണ് യഥാർത്ഥ മോട്ടിവേഷൻ. 

ഇതാണ് ആ കുറിപ്പ്. എങ്ങനെയുണ്ട്. ഇത് സത്യമല്ലേ? തീർച്ചയായും ഇത് വായിച്ചു കഴിയുമ്പോൾ ഇതാണ് ശരിക്കുമുള്ള യാഥാർത്ഥ്യമെന്ന് ചിന്തിച്ചു പോകുക സ്വഭാവികം. ശരിക്കും നമുക്ക് ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ കഴിവുണ്ട്. അത് മനസ്സിലാക്കി അധ്വാനിക്കാൻ തയ്യാറായാൽ ഏതൊരാൾക്കും ജീവിതവിജയം നേടാം. അവരാകും വരും തലമുറയ്ക്ക് മോട്ടിവേഷൻ കൊടുക്കാൻ പറ്റുന്ന നല്ല മോട്ടിവേഷണൽ ട്രെയിനർമാർ. അതിന് വിദ്യാഭ്യാസമൊന്നും മാനദണ്ഡമല്ല. അഭിരുചിയാണ് എല്ലാത്തിൻ്റെയും അളവുകോൽ.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia