Disaster | വയനാട് ദുരന്തം: കുടുങ്ങിക്കിടന്ന എല്ലാവരെയും രക്ഷിച്ചതായി ഫയർ ഫോഴ്സ് ; 125 മരണം സ്ഥിരീകരിച്ചു


വായനാട്: (KVARTHA) മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുങ്ങിക്കിടന്ന എല്ലാവരെയും രക്ഷിച്ചതായി ഫയർ ഫോഴ്സ് അറിയിച്ചു.
മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളിൽ നിന്നായിരുന്നു രക്ഷാപ്രവർത്തനം നടന്നത്. ഈ മേഖലയിൽ ഉണ്ടായിരുന്ന മൃതദേഹങ്ങളെല്ലാം താഴെയെത്തിച്ച് മേപ്പാടി ആശുപത്രിയിലേക്ക് മാറ്റി. ഇന്നത്തേക്ക് രക്ഷാപ്രവർത്തനം നിർത്തിയെങ്കിലും നാളെ രാവിലെ ഏഴ് മണിയോടെ തെരച്ചിൽ പുനരാരംഭിക്കും.
രാത്രി 2.45 ഓടെ സംഭവിച്ച ഈ ദുരന്തത്തിൽ ഇതുവരെ 125 പേർ മരിച്ചു. 100 ഓളം പേരെ കാണാതായി. 130 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുരന്തത്തിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമുട്ടം ഭാഗത്തേക്ക് കയർ കെട്ടി താൽക്കാലിക പാലം നിർമ്മിച്ച് 200 ഓളം പേരെ രക്ഷിച്ചു. എന്നാൽ ഇപ്പോഴും പല ഭാഗത്തായി ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന.