Recruitment |  ഉദ്യോഗാർഥികൾ ശ്രദ്ധിക്കുക: ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ഫെബ്രുവരി 1 മുതൽ തൃശൂരിൽ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം 

 
 Thrissur Army Recruitment Rally Venue,  Thrissur Municipal Stadium
 Thrissur Army Recruitment Rally Venue,  Thrissur Municipal Stadium

Photo: PRD Thrissur

● തൃശൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ രാവിലെ 6 മണിക്ക് റാലി ആരംഭിക്കും.
● റാലിയിൽ പങ്കെടുക്കുന്നതിനായി അഡ്മിറ്റ് കാർഡ് നിർബന്ധമാണ്.
● ജില്ലാ ഭരണകൂടം വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

തൃശൂർ: (KVARTHA) ഇന്ത്യൻ ആർമിയിലേക്ക് അഗ്നിപഥ് പദ്ധതി പ്രകാരമുള്ള റിക്രൂട്ട്‌മെന്റ് റാലി തൃശൂരിൽ ഫെബ്രുവരി ഒന്ന് മുതൽ ഏഴ് വരെ നടക്കും. 2019 ന് ശേഷം ഇതാദ്യമായാണ് തൃശൂർ ജില്ല ഇങ്ങനെയൊരു റാലിക്ക് ആതിഥേയത്വം വഹിക്കുന്നത്. തൃശൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന റാലി രാവിലെ 6 മണിക്ക് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഫ്ലാഗ് ഓഫ് ചെയ്യും.

വിപുലമായ സൗകര്യങ്ങൾ

ജില്ലാ ഭരണകൂടം റാലിക്കുവേണ്ടി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മറ്റു ജില്ലകളിൽ നിന്നും വരുന്ന ഉദ്യോഗാർത്ഥികൾക്ക് സഹായം നൽകാനായി തൃശൂർ റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, ശക്തൻ സ്റ്റാൻഡ് എന്നിവിടങ്ങളിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കും. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമും, ആംബുലൻസ് സൗകര്യവും ഉണ്ടായിരിക്കും. ഉദ്യോഗാർത്ഥികൾക്കും, ആർമി ഉദ്യോഗസ്ഥർക്കും മിതമായ നിരക്കിൽ ഭക്ഷണം ലഭിക്കുന്നതിന് കുടുംബശ്രീ ഫുഡ് സ്റ്റാളുകളും ഉണ്ടായിരിക്കും.

ഒരുക്കങ്ങൾ വിലയിരുത്തി

റാലിയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഇന്ന് (ജനുവരി 29) തൃശ്ശൂർ മുനിസിപ്പൽ സ്റ്റേഡിയം സന്ദർശിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി, എ.ആർ.ഒ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മേജർ അൻമോൾ പരാഷർ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു. ഇതിനു മുന്നോടിയായി കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം റാലിയുടെ തയ്യാറെടുപ്പുകൾ വിലയിരുത്തിയിരുന്നു.

വിവിധ ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ

കോഴിക്കോട്, കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, വയനാട്, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട 3381 ഉദ്യോഗാർത്ഥികൾ റാലിയിൽ പങ്കെടുക്കും. ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, ദീർഘദൂര ഓട്ടം ഉൾപ്പെടെയുള്ള ഫിസിക്കൽ ടെസ്റ്റ്, വൈദ്യ പരിശോധന എന്നീ ഘട്ടങ്ങളാണ് റിക്രൂട്ട്‌മെന്റ് റാലിയിൽ ഉണ്ടാവുക. ഇതിനു ശേഷം തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ ചുരുക്ക പട്ടിക തയ്യാറാക്കും.

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

കോമൺ എൻട്രൻസ് എക്സാം (സിഇഇ) വഴി തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ ചുരുക്കപ്പട്ടിക www(dot)joinindianarmy(dot)nic(dot)in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഡ്മിറ്റ് കാർഡ് രജിസ്റ്റർ ചെയ്ത ഇ-മെയിൽ വിലാസത്തിൽ 2024 ഡിസംബർ 15 ന് അയച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് www(dot)joinindianarmy(dot)nic(dot)in എന്ന വെബ്സൈറ്റിൽ നിന്നും അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണെന്ന് ആർമി റിക്രൂട്ട്മെന്റ് ഓഫീസർ അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവർക്കും ഷെയർ ചെയ്യുക. അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

An Army Recruitment Rally under the Agnipath scheme will be held in Thrissur from February 1st to 7th. This is the first such rally in Thrissur since 2019. The rally will be held at the Thrissur Municipal Stadium and will be flagged off by the District Collector. Candidates from various districts will participate in the rally. The recruitment process will include certificate verification, physical tests, and medical examinations.

#ArmyRecruitment #ThrissurRally #AgnipathScheme #IndianArmy #JobOpportunity #KeralaJobs

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia