Tragedy | പരിയാരം മെഡിക്കൽ കോളജിൽ പ്രസവത്തിനിടെ യുവതി മരിച്ചു; കുഞ്ഞ് ഗുരുതരാവസ്ഥയിൽ


● എട്ടുമാസം ഗർഭിണിയായ യുവതിയാണ് മരണപ്പെട്ടത്.
● ഗർഭകാല രോഗമാണ് മരണകാരണമായത്.
● സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞ് വെൻ്റിലേറ്ററിൽ.
● പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
തളിപ്പറമ്പ്: (KVARTHA) പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ എട്ടുമാസം ഗർഭിണിയായ യുവതി മരണപ്പെട്ടു. പയ്യന്നൂർ തെക്കെ മമ്പലത്തെ കാനായി വീട്ടിൽ കെ. പാർവ്വതി (23) ആണ് ഇന്ന് (ഏപ്രിൽ 11, വെള്ളി) രാവിലെ ആറുമണിയോടെ മരിച്ചത്.
കടുത്ത ശ്വാസംമുട്ടലുമായി ഇന്നലെ രാത്രി 11.30നാണ് പാർവ്വതിയെ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്. ഗർഭകാലത്ത് ഉണ്ടാകുന്ന മയോപ്പതി എന്ന രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന പാർവ്വതിയുടെ കുഞ്ഞിനെ രക്ഷിക്കാനായി ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ ശ്രമിച്ചു. എന്നാൽ ശസ്ത്രക്രിയക്കിടെ മൂന്നുതവണ ഹൃദയാഘാതം ഉണ്ടാവുകയും യുവതി മരണപ്പെടുകയുമായിരുന്നു. സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞിൻ്റെ നില ഗുരുതരമായി തുടരുകയാണ്. കുഞ്ഞ് നിലവിൽ നവജാതശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ വെൻ്റിലേറ്ററിലാണ്.
നീലേശ്വരത്തെ പി. പവിത്രൻ-കെ. ഗീത ദമ്പതികളുടെ മകളാണ് മരിച്ച പാർവ്വതി. ഭർത്താവ് തളിപ്പറമ്പ് നരിക്കോട്ടെ വിധു ജയരാജാണ്. ഏക സഹോദരി ശ്രീലക്ഷ്മി. സംഭവത്തിൽ പരിയാരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാളെ (ഏപ്രിൽ 12, ശനി) രാവിലെ പതിനൊന്ന് മണിക്ക് സമുദായ ശ്മശാനത്തിൽ സംസ്കാരം നടക്കും.
A 23-year-old pregnant woman died during childbirth at Pariyaram Medical College in Kannur. She was admitted with severe breathing difficulties and suffered cardiac arrests during an emergency C-section to save her baby, who is now in critical condition. Police have registered a case of unnatural death.
#PariyaramMedicalCollege, #MaternalDeath, #InfantCritical, #KannurNews, #MedicalTragedy, #Kerala