Lung Cancer | ഓഗസ്റ്റ് 1, ശ്വാസകോശ കാൻസർ ദിനം: ജാഗ്രതയാണ് പ്രതിരോധം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


ശ്വാസകോശ അർബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ പലപ്പോഴും അവഗണിക്കപ്പെടാറാണ്. നിരന്തരമായ ചുമ, കഫത്തിൽ രക്തം, ശ്വാസതടസ്സം, ശബ്ദത്തിൽ മാറ്റം, നിരന്തരമായ ക്ഷീണം, ശരീരഭാരം കുറയൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ
ന്യൂഡൽഹി: (KVARTHA) ഓഗസ്റ്റ് ഒന്ന് ശ്വാസ കോശ കാൻസർ ദിനം (Lung Cancer Day) ആയി ആചരിക്കുന്നു. ശ്വാസ കോശ അർബുദത്തെ കുറിച്ചു കൂടുതൽ അറിയാനും ആളുകൾക്കിടയിലുള്ള തെറ്റിദ്ധാരണകൾ ഒഴിവാക്കാനും രോഗികൾക്ക് (Patients) ആത്മവിശ്വാസം (Confidence) പകർന്ന് നൽകാനും കൂടിയാണ് ഇങ്ങനൊരു ദിനം. രോഗത്തെ കുറിച്ചുള്ള കൂടുതൽ അറിവുകൾ (Knowledge), ചികിത്സ (Treatment) രീതികൾ ഇവയെല്ലാം ആളുകൾക്കിടയിൽ അവബോധം സൃഷ്ടിക്കാനുള്ള ഒരവസരമായി ഈ ദിനം വിനിയോഗിക്കാം.
ശ്വാസകോശ അർബുദം
ശ്വാസകോശത്തിലെ കോശങ്ങൾ അനിയന്ത്രിതമായി വളരുന്ന ഒരു രോഗാവസ്ഥയാണ് ശ്വാസകോശ അർബുദം. പൊതുവെ എല്ലാ അർബുദങ്ങൾക്കും അതിന്റെതായ കാഠിന്യം ഉണ്ടെങ്കിലും ശ്വാസ കോശ അർബുദം എന്ന് പറയുന്നത് ഏറ്റവും അപകടകരമായ ഒന്നാണ്. പ്രാരംഭ ഘട്ടത്തിലുള്ള ലക്ഷണങ്ങൾ പലപ്പോഴും തിരിച്ചറിയാൻ കഴിയാറില്ല. രോഗം മൂർച്ഛിച്ച അവസ്ഥയിൽ തിരിച്ചറിയുന്നത് കൊണ്ടാണ് പലപ്പോഴും ഇത് കൂടുതൽ അപകടമാകുന്നത്. ഇത് കൂടുതലായും ബാധിക്കുന്നത് പുരുഷന്മാരെയാണ്.
പുകവലിയാണ് (Smoking) ഇതിന്റെ പ്രധാന കാരണം എന്നാണ് പഠനങ്ങൾ പറയുന്നത്. വായു മലിനീകരണം (Air pollution) കൊണ്ടും ഈ അർബുദം പിടിപെടാം. പുകവലി ശീലം (Habit) ഇല്ലെങ്കിലും മറ്റുള്ളവർ പുകവലിക്കുമ്പോൾ ശ്വസിച്ചാലും ബുദ്ധിമുട്ടാണ്. പലപ്പോഴും നമ്മള്‍ ശ്രദ്ധിക്കാത്ത കാര്യം കൂടിയാണ് ഇത്.
ലക്ഷണങ്ങൾ
നിർത്താതെയുള്ള നിരന്തരമായ ചുമ
കഫത്തിൽ രക്തം കാണുക
ശ്വാസ തടസം
ശബ്ദത്തിൽ പെട്ടെന്ന് ഉണ്ടാകുന്ന മാറ്റം
നിരന്തരമായ ക്ഷീണം
പെട്ടെന്നുള്ള ശരീര ഭാരം കുറയൽ
ചുമയ്ക്കുമ്പോൾ രക്തം തുപ്പുക
ചുമ കാരണം ഉണ്ടാകുന്ന നെഞ്ചു വേദന
എന്നാൽ ഈ ലക്ഷണങ്ങൾ മറ്റ് രോഗങ്ങൾക്കും ഉണ്ടാകാമെന്നതിനാൽ, ഏതെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഒരു ഡോക്ടറെ കണ്ട് പരിശോധിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
മുൻകരുതൽ
പലപ്പോഴും തൊഴിലിടങ്ങളിൽ നിന്നും വിഷാംശമുള്ള പുക ശ്വസിക്കുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കാതെ പോകരുത്. തീർച്ചയായും മാസ്ക് ഉപയോഗിച്ചു സ്വയം രക്ഷ ഉറപ്പ് വരുത്തുക. പുകവലി പോലെയുള്ള അനാവശ്യ ശീലങ്ങൾ ഒഴിവാക്കുക. നല്ല ഭക്ഷണവും വ്യായാമവും ആരോഗ്യകരമായ ഉറക്കവും നിർബന്ധമായും പിന്തുടരുക.
ശ്വാസകോശ അർബുദം ഒരു ഗുരുതരമായ രോഗമാണെങ്കിലും, നേരത്തേ കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്താൽ ഭേദമാക്കാം. അതിനാൽ, ശ്വാസകോശ അർബുദത്തെക്കുറിച്ച് അവബോധം വളർത്തി, പ്രതിരോധ നടപടികൾ സ്വീകരിക്കുക.