Gynaecology | മൂന്നു മാസം കൂടുമ്പോൾ, സ്ത്രീകൾ നടത്തേണ്ടുന്ന 9 ആരോഗ്യ പരിശോധനകൾ

 
women must do these 9 crucial tests every 3-4 months for the


മൂന്നു മാസത്തെ ഇടവേളകളിൽ, രക്തസമ്മർദം പരിശോധിക്കുന്നത് വഴി, ഗുരുതരമായ പല രോഗങ്ങളെയും, അകറ്റി നിർത്താൻ സാധിക്കും

ന്യൂഡെൽഹി: (KVARTHA) സ്ത്രീകളുടെ സുഗമമായ ജീവിതത്തിന്, പതിവായ ആരോഗ്യ പരിശോധനകൾ  വളരെ അത്യാവശ്യമാണ്. ആരോഗ്യം ഉറപ്പു വരുത്തുന്നതിനും, രോഗനിർണയം നേരത്തേ സാധ്യമാക്കുന്നതിനും ചില പരിശോധനകൾ നടത്തുന്നത് വളരെ നല്ലതാണ്.

സ്തനാർബുദം, അണ്ഡാശയരോഗം, ഗർഭാശയ അർബുദം എന്നിവ ഇക്കാലത്ത് സാധാരണമാണെന്ന് അറിയാമല്ലോ, അവയ്ക്ക് സമയബന്ധിതമായ രോഗനിർണയം ആവശ്യമാണ്, ഇതിന് പതിവ് പരിശോധനകൾ നടത്തേണ്ടതുണ്ട്. കൂടാതെ, അസ്ഥികളുടെ സാന്ദ്രത പരിശോധിക്കേണ്ടതും വളരെ അത്യാവശ്യമാണ്.

പ്രസവസംബന്ധമായ പ്രശ്നങ്ങൾ, ഹോർമോൺ ഏറ്റക്കുറച്ചിലുകൾ, ഗർഭധാരണ സംബന്ധമായ സങ്കീർണതകൾ തുടങ്ങിയ വെല്ലുവിളികൾ സ്ത്രീകൾ നേരിടുന്നതിനാൽ, ഈ ആശങ്കകൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ പതിവ് പരിശോധനകൾ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. സ്ത്രീകൾ പലപ്പോഴും സ്വന്തം കുടുംബത്തിൻ്റെ ആരോഗ്യത്തിനാണ് മുൻഗണന നൽകാറുള്ളത്. എന്നാൽ സ്വന്തം ആരോഗ്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് അവരെ ബോധ്യപ്പെടുത്താൻ കൂടി ഈ പരിശോധനകൾ ഉപകരിക്കും.


രക്തസമ്മർദ പരിശോധന

ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങൾ തടയാൻ, രക്താതിമർദം നേരത്തേ കണ്ടെത്തണം. മൂന്നു മാസത്തെ ഇടവേളകളിൽ, രക്തസമ്മർദം പരിശോധിക്കുന്നത് വഴി, ഗുരുതരമായ ഹൃദയ രോഗങ്ങൾ ഒഴിവാക്കാനാകും. കൃത്യമായ സമയത്ത് രക്താതിമർദം കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ, ഹൃദയം, തലച്ചോറ്, വൃക്കകൾ, മറ്റ് അവയവങ്ങൾ എന്നിവയെ ഇതു തകരാറിലാക്കും. 

ഗ്ലൂക്കോസ് പരിശോധന

കൃത്യമായ ഇടവേളകളിൽ ഗ്ലൂക്കോസ് പരിശോധന നടത്തുന്നതു വഴി പ്രമേഹസംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനാകുന്നു. ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ രോഗങ്ങളെ നേരത്തേ കണ്ടുപിടിച്ച് ചെറു ത്തു നിർത്താനും കഴിയും.  
കൊളസ്ട്രോൾ പരിശോധന

പതിവായി കൊളസ്‌ട്രോൾ പരിശോധന നടത്തുന്നത് ഹൃദ്രോഗം തടയുകയും ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യും. അതോടൊപ്പം, കൊറോണറി ആർട്ടറി രോഗം, പെരിഫറൽ ആർട്ടറി രോഗം എന്നിവ ഒഴിവാക്കാനുമാകും. ഹൃദ്രോഗം തടയുന്നതിനും ഹൃദയാരോഗ്യം നിലനിറുത്തുന്നതിനും ഉയർന്ന കൊളസ്‌ട്രോൾ നേരത്തേ കണ്ടെത്തി കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. 

പാപ് സ്മിയർ പരിശോധന

സെർവിക്കൽ കാൻസർ നേരത്തേ കണ്ടുപിടിക്കാൻ പാപ് സ്മിയർ പരിശോധന സഹായിക്കുന്നു. ഗർഭാശയ കാൻസർ, എച്ച് പി വി (HPV) സംബന്ധമായ കാൻസർ, കാൻസർ ചികിത്സ മൂലമുള്ള ഫെർട്ടിലിറ്റി പ്രശ്നങ്ങൾ എന്നിവ ഒഴിവാക്കാൻ ഈ പരിശോധന സ്ത്രീകളെ സഹായിക്കും. സെർവിക്കൽ കാൻസർ, പ്രാരംഭ ഘട്ടത്തിൽ കാര്യമായ ലക്ഷണങ്ങളൊന്നും തന്നെ കാട്ടാറില്ല, അതിനാൽ നേരത്തെ കണ്ടുപിടിക്കുന്നതിനും ചികിത്സിക്കുന്നതിനും പാപ് സ്മിയർ ആവശ്യമാണ്. അസാധാരണമായ സെർവിക്കൽ കോശങ്ങൾ നേരത്തേ കണ്ടെത്താൻ ഈ പരിശേധനയ്ക്കു സാധിക്കും. 

മാമോഗ്രാം പരിശോധന

മാമോഗ്രാം ചെയ്യുക വഴി, സ്തനാർബുദം നേരത്തേ കണ്ടെത്താനും, രോഗമൂർച്ച തടയാനും, അതിജീവന നിരക്ക് കൂട്ടാനും സാധിക്കും. രോഗം നേരത്തേ കണ്ടുപിടിക്കുന്നതിലൂടെ, മാസ്റ്റെക്ടമി, കീമോതെറാപ്പി എന്നിവ ഒഴിവാക്കാനാകും. സ്തന കോശങ്ങളിലെ കാൻസർ അല്ലെങ്കിൽ അർബുദത്തിന് മുമ്പുള്ള മാറ്റങ്ങളെ സൂചിപ്പിക്കുന്ന മുഴകളോ, കാൽസിഫിക്കേഷനുകളോ ഉണ്ടെങ്കിൽ, മാമോഗ്രാം ചെയ്യുന്നതിലൂടെ, അതു കണ്ടെത്താൻ കഴിയും. 

എല്ല് പരിശോധന

അസ്ഥിയുടെ സാന്ദ്രത പരിശോധിക്കുന്നത് വഴി ഇടുപ്പ്, കശേരുക്കൾ, കൈത്തണ്ട എന്നിവിടങ്ങളിൽ എല്ലുകൾക്ക് എത്രമാത്രം സാന്ദ്രത ഉണ്ടെന്ന് അറിയാൻ കഴിയും. ഇതു വഴി മികച്ച ചികിത്സ സാധ്യമാക്കാനും, ഒടിവുകൾക്കുള്ള സാധ്യത കുറക്കാനും സാധിക്കുന്നു.   

തൈറോയ്ഡ് പരിശോധന

ഹൈപ്പോതൈറോയിഡിസം, ഹൈപ്പർതൈറോയിഡിസം തുടങ്ങിയ തകരാറുകൾ പതിവായി സ്ത്രീകളിൽ കണ്ടു വരുന്നു. ഈ പരിശോധന വഴി ഗോയിറ്റർ, തൈറോയ്ഡ് നോഡ്യൂൾസ്, തൈറോയ്ഡ് കാൻസർ എന്നിവ കണ്ടെത്താനും ആവശ്യമായ ചികിത്സ ഉറപ്പു വരുത്താനും സാധിക്കുന്നു.  

കൊളോനോസ്കോപ്പി

45 വയസ്സ് മുതൽ പതിവായി കൊളോനോസ്കോപ്പി ചെയ്യുന്നത്, വൻകുടൽ കാൻസറിനെ തടയാനും, അതിജീവന നിരക്ക് മെച്ചപ്പെടുത്താനും സഹായിക്കും. അർബുദത്തിന് മുമ്പുള്ള പോളിപ്‌സ് നേരത്തേ കണ്ടുപിടിക്കുന്നതിലൂടെ,  വൻകുടൽ കാൻസറിൻ്റെ ആഘാതം കുറക്കാൻ സാധിക്കുന്നു.

ചർമ പരിശോധന

പതിവായി ചർമ പരിശോധന നടത്തുന്നത്, നോൺ-മെലനോമ സ്കിൻ ക്യാൻസറുകൾ തടയാൻ സഹായിക്കുന്നു. മെറ്റാസ്റ്റാസിസിൻ്റെ സാധ്യത കുറയ്ക്കുകയും ചികിത്സാ ഫലങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.  

കൃത്യമായ പരിശോധനകൾ ഉറപ്പുവരുത്തുന്നതു വഴി, നേരത്തേയുള്ള രോഗനിർണയവും ആഘാതം കുറയ്ക്കലും സാധ്യമാകുന്നു എന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടുന്ന വസ്തുത. അറിവില്ലായ്മ കൊണ്ടോ പരിശോധനകളോടുള്ള വിമുഖത കൊണ്ടോ ഒരുപക്ഷേ വലിയ രോഗാവസ്ഥയിലേക്ക് ചെന്നെത്താൻ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ, കൃത്യമായ ഇടവേളകളിൽ മേൽപറഞ്ഞ പരിശോധനകൾ നടത്തേണ്ടത് വളരെ അത്യാവശ്യമാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia