Health Scheme | ആയുഷ്മാൻ ഭാരത് യോജനയുടെ പ്രയോജനം ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ലഭിക്കുമോ? അറിയാം
● ഇതിലൂടെ അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നേടാം.
● ആയുഷ്മാൻ ഭാരത് യോജനയിൽ ഒരു കുടുംബത്തിലെ എത്ര പേർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും എന്നതിന് ഒരു നിശ്ചിത പരിധി നിശ്ചയിച്ചിട്ടില്ല.
● യോഗ്യതയുള്ള ഓരോ അംഗവും പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.
ന്യൂഡൽഹി: (KVARTHA) ഇന്ത്യയിലെ കോടികണക്കിന് ആളുകളുടെ ജീവിതത്തിൽ വലിയ മാറ്റം കൊണ്ടുവന്ന പദ്ധതിയാണ് ആയുഷ്മാൻ ഭാരത് യോജന. കേന്ദ്ര സർക്കാരിന്റെ ഈ ആരോഗ്യ പദ്ധതിക്ക് അപേക്ഷിച്ചാൽ ആയുഷ്മാൻ കാർഡ് ലഭിക്കും. ഇതിലൂടെ അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നേടാം. പാവപ്പെട്ടവർക്ക് സൗജന്യ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്ന ഈ പദ്ധതിയിൽ പലർക്കും ഉണ്ടാകുന്ന ഒരു പ്രധാന സംശയമാണ് ഒരു കുടുംബത്തിലെ എത്ര പേർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും എന്നത്.
കുടുംബത്തിലെ എത്ര അംഗങ്ങൾക്ക് ആയുഷ്മാൻ കാർഡ് ഉണ്ടാക്കാം?
ആയുഷ്മാൻ ഭാരത് യോജനയിൽ ഒരു കുടുംബത്തിലെ എത്ര പേർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും എന്നതിന് ഒരു നിശ്ചിത പരിധി നിശ്ചയിച്ചിട്ടില്ല. അതായത്, ഒരു കുടുംബത്തിലെ എല്ലവർക്കും ആയുഷ്മാൻ കാർഡ് ഉണ്ടാക്കാനും ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ നേടാനും കഴിയും. എന്നാൽ, ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും ഈ പദ്ധതിക്ക് യോഗ്യരായിരിക്കണം. യോഗ്യതയുള്ള ഓരോ അംഗവും പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.
രാജ്യത്തുടനീളമുള്ള 29,000 ലിസ്റ്റുചെയ്‌ത ആശുപത്രികളിൽ അർഹരായ ഗുണഭോക്താക്കൾക്ക് പണരഹിതമായ ആധുനിക ആരോഗ്യ സേവനങ്ങൾ ഈ പദ്ധതി വഴി ലഭ്യമാക്കുന്നു. ഇപ്പോൾ 70 വയസ്സിന് മുകളിലുള്ള എല്ലാ മുതിർന്ന പൗരന്മാരെയും പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും 4.5 കോടി കുടുംബങ്ങളിലെ ആറ് കോടി മുതിർന്ന പൗരന്മാർക്ക് അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയാണ് ഈ തീരുമാനത്തിൻ്റെ ലക്ഷ്യമെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.
ഈ പദ്ധതി പ്രകാരം അർഹരായ ഗുണഭോക്താക്കൾക്ക് പുതിയ പ്രത്യേക കാർഡ് ലഭിക്കും. മുതിർന്ന പൗരന്മാർ നിലവിൽ ഏതെങ്കിലും കേന്ദ്ര സർക്കാർ ആരോഗ്യ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, അവർക്ക് ആയുഷ്‌മാൻ ഭാരതിലേക്ക് മാറാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും.
ഇന്ത്യയിൽ എവിടെയുമുള്ള എംപാനൽ ചെയ്യ ആശുപത്രികളിൽ നിന്നും ഈ പദ്ധതിയിലെ അംഗങ്ങൾക്ക് സൗജന്യ ചികിത്സ ലഭ്യമാണ്. ഇതിനായി ആശുപത്രിയിൽ പണം നൽകുകയോ, നിക്ഷേപിക്കുകയോ ചെയ്യേണ്ടതില്ല. പദ്ധതിയിൽ ഉൾപ്പെട്ട ആശുപത്രികളെക്കുറിച്ച് അറിയുന്നതിനും സംശയങ്ങൾക്കും. പരാതികൾ സമർപ്പിക്കുന്നതിനും, വിവരങ്ങൾക്കുമായി ദിശ ടോൾ ഫ്രീ നമ്പർ 1056, അല്ലെങ്കിൽ 104, അല്ലെങ്കിൽ ആയുഷ് മാൻ ടോൾ ഫ്രീ നമ്പർ 14555ൽ വിളിക്കാവുന്നതാണ്.
#AyushmanBharat, #HealthScheme, #FreeHealthcare, #SeniorCitizens, #FamilyBenefits, #India