Health | ആരോഗ്യ സേവനങ്ങളുടെ യാഥാർഥ്യം സാമ്പത്തിക സർവേയിൽ നിന്ന് വ്യത്യസ്തം! ആരോഗ്യമേഖലയ്ക്കുള്ള വിഹിതം കേന്ദ്രസര്‍ക്കാര്‍ കൂട്ടാത്തത് എന്തുകൊണ്ട്?

 
Health
Health

Image generated by Meta AI

ജനങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു

ആദിത്യൻ ആറന്മുള 

 

(KVARTHA) രാജ്യത്തെ ആരോഗ്യ സംവിധാനത്തിന്റെ (Health Sector) യാഥാര്‍ത്ഥ അവസ്ഥ സാമ്പത്തിക സര്‍വേയില്‍ (Economic Survey) പറഞ്ഞിരിക്കുന്ന 'നേട്ടങ്ങളില്‍' നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.  ഇന്ത്യന്‍ ആരോഗ്യ സംവിധാനം ഏറെ നവീകരിച്ചിട്ടുണ്ടെന്നാണ്  2023-24 സാമ്പത്തിക സര്‍വേ പറയുന്നത്. ഇത് യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടില്ലെന്ന് ആരോഗ്യ സംരംഭങ്ങളുടെ സൂക്ഷ്‌മ  വിശകലനം പരിശോധിച്ചാല്‍ വ്യക്തമാകുന്നതെന്നാണ് റിപ്പോർട്ടുകൾ. സാമ്പത്തിക സര്‍വേയില്‍ നിന്ന് പുറത്തുവരുന്ന ഏറ്റവും വലിയ ആശങ്കകളിലൊന്ന് ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ ചെലവ് വര്‍ദ്ധിപ്പിക്കുന്നില്ല എന്നതാണ്. 

സാമ്പത്തിക സര്‍വേ പ്രകാരം, 2022-23 വര്‍ഷത്തെ മൊത്തെ ആഭ്യന്തര ഉല്‍പാദനത്തിന്റെ (GDP) 1.9 ശതമാനം മാത്രമാണ് ആരോഗ്യമേഖലയിലെ ചെലവ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത് വര്‍ദ്ധിച്ചിട്ടില്ല. ഈ 1.9% വിഹിതത്തില്‍ ആരോഗ്യം, കുടുംബക്ഷേമം (Health and Family Welfare), മെഡിക്കല്‍, പൊതുജനാരോഗ്യ (Public health) വകുപ്പുകള്‍ എന്നിവയ്ക്ക് മാത്രമല്ല, ജല- ശുചിത്വ വിഹിതവും ഉള്‍പ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. അതിനാല്‍, ജല-ശുചീകരണ വകുപ്പിന്റെ വിഹിതം കുറച്ചാല്‍ ആരോഗ്യമേഖലയിലെ ജിഡിപിയുടെ യഥാര്‍ത്ഥ ചെലവ് 1.9% ത്തില്‍ താഴെയാണ്.  2025-ഓടെ ജിഡിപിയുടെ 2.5 ശതമാനം എങ്കിലും ആരോഗ്യമേഖലയിലെ ചെലവായി വര്‍ധിപ്പിക്കാനാണ് 2017ലെ ദേശീയ ആരോഗ്യ നയം  വിഭാവനം ചെയ്യുന്നത്.  

ലക്ഷ്യം 2022-ഓടെ കൈവരിക്കേണ്ടതായിരുന്നു. കഴിഞ്ഞ സാമ്പത്തിക സര്‍വേകള്‍ അനുസരിച്ച്, 2015-16ല്‍ ജിഡിപിയുടെ ഒരു ശതമാനമായി ആരോഗ്യ ചെലവ് കുറഞ്ഞ് 1.3% ആയിരുന്നു.  2016-17, 2017-18, 2018-19, 2019-20 വര്‍ഷങ്ങളില്‍ ഇത് 1.4 ശതമാനമായി തുടര്‍ന്നു. തുടര്‍ന്നുള്ള രണ്ട് വര്‍ഷങ്ങളില്‍, 2020-21, 2021-22, ഇത് യഥാക്രമം 1.6%, 1.9% ആയി ഉയര്‍ന്നു. ഇതില്‍  ജല-ശുചീകരണ വകുപ്പിന്റെ വിഹിതവും ഉള്‍പ്പെടുന്നു എന്നതും എടുത്ത് പറയേണ്ടതാണ്.  

പെട്ടെന്നുള്ള വര്‍ദ്ധനവ് ഉണ്ടായില്ലെങ്കില്‍, 2025ല്‍ പോലും ജിഡിപിയുടെ 2.5% ആരോഗ്യമേഖലയ്ക്കായി  ചെലവഴിക്കുക എന്ന ലക്ഷ്യത്തിലെത്താന്‍ കഴിയില്ല. ആരോഗ്യമേഖലയ്ക്ക് വേണ്ടിയുള്ള വിഹിതം ഉയര്‍ത്താത്തത് രാജ്യത്തെ വഴിതെറ്റിക്കും. പൊതുജനാരോഗ്യ മേഖല സംരക്ഷിക്കുന്നതിന് ഏറ്റവും കുറഞ്ഞ തുക ചെലവിടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഒരു കുടുംബത്തിലെ ആരോഗ്യ സംരക്ഷണത്തിനുള്ള മൊത്തം ചെലവ് മൊത്തം വരുമാനത്തിന്റെ 10% കവിയുന്നുവെങ്കില്‍, ലോകാരോഗ്യ സംഘടന (WHO) അതിനെ 'ദുരന്തം' എന്നാണ് വിളിക്കുന്നത്.

2020ലെ നിതി ആയോഗ് (NITI Aayog) റിപ്പോര്‍ട്ട് അനുസരിച്ച്, ദേശീയ സര്‍വേയില്‍ പങ്കെടുത്ത 37% കുടുംബങ്ങള്‍ സ്വകാര്യ ആശുപത്രികളിലും 10% സര്‍ക്കാര്‍ ആശുപത്രികളിലും (Govt Hospitals) താങ്ങാവുന്നതിലും കൂടുതല്‍ പണം ചെലവഴിച്ചു. ആരോഗ്യരംഗത്തെ സര്‍ക്കാര്‍ വിഹിതം കുറയുന്നത്  ഓരോ വര്‍ഷവും ജനസംഖ്യയുടെ വലിയൊരു വിഭാഗത്തെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നു. ഇന്ത്യയിലെ ജനസംഖ്യയുടെ 7% - ഏകദേശം 10 കോടി ആളുകള്‍ -  ആരോഗ്യ സംരക്ഷണത്തിനായി ചെലവഴിക്കുന്ന തുക കാരണം ഓരോ വര്‍ഷവും ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്നെന്ന് മറ്റൊരു നിതി ആയോഗ് റിപ്പോര്‍ട്ട് പറയുന്നു. ഇവരില്‍ ഒരു ഭാഗം ദാരിദ്ര്യത്തില്‍ നിന്ന് കരകയറുമെങ്കിലും, പലര്‍ക്കും അത്തരണം ചെയ്യാന്‍ പ്രയാസമായിരിക്കും.  

രാജ്യത്തിന്റെ മൊത്തം ആരോഗ്യ ചിലവിന്റെ ഒരു വിഹിതം ആളുകള്‍ സ്വന്തം ആരോഗ്യത്തിനായി ചെലവഴിക്കുന്നുണ്ട്. 10 വര്‍ഷം മുമ്പ് ഇത് 60% ആയിരുന്നതില്‍ നിലവിലത് 41% ആയി കുറഞ്ഞെന്ന് സാമ്പത്തിക വര്‍വേ പറയുന്നു.  ഈ ഇടിവുണ്ടായാലും ലോകബാങ്കിന്റെ കണക്കനുസരിച്ച് 35 രാജ്യങ്ങളില്‍ മാത്രമാണ് ഇന്ത്യയേക്കാള്‍ ഉയര്‍ന്ന വ്യക്തിഗത ആരോഗ്യ ചെലവുള്ളത്. ഈ രാജ്യങ്ങളില്‍ ഭൂരിഭാഗവും 'താഴ്ന്ന വരുമാന' ത്തില്‍ പെട്ടവരാണ്. ഇന്ത്യയും അത്തരം ജനസംഖ്യ കൂടുതലുള്ള രാജ്യമാണ്.

2022-23 വര്‍ഷം പുറത്തിറക്കിയ ഗാര്‍ഹിക ഉപഭോക്തൃ ചെലവ്  (HCES)  സര്‍വേ, ആരോഗ്യരംഗത്തെ പ്രതിശീര്‍ഷ ഉപഭോക്തൃ ചെലവ് (MPCE) ഉയര്‍ന്നെന്ന് പറയുന്നു. 2011-12ല്‍ ആരോഗ്യരംഗത്തെ പ്രതിശീര്‍ഷ ഉപഭോക്തൃ ചെലവ് ഗ്രാമപ്രദേശങ്ങളില്‍ 3.9 ശതമാനമായിരുന്നു. 2022-23ല്‍ ഇത് 4.7 ശതമാനമായി ഉയര്‍ന്നു. നഗരപ്രദേശങ്ങളിലും ഇതേ പ്രവണതയാണ്. റിപ്പോർട്ട് അനുസരിച്ച്, ആളുകള്‍ വിദ്യാഭ്യാസത്തേക്കാള്‍ കൂടുതല്‍ തുക ആരോഗ്യ സംരക്ഷണത്തിനായി ചെലവഴിക്കുന്നു.

സര്‍ക്കാര്‍ ഈ രംഗത്ത് കണക്കാക്കുന്ന ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് ആയുഷ്മാന്‍ ഭാരത് എന്ന ഇന്‍ഷുറന്‍സ് പദ്ധതിയാണ്.  ഗുണഭോക്തൃ  കുടുംബത്തിന് എല്ലാ ആശുപത്രി ചെലവുകള്‍ക്കും സര്‍ക്കാര്‍ പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷ നല്‍കുന്നു. സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് പ്രീമിയം അടയ്ക്കുന്നു. എന്നിട്ടും പദ്ധതിയുടെ പ്രധാന പരിമിതികളിലൊന്ന് ഇത് അഡ്മിറ്റാകുമ്പോള്‍ മാത്രമാണ് ലഭിക്കുന്നത് എന്നതാണെന്ന് വിമർശനമുണ്ട്. അല്ലാതെ ചെക്കപ്പിനും മറ്റും ആശുപത്രിയില്‍ പോകുന്നതിന് ആനുകൂല്യം നല്‍കുന്നില്ല എന്നാണ് ആക്ഷേപം.  ഈ വേര്‍തിരിവ് പ്രധാനമാണ്, കാരണം അഡിമിറ്റ് ആകുമ്പോള്‍ ഉണ്ടാകുന്ന ചെലവുകളേക്കാള്‍ കൂടുതലാണ് മറ്റ് ചികിത്സാ ചെലവുകളെന്ന് സര്‍ക്കാരിന്റെ ഗാര്‍ഹിക ഉപഭോക്തൃ ചെലവ്  തന്നെ വ്യക്തമാക്കുന്നു.

സാമ്പത്തിക സര്‍വേയിലെ ആരോഗ്യരംഗത്തിന്റെ ഒരു പ്രധാന ഭാഗം മാനസികാരോഗ്യത്തിനായി നീക്കിവച്ചിരിക്കുന്നു. ഈ മേഖലയില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതോ സ്വീകരിക്കുന്നതോ ആയ നിരവധി സംരംഭങ്ങളെ കുറിച്ച് സര്‍വേ പറയുന്നു. മാനസികാരോഗ്യ പ്രശ്‌നം പലമടങ്ങ് വര്‍ധിച്ചെന്ന് വിവിധ ഡാറ്റകളിലെ കണക്കുകളെ അടിസ്ഥാനമാക്കി സര്‍വേ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമുകള്‍ക്ക് (NMHP) 2023-24  ബജറ്റില്‍ 40 കോടി രൂപ മാത്രമാണ് വകയിരുത്തിയത്, 2019-20 മുതല്‍ ഈ തുകയില്‍ മാറ്റമില്ല.  

നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമുകള്‍ക ഒരു വ്യക്തിക്ക് പ്രതിവര്‍ഷം 30 പൈസ ചെലവാക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന്  ഒപി ജിന്‍ഡാല്‍ സര്‍വകലാശാല ആരോഗ്യ സാമ്പത്തിക വിദഗ്ധന്‍ ഇന്ദ്രനില്‍ മുക്കോപാധ്യായ പറഞ്ഞു. അനുവദിച്ച ഫണ്ടുകള്‍ പോലും വലിയതോതില്‍ ചെലവഴിക്കുന്നില്ലെന്ന് മുക്കോപാധ്യായ ചൂണ്ടിക്കാണിച്ചു. മാനസികാരോഗ്യ സേവനങ്ങളുടെ ലഭ്യതയിലും വലിയ വിടവുണ്ട്.  
2015-16 ലാണ് അവസാനമായി ദേശീയ മാനസികാരോഗ്യ സര്‍വേ നടത്തിയത്. ഇന്ത്യയില്‍ മാനസിക വൈകല്യങ്ങള്‍ക്കുള്ള ചികിത്സാ അഭാവം വ്യത്യസ്ത വൈകല്യങ്ങള്‍ക്ക് 70 മുതല്‍ 92% വരെയാണെന്ന് സര്‍വേ വെളിപ്പെടുത്തിയിരുന്നു. രണ്ടാമത്തെ ദേശീയ മാനസികാരോഗ്യ സര്‍വേയാണ് ഈ വര്‍ഷം നടക്കുകയാണ്. 1.73 ലക്ഷം സെക്കന്‍ഡറി ഹെല്‍ത്ത് കെയര്‍ സെന്ററുകളും (SHC) പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും (PHC) മാനസികാരോഗ്യ സേവനങ്ങള്‍ നല്‍കുന്നുണ്ടെന്നും സാമ്പത്തിക സര്‍വേ അവകാശപ്പെട്ടു.

ആരോഗ്യ മന്ത്രാലയത്തിന്റെ നാഷണല്‍ ഹെല്‍ത്ത് സിസ്റ്റത്തിന്റെ റിസോഴ്‌സ് സെന്റര്‍ നടത്തിയ ഒരു വിലയിരുത്തല്‍ അനുസരിച്ച്, സര്‍വേയില്‍ പങ്കെടുത്ത എസ്എച്ച്‌സികളില്‍ 32% പേര്‍ക്ക് മാത്രമേ മാനസികാരോഗ്യ സേവനങ്ങള്‍ നല്‍കാന്‍ കഴിയൂ എന്നാണ്. ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളായി പരിവര്‍ത്തനം ചെയ്യപ്പെട്ട ഇത്തരം എസ്എച്ച്‌സികളില്‍ 48% മാത്രമാണ് ഈ സേവനങ്ങള്‍ നല്‍കുന്നത്. അതുപോലെ, 35% പിഎച്ച്സികളോ നഗരങ്ങളിലെ പിഎച്ച്സികളോ മാത്രമേ മാനസികാരോഗ്യ സേവനങ്ങള്‍ നല്‍കുന്നുള്ളൂ എന്നും പറയുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia