Dengue fever | ഡെങ്കിപ്പനിയെ തുരത്താന്‍ ഓരോ കൊല്ലവും രാജ്യത്തിനാകാത്തത് എന്തുകൊണ്ട്, വാക്‌സിന്‍ കണ്ടെത്തുന്നതിനുള്ള തടസം എന്താണ്?

 
Dengue fever


ഡെങ്കി വൈറസിനെക്കുറിച്ച് നന്നായി പഠിച്ചിട്ടുണ്ടെങ്കിലും, ഇതിന്റെ സ്വഭാവവും എങ്ങനെ പടരുന്നു എന്നതും നിയന്ത്രിക്കാന്‍ പ്രയാസകരമാണെന്ന് വിദഗ്ധര്‍ 

ആദിത്യൻ ആറന്മുള 

(KVARTHA) രാജ്യത്തെ ചുട്ടുപൊള്ളിച്ച ചൂടിന് ശേഷം മണ്‍സൂണ്‍ വന്നതോടെ കൊതുക് അടക്കം പരത്തുന്ന രോഗങ്ങള്‍, പ്രത്യേകിച്ച് ഡെങ്കിപ്പനി അടക്കം പടരുന്നു. കൊതുജന്യ രോഗങ്ങള്‍ എങ്ങനെയാണ് പടരുന്നതെന്നും അതിന്റെ സമയവും നമുക്കറിയാം. എന്തുകൊണ്ടാണ്, ഇന്ത്യയില്‍ ഡെങ്കിപ്പനി പടരുന്നത് നിയന്ത്രിക്കാന്‍ ഇത്ര ബുദ്ധിമുട്ടുന്നത്? കര്‍ണാടകയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇക്കൊല്ലം ഇതുവരെ സംസ്ഥാനത്ത് 4,827 ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, അതില്‍ 2,000 ത്തിലധികം പേര്‍ ബെംഗളൂരുവിലുള്ളവരാണ്. 
 

Dengue fever

ജൂണ്‍ 29ന് ആദ്യ ഡെങ്കി മരണവും റിപ്പോര്‍ട്ട് ചെയ്തു. ഡെങ്കിപ്പനി ഇന്ത്യയില്‍ വ്യാപകമാണെന്ന്  കൊല്ലം, ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. പി.എസ്. ഇന്ദു പറയുന്നു.  ഈ രോഗം നാട്ടില്‍ സ്ഥിരമായി കാണപ്പെടുന്നു. ജൂണിന് ശേഷം കേരളത്തില്‍ ഡെങ്കി കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. ഇതോടെ ആരോഗ്യവകുപ്പ് കണക്കുകള്‍ പുറത്തുവിടുന്നില്ല.

കോവിഡ് വ്യാപകമായപ്പോഴുള്‍പ്പെടെ എല്ലാ വര്‍ഷവും രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഡെങ്കിപ്പനി കേസുകള്‍ സ്ഥിരമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഴ അനുഭവപ്പെടുന്ന ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളിലാണ് സാധാരണയായി വ്യാപനം രൂക്ഷമാകുന്നത്. 2020ല്‍ വ്യാപനം കുറവായിരുന്നു.  കോവിഡിന് തൊട്ടുമുമ്പുള്ള വര്‍ഷങ്ങളേക്കാള്‍ രാജ്യത്തെ വാര്‍ഷിക ഡെങ്കി കേസുകള്‍ ഗണ്യമായി ഉയര്‍ന്നതായി ദേശീയ വെക്റ്റര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പുറത്തുവിട്ട  ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2021ല്‍ ഒരു ലക്ഷത്തിലധികവും 22ല്‍ രണ്ട് ലക്ഷത്തില്‍ കൂടുതലും 2023ല്‍ മൂന്ന് ലക്ഷം ഡെങ്കി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 

ഇക്കൊല്ലം ഇതുവരെ 19,477 കോസുകളും ഉണ്ടായി. മാത്രമല്ല, സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, കര്‍ണാടക, ഡല്‍ഹി, കേരളം, സിക്കിം, ഹരിയാന തുടങ്ങിയ ചില സംസ്ഥാനങ്ങള്‍ ഓരോ വര്‍ഷവും കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത് വളരെ കുറവാണെന്നും യഥാര്‍ത്ഥ കേസുകളുടെ എണ്ണം വളരെ കൂടുതലാണെന്നും പഞ്ച്കുളയിലെ ഇന്റേണല്‍ മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റ് ഡോ. സുനീത് വര്‍മ പറയുന്നു.  ഇന്ത്യയില്‍ മാത്രമല്ല, സമീപ രാജ്യങ്ങളായ പാകിസ്ഥാന്‍, ശ്രീലങ്ക, തായ്ലന്‍ഡ്, ബംഗ്ലാദേശ് എന്നിവിടങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. എല്ലായിടത്തും ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് നാം കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 

ഡെങ്കി വൈറസിനെക്കുറിച്ച് നന്നായി പഠിച്ചിട്ടുണ്ടെങ്കിലും, ഇതിന്റെ സ്വഭാവവും എങ്ങനെ പടരുന്നു എന്നതും നിയന്ത്രിക്കാന്‍ പ്രയാസകരമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇതിന് സഹായിക്കുന്ന ചില പ്രധാന ഘടകങ്ങളുണ്ട്, ഒന്ന്, ഡെങ്കി വൈറസിന് അറിയപ്പെടുന്ന നാല് വകഭേദങ്ങള്‍ അഥവാ അണുക്കള്‍ ഉണ്ട്  (DEN-1, DEN-2, DEN-3, DEN-4). ഓരോ വകഭേദം പിടിപെടുമ്പോഴും അതിനനുസരിച്ചുള്ള ആന്റിബോഡിയായിരിക്കും ശരീരത്തില്‍ ഉണ്ടാകുന്നതെന്ന്, ഇന്ത്യയിലെ ഡെങ്കിപ്പനിയെ കുറിച്ച് ഈ വര്‍ഷമാദ്യം കേരളാ സര്‍ക്കാരും ലോകാരോഗ്യ സംഘടനയും  (WHO) നടത്തിയ സംയുക്ത പഠനത്തിന് നേതൃത്വം നല്‍കിയ ഡോ.ഇന്ദു പറയുന്നു. 

ഡെങ്കുവിന്റെ ഒരു വകഭേദം വന്നവര്‍ക്ക് മറ്റൊരു വകഭേദം വീണ്ടും വരുകയും അങ്ങനെ വളരെ ഗുരുതരമായ അവസ്ഥ ഉണ്ടാവുകയും ചെയ്യും. അണുബാധ ശക്തമായ പ്രദേശങ്ങളില്‍ നാല് വകഭേദങ്ങളും ഉണ്ടായിരിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ ഇതിനെ ഹൈപ്പര്‍-എന്‍ഡെമിക് അഥവാ പര്‍ച്ചവ്യാധി പടരാനുള്ള തീവ്രമായ സാഹചര്യം എന്ന് വിളിക്കുന്നു. ഡെങ്കി ഹോട്ട്സ്പോട്ടുകളായി കണക്കാക്കപ്പെടുന്ന സ്ഥലങ്ങളില്‍ ആവര്‍ത്തിച്ച് രോഗം പൊട്ടിപ്പുറപ്പെടുന്നതിനുള്ള കാരണവും ഇത് തന്നെയാണ്. 

ഗവേഷകര്‍ അഞ്ചാമതൊരു വകഭേദത്തിന്റെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്, എന്നാലത് നന്നായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല, അത് കണ്ടുപിടിക്കുന്നതിനുള്ള ടെസ്റ്റുകള്‍ നിലവിലില്ല. ഈഡിസ് ഈജിപ്തി, ഈഡിസ് ആല്‍ബോപിക്റ്റസ് കൊതുകുകള്‍ക്ക് ഏത് പരിതസ്ഥിതിയിലും പെറ്റുപെരുകാന്‍ കഴിയുമെന്ന് ഹൈദരാബാദിലെ സിഎസ്‌ഐആര്‍-ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജിയിലെ ബയോളജി വിഭാഗത്തിലെ ശാസ്ത്രജ്ഞനായ ഡോ. ശ്രീനിവാസ റാവു മുത്തനേനി പറയുന്നു.  

ഈഡിസ് കൊതുകുകള്‍ക്ക് വീടിനകത്തും ചെറിയ വെള്ളക്കെട്ടില്‍ പോലും പ്രജനനം നടത്താന്‍ കഴിയും. നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രജനന സാധ്യതയുള്ള എല്ലാ ആവാസ വ്യവസ്ഥകളും ഇല്ലാതാക്കുക  ബുദ്ധിമുട്ടാണ്. കെട്ടിക്കിടക്കുന്ന  വെള്ളം ഇല്ലാതാക്കിയാല്‍ മാത്രം പോരാ. ഉണങ്ങിയ ബക്കറ്റുകളുടെയും ജലസംഭരണ യൂണിറ്റുകളുടെയും പ്രതലങ്ങളില്‍ കൊതുകുകളുടെ മുട്ടകള്‍ പറ്റിപ്പിടിക്കും. അതിനാല്‍ വെള്ളം വറ്റിച്ചതിനു ശേഷം വൃത്തിയായി കഴുകണം. പലപ്പോഴും അതുണ്ടാകാറില്ല. ഡെങ്കിപ്പനി ബാധിച്ചവരില്‍ ഭൂരിഭാഗം ആളുകളും രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാറില്ല എന്നതാണ് ഡെങ്കി വൈറസിന്റെ മറ്റൊരു പ്രത്യേകതയെന്നും ഡോ. ഇന്ദു ചൂണ്ടിക്കാട്ടി. 
 
100 ഡെങ്കിപ്പനി കേസുകളില്‍ 80 പേരും രോഗലക്ഷണങ്ങളില്ലാത്തവരാണ്. കുട്ടികളില്‍  നടത്തിയ ഒരു പഠനത്തിനിടെ, ഡെങ്കി ബാധിച്ച 89 ശതമാനം കുട്ടികളും അവര്‍ക്ക് രോഗമുണ്ടെന്ന് അറിഞ്ഞവരല്ലെന്നും എന്നാൽ അവരിൽ രോഗബാധ കണ്ടെത്തിയെന്നും ഡോ. ഇന്ദു പറഞ്ഞു. ആളുകള്‍ക്ക് ഡെങ്കിപ്പനി പോസിറ്റീവ് ആണെന്ന് പോലും അറിയാത്തതും വൈറസ് പടരുന്നതുമായ കേസുകള്‍ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാണ്. ഇന്ത്യയില്‍ അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച്, ഡെങ്കിപ്പനി പകരുന്നതിന്റെ 84 ശതമാനവും ലക്ഷണമില്ലാത്ത കേസുകളിലൂടെയാണെന്ന് കണ്ടെത്തി.

അതിവേഗം, ആസൂത്രണമില്ലാതെ നടപ്പാക്കുന്ന നഗരവല്‍ക്കരണവും കൊതുകുകളുടെ പ്രജനന സാധ്യതയുള്ള നിരവധി ആവാസ വ്യവസ്ഥകള്‍ സൃഷ്ടിക്കുന്നതിന് കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളും  തിരക്കേറിയ നഗരങ്ങളിലെ ശുചിത്വമില്ലായ്മയും മലിനജലം, വെള്ളക്കെട്ട്, കെട്ടിക്കിടക്കുന്ന വെള്ളം (പ്രത്യേകിച്ച് നിര്‍മ്മാണ സ്ഥലങ്ങളില്‍) എന്നിവയും കൊതുകിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നു. 

നഗര നഗരങ്ങളിലെ ജലക്ഷാമം കാരണം, പ്രത്യേകിച്ച് മഴക്കാലത്ത്, ആളുകള്‍ അവരുടെ വീടുകളിലും പരിസരങ്ങളിലും വലിയ അളവില്‍ വെള്ളം സംഭരിക്കുന്നുണ്ട്. ഇത് പലപ്പോഴും തുറന്നതോ ശ്രദ്ധിക്കാതെയോ കിടക്കുന്ന പാത്രങ്ങളിലായിരിക്കും. ഇത് കൊതുക് പെരുകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.  ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെ എല്ലാ വീട്ടിലും അധിക കന്നാസുകള്‍ ഉണ്ട്, അവ മൂടിവെക്കാതെ ഇരിക്കുകയും അതില്‍ വെള്ളം നിറയ്ക്കുകയും ചെയ്യുന്നു. ഇതൊരു വലിയ പ്രശ്‌നമാണെന്നും അധികതര്‍ വിലയിരുത്തുന്നു.

ഈഡിസ് കൊതുകുകളുടെ വളര്‍ച്ചയും ജീവിതകാലവും താപനില, മഴ, ഈര്‍പ്പം, കാറ്റിന്റെ വേഗത തുടങ്ങിയ വിവിധ കാലാവസ്ഥാ ഘടകങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നു. ഊഷ്മാവ് വര്‍ദ്ധിക്കുന്നത് ഈഡിസ് കൊതുകുകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു, ഇത് കൂടുതല്‍ വേഗത്തില്‍ പ്രജനനത്തിലേക്ക് നയിക്കുന്നെന്നും ഡോ. മുത്തനേനി വിശദീകരിക്കുന്നു. 

ഉയര്‍ന്ന ഊഷ്മാവ്, കനത്ത മഴ, ഇടയ്ക്കിടെയുള്ള വെള്ളപ്പൊക്കം എന്നിവ കൊതുകുകളുടെ പ്രജനനത്തിന് സഹായകമാവുകയും രോഗവ്യാപന കാലയളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.  ഡെങ്കി വൈറസിനെ പുതിയ പ്രദേശങ്ങളിലേക്ക് എത്തിക്കുകയും അതിന്റെ വ്യാപനം സുഗമമാക്കുകയും ചെയ്യുന്ന തീവ്രമായ കാലാവസ്ഥാ മാറ്റങ്ങള്‍ കാരണം ജനസംഖ്യയുടെ വലിയൊരു വിഭാഗം കുടിയേറ്റത്തിനും കുടിയൊഴിപ്പിക്കലിനും വിധേയരാകുന്നു എന്നും ഡോ. ശ്രീനിവാസ റാവു മുത്തനേനി വ്യക്തമാക്കി.

യൂറോപ്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍, ഇന്ത്യ ഉള്‍പ്പെടെയുള്ള ചില ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവ അനുമതി നല്‍കിയിട്ടുള്ള ആദ്യത്തെ ലൈസന്‍സുള്ള ഡെങ്കി വാക്‌സിന്‍ ആണ് സി വൈ ഡി-ടി ഡി വി (CYD-TDV - Dengvaxia).  ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്നുകളുടെ പട്ടികയിലും ഇത് ഉള്‍പ്പെടുന്നു. പക്ഷെ, ഇതിന് പരിമിതികളുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.  ഡെങ്കിപ്പനിക്കുള്ള പ്രതിരോധ സംവിധാനം വളരെ സങ്കീര്‍ണ്ണമായതിനാല്‍, സ്ഥിരതയുള്ള വാക്‌സിന്‍ സൃഷ്ടിക്കുന്നത് വെല്ലുവിളിയാണ്.  

വന്‍തോതിലുള്ള ഉപയോഗത്തിനായി ഒരു വാക്‌സിന്‍ വികസിപ്പിക്കാന്‍ കഴിയാത്തതിന്റെ കാരണവും അതാണെന്ന് ഡോ. വര്‍മ അഭിപ്രായപ്പെട്ടു. നിലവില്‍ മറ്റ് പല ഡെങ്കി വാക്‌സിനുകളും അംഗീകാരം ലഭിച്ചതോ ഗവേഷണത്തിന്റെ അവസാന ഘട്ടത്തിലോ ആണ്. ആഗോളതലത്തില്‍, പ്രത്യേകിച്ച് ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളില്‍, സാധാരണ രോഗപ്രതിരോധ പരിപാടികളില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന സുരക്ഷിതവും ഫലപ്രദവുമായ ഡെങ്കി വാക്‌സിന്‍ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് വിദഗ്ധര്‍ പറയുന്നു.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia