Road Accident | റോഡപകടം കണ്ടാൽ നമുക്ക് എന്ത് ചെയ്യാൻ കഴിയും? അൽപം മനസ് വെച്ചാൽ ഒരു ജീവൻ രക്ഷിക്കാം! കാഴ്ചക്കാരായി നിൽക്കാതെ ചെയ്യേണ്ടുന്ന കാര്യങ്ങൾ 

 
Road Accident


അപകടം സംഭവിച്ച് ഒരു മണിക്കൂറിനുള്ളിൽ (Golden Hour) ആശുപത്രിയിൽ എത്തിച്ചാൽ, അപകടത്തിൽ മരിക്കുന്നവരുടെ എണ്ണം 50 ശതമാനം വരെ കുറയ്ക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്

ന്യൂഡെൽഹി: (KVARTHA) ദിനേന നമ്മുടെ റോഡുകളിൽ നിരവധി അപകടങ്ങൾ (Road Accidents) സംഭവിക്കുന്നു. ഈ അപകടങ്ങളിൽ പലരും പരിക്കേൽക്കുകയോ (Injury) മരിക്കുകയോ (Death) ചെയ്യുന്നു. ഒരു റോഡപകടം കണ്ടാൽ, നമുക്ക് ഇരകളെ സഹായിക്കാൻ ചില കാര്യങ്ങൾ ചെയ്യാനാവും. ഓർക്കുക, ഓരോ നിമിഷവും വിലപ്പെട്ടതാണ്. റോഡ് അപകടത്തിൽപ്പെട്ടവരെ സഹായിക്കുന്നതിനുള്ള നിങ്ങളുടെ സന്നദ്ധത ജീവൻ രക്ഷിക്കാൻ (Save Life) സഹായിക്കും.

Road Accident

പ്രഥമശുശ്രൂഷ നൽകാൻ ശ്രമിക്കുക

ചിലപ്പോൾ, ആംബുലൻസും (Ambulance) പാരാമെഡിക്കുകളും (Paramedic) അപകട സ്ഥലത്ത് എത്താൻ കാലതാമസം നേരിടാം. ഇത് പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ നിന്ന് വളരെ അകലെ അപകടങ്ങൾ സംഭവിക്കുമ്പോൾ സാധാരണമാണ്. അത്തരം സാഹചര്യങ്ങളിൽ, അപകടത്തിൽപ്പെട്ടവർക്ക് പ്രഥമശുശ്രൂഷ (First aid) നൽകാൻ സംഭവസ്ഥലത്തുള്ള പൊതുജനങ്ങൾക്ക് കഴിയും.

സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാം 

അപകടത്തിൽപ്പെട്ട് കിടക്കുന്ന വ്യക്തിയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റേണ്ടത് അത്യാവശ്യമാണ്. റോഡിന്റെ നടുവിൽ പോലുള്ള അപകടകരമായ സ്ഥലങ്ങളിൽ നിന്ന് അവരെ മാറ്റുന്നത് മറ്റൊരു അപകടം സംഭവിക്കുന്നത് തടയുകയും ട്രാഫിക് സുഗമമാക്കുകയും ചെയ്യും. എന്നാൽ, ഇത് ശ്രദ്ധയോടെയും ശരിയായ രീതിയിലും ചെയ്യേണ്ടത് പ്രധാനമാണ്. നിങ്ങൾക്ക് സുരക്ഷിതമായി സഹായിക്കാൻ കഴിയുമെങ്കിൽ മാത്രം ഇടപെടുക.

നട്ടെല്ലിനും കഴുത്തിനും പരിക്കില്ലെന്ന് ഉറപ്പാക്കുക

വ്യക്തിക്ക് നട്ടെല്ലിനോ കഴുത്തിനോ പരിക്കേറ്റിട്ടുണ്ടോ എന്ന് പരിശോധിക്കുക. ബോധമുണ്ടെങ്കിൽ, വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുന്നുണ്ടോ എന്ന് ചോദിക്കുക. ബോധമില്ലെങ്കിൽ, അവരുടെ കഴുത്തും (Neck) നട്ടെല്ലും (Spine) ശ്രദ്ധാപൂർവം പരിശോധിക്കുക. ഏതെങ്കിലും തരത്തിലുള്ള അസ്ഥിക്ഷതമോ വേദനയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ, മാറ്റാൻ ശ്രമിക്കരുത്. നട്ടെല്ലിനോ കഴുത്തിനോ പരിക്കേറ്റ വ്യക്തിയെ ചലിപ്പിക്കുന്നത് അവസ്ഥ വഷളാക്കും.

സഹായം തേടാം

നട്ടെല്ലിനും കഴുത്തിനും പരിക്കില്ലെന്ന് ഉറപ്പാക്കിയാൽ, വ്യക്തിയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാൻ നിങ്ങൾക്ക് സഹായം തേടാം. കഴിയുമെങ്കിൽ, ഒരു സ്പൈൻ ബോർഡ് (Spine Board) ഉപയോഗിക്കുക. സ്പൈൻ ബോർഡ് ലഭ്യമല്ലെങ്കിൽ, ഒരു തുണിയിൽ പൊതിഞ്ഞ് ശ്രദ്ധാപൂർവം മാറ്റുക. അവരുടെ തലയും കഴുത്തും ഒരു നേരെ വരയിൽ സൂക്ഷിക്കുക. വ്യക്തിയെ ഒരിക്കലും വലിക്കരുത് അല്ലെങ്കിൽ തിരിക്കരുത്. 

അവരെ പതുക്കെ മുകളിലേക്ക് ഉയർത്തി സുരക്ഷിതമായ സ്ഥലത്തേക്ക് വയ്ക്കുക. ബാഹ്യമായ പരിക്കില്ലെങ്കിലും ആന്തരിക അസ്ഥി ഒടിഞ്ഞാൽ, ഡോക്ടർക്ക് അല്ലാതെ ഒരാൾക്ക് അത് കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. അതിനാൽ, എന്തുചെയ്യണമെന്ന് നിങ്ങൾക്കറിയില്ലെങ്കിൽ, ഉടൻ ബന്ധപ്പെട്ടവരെ വിളിച്ച് സഹായം അഭ്യർഥിക്കാം. 

ശ്വസനം എളുപ്പമാക്കാം 

പരിക്കേറ്റയാൾ അബോധാവസ്ഥയിലാവുകയും ശ്വസിക്കാൻ (Breathe) ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്താൽ, മൂക്കും വായും വൃത്തിയാക്കണം. മുഖം താഴ്ത്തി കിടക്കുകയാണെങ്കിൽ, മുഖം മുകളിലേക്ക് തിരിക്കുക, നട്ടെല്ല് വളയാതിരിക്കാൻ ശ്രദ്ധിക്കുക, ശ്വസനം എളുപ്പമാക്കും. അബോധാവസ്ഥയിലായ വ്യക്തിയുടെ മുഖം ഒരു വശത്തേക്ക് (ഇടത്/വലത്) തിരിക്കുന്നതും ശ്വസനം സുഗമമാക്കുന്നു. 

രക്തസ്രാവം ഉണ്ടെങ്കിൽ 

പരിക്കേറ്റയാളുടെ കൈകളിലോ കാലുകളിലോ ഉള്ള മുറിവുകളിൽ നിന്ന് രക്തസ്രാവം കൂടുതലാണെങ്കിൽ, മുറിവിന് മുകളിലും താഴെയുമായി വൃത്തിയുള്ള തുണികൊണ്ട് കെട്ടി രക്തസ്രാവം നിർത്താം. ബാൻഡേജിംഗ് കൊണ്ട് രക്തസ്രാവം നിലച്ചില്ലെങ്കിൽ, ആംബുലൻസ് വരുന്നതുവരെ മുറിവ് തുണി ഉപയോഗിച്ച് ദൃഡമായി അമർത്തുക. തുടർന്ന് ആരോഗ്യ വിദഗ്ധർ രക്തസ്രാവം തടയാൻ ഉചിതമായ നടപടികൾ കൈക്കൊള്ളും. ഗുരുതരമായ രക്തസ്രാവം ഉണ്ടായാൽ, ഏതാനും മിനിറ്റുകൾക്കുള്ളിൽ മുഴുവൻ രക്തവും നഷ്ടപ്പെടുകയും മരിക്കുകയും ചെയ്യാം. രക്തസ്രാവം നിയന്ത്രിക്കുന്നതിലൂടെ അനാവശ്യമായ പല മരണങ്ങളും തടയാനാകും.

ഉടൻ ആശുപത്രിയിൽ എത്തിക്കുക 

മുകളിൽ വിവരിച്ച ലളിതമായ രീതികളും പ്രവർത്തനങ്ങളും പല ജീവനുകളും രക്ഷിക്കാൻ സഹായിക്കും. ഓരോ വ്യക്തിക്കും അടിസ്ഥാന ജീവൻ രക്ഷാ പരിശീലനം നൽകുന്നത് വളരെ പ്രധാനമാണ്. അപകടം സംഭവിച്ച് ഒരു മണിക്കൂറിനുള്ളിൽ (Golden Hour) ആശുപത്രിയിൽ (Hospital) എത്തിച്ചാൽ, അപകടത്തിൽ മരിക്കുന്നവരുടെ എണ്ണം 50 ശതമാനം വരെ കുറയ്ക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്.

ദയയും സഹാനുഭൂതിയും കാണിക്കുന്ന ഒരു സമൂഹം നമുക്കുണ്ട്. സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് നിയമ പരിരക്ഷയും, ഉപയോഗപ്രദമായ വിവരങ്ങളും, സാധ്യമെങ്കിൽ, അനുയോജ്യമായ പരിശീലനവും നൽകുന്നതിലൂടെ, റോഡരികിൽ മരിക്കുന്നവരുടെ എണ്ണം കുറയ്ക്കാൻ നമുക്ക് സാധിക്കും. റോഡ് അപകടം സംഭവിച്ചാൽ, കാഴ്ചക്കാരായി നിൽക്കാതെ, ഉടൻ തന്നെ ഇടപെടുകയും 108 അല്ലെങ്കിൽ മറ്റ് ആംബുലൻസിനെ വിളിച്ചോ മറ്റോ പരിക്കേറ്റയാളെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കാനും ശ്രമിക്കേണ്ടത് വളരെ പ്രധാനമാണ്.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia