Lyme Disease | 'ലൈം' എന്ന അപൂർവ രോഗം; എന്താണിത്, ലക്ഷണങ്ങൾ, അറിയാം


'ബൊറേലിയ ബർഗ്ഡോർഫെറി' എന്ന ബാക്ടീരിയ മൂലമാണ് രോഗം ഉണ്ടാകുന്നത്
ന്യൂഡെൽഹി: (KVARTHA) കോവിഡ് വന്നതിനു ശേഷം ശരീരത്തിൽ വന്ന മാറ്റത്തേയോ പിന്നീട് സാരമായി വന്ന അസുഖങ്ങളെയോ ആരും ഗൗരവമായി പരിഗണിച്ചിരുന്നില്ല. മെഡിക്കൽ പ്രൊഫഷണലുകൾ പോലും ഇക്കാര്യത്തിൽ അലംഭാവം കാട്ടിയെന്ന് പറയാതിരിക്കാൻ വയ്യ. തലകറക്കം, ക്ഷീണം തുടങ്ങിയ സാധാരണ ലക്ഷണങ്ങൾ, ഓട്ടോണമിക് നാഡീവ്യൂഹത്തിൻ്റെ ക്രമരഹിതമായ പ്രവർത്തനം കാരണം ഉണ്ടായതാണെന്ന് തിരിച്ചറിയാൻ വൈകിയെന്നാണ് ആക്ഷേപം. ഇത്തരത്തിൽ രോഗികളെ വലച്ചു കളഞ്ഞ വ്യാധിയാണ് ലൈം രോഗം.
ലൈം രോഗവും ലക്ഷണങ്ങളും
ഇത് ഒരുതരം ബാക്ടീരിയ അണുബാധയാണ്. 'ബൊറേലിയ ബർഗ്ഡോർഫെറി' എന്ന ബാക്ടീരിയ മൂലമാണ് രോഗം ഉണ്ടാകുന്നത്. ഒരു പ്രത്യേക തരം ചെള്ളിന്റെ കടിയേൽക്കുന്നതിലൂടെയാണ് ഈ ബാക്ടീരിയ മനുഷ്യ ശരീരത്തിലെത്തുന്നത്. കേരളത്തിലും ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിശ്ചിത ഘട്ടത്തിൽ, ചില രോഗികൾക്ക് അണുബാധ ഉണ്ടായ സ്ഥലത്ത് ചുവന്ന ചുണങ്ങ് അനുഭവപ്പെടാം. പനി, വിറയൽ, അസ്വാസ്ഥ്യം, ക്ഷീണം തുടങ്ങിയവ മറ്റു ലക്ഷണങ്ങളാണ്.
എങ്ങനെയാണ് രോഗം പകരുന്നത്?
ലൈം രോഗത്തിന് ചികിത്സ സ്വീകരിച്ചില്ലെങ്കിൽ, അണുബാധ അതേപടി നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകും. ഇതു പിന്നീട് ഡിസീസ് ലൈം കാർഡിറ്റിസ് എന്ന അവസ്ഥയിലേക്കും നയിച്ചേക്കാം. ബാക്ടീരിയകൾ ഹൃദയത്തിൻ്റെ ഏതെങ്കിലും ഭാഗത്തെ അക്രമിച്ചു തുടങ്ങിയാൽ രോഗാവസ്ഥ സങ്കീർണമായേക്കാം. അസെപ്റ്റിക് മെനിഞ്ചൈറ്റിസ്, കൂടാതെ മരവിപ്പ്, വേദന, ബലഹീനത, മുഖത്തെ പക്ഷാഘാതം, സ്‌ട്രോക് എന്നിവ അനുഭവപ്പെട്ടേക്കും. മിക്ക രോഗികളും അണുബാധയ്ക്ക് ശേഷം സുഖം പ്രാപിക്കുന്നു, എന്നാൽ ചില രോഗികളിൽ (ഏകദേശം 10- 20%) ക്ഷീണം, ശരീരവേദന, ചിന്താ ബുദ്ധിമുട്ട് എന്നിവ ഉൾപ്പെടുന്ന ദീർഘകാല ലക്ഷണങ്ങൾ വികസിക്കാമെന്ന് പഠനങ്ങൾ പറയുന്നു. പലപ്പോഴും ഇത് ജീവനു തന്നെ ഭീഷണി ആകുന്നു.
വ്യക്തി ശുചിത്വം പാലിക്കാനും, പ്രാണികളുടെ കടിയേൽക്കാതെ സ്വയം സംരക്ഷണം ഉറപ്പാക്കാനുമാണ് ഡോക്ടർമാർ പറയുന്നത്. രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഡോക്ടറെ കാണുന്നത് പ്രധാനമാണ്. നേരത്തെയുള്ള രോഗനിർണയവും ചികിത്സയും ഈ രോഗം ഭേദമാക്കാൻ സഹായിക്കും. തുടക്കത്തിലെ ചികിത്സിച്ചില്ലെങ്കില്‍ രോഗം വഷളാകും. കാല്‍മുട്ടിനെയും പേശിയെയും ഹൃദയത്തെയും തലച്ചോറിനെയും വരെ ബാധിച്ചേക്കാം.