Incident | മെഡിക്കൽ കോളേജ് ഐ.സി.യുവിൽ വിഷപ്പാമ്പ്: അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷ
● നവജാത ശിശുക്കളുടെ ജീവന് അപകടം
● ആശുപത്രിയിലെ അശുചിത്വവും അപര്യാപ്തമായ പരിപാലനവും ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്നു എന്ന ആശങ്ക ഉയർന്നു.
പയ്യന്നൂർ: (KVARTHA) കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ വിഷപ്പാമ്പ് കയറിയത് ഞെട്ടലുണ്ടാക്കി. വ്യാഴാഴ്ച രാത്രി ഐ.സി.യുവിന് പുറത്തിരുന്ന കൂട്ടിരിപ്പുകാരാണ് പാമ്പ് പുറത്തേക്ക് ഇറങ്ങിവരുന്നത് കണ്ടത്. ഇവര്‍ പരിഭ്രാന്തരായി ബഹളം വെച്ചപ്പോള്‍ ഓടിയെത്തിയവര്‍ പാമ്പിനെ അടിച്ചുകൊല്ലുകയായിരുന്നു.
വെള്ളിക്കെട്ടൻ വിഭാഗത്തിൽപ്പെട്ട വിഷപ്പാമ്പാണിത് എന്നാണ് പ്രാഥമിക വിവരം. ആശുപത്രി ബ്ലോക്കില്‍ അഞ്ചാം നിലയിലാണ് നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗം പ്രവർത്തിക്കുന്നത്. ആശുപത്രി കെട്ടിടത്തിന്റെ നവീകരണം നടക്കുന്നതിനാൽ പലയിടത്തും കെട്ടിടാവശിഷ്ടങ്ങളും പഴയ ഉപകരണങ്ങളും കൂട്ടിയിട്ട നിലയിലാണ്. ഇത് ഇഴജന്തുക്കൾക്ക് അഭയം നൽകുന്ന സ്ഥലമായി മാറിയിരിക്കുന്നു.
നേരത്തെ മെഡിക്കൽ കോളേജിന്റെ എട്ടാം നിലയിലേക്ക് പടർന്നുകയറിയ കാട്ടുവള്ളിയിലൂടെ മൂർഖൻ പാമ്പ് വാർഡിലേക്ക് കയറിയ സംഭവം ഉണ്ടായിരുന്നു. ഇത്തവണയും ഇതുപോലെ ചുറ്റുപാടും പടർന്നുകയറിയ കുറ്റിക്കാട്ടിലൂടെയാണ് പാമ്പ് ഐ.സി.യുവിലേക്ക് കടന്നതെന്നാണ് കരുതുന്നത്.
ഐ.സി.യുവിൽ 15 കുട്ടികളും നഴ്‌സുമാരുമാണ് ഉണ്ടായിരുന്നത്. ഐ.സിയുവിന് പുറത്തെ വരാന്തയില്‍ കൂട്ടിരിപ്പുകാരായ നിരവധി പേരാണ് രാത്രിയില്‍ കിടന്നുറങ്ങാറുള്ളത്. ഇവർ പാമ്പിനെ കണ്ടതുകൊണ്ട് മാത്രമാണ് ഒരു വലിയ ദുരന്തം ഒഴിവായത്. ആശുപത്രിയിലെ നവജാത ശിശുക്കളുടെ ജീവന് അപകടം സംഭവിക്കാതിരുന്നതിൽ ആശ്വാസമാണ്.
#snakeincident #neonatalICU #Kannur #Kerala #hospitalsafety #pestcontrol