Mental Health | എന്താണ് വിഷാദരോഗം? നിങ്ങളിലുണ്ടോ ഇത്, അറിയാം ഇങ്ങനെ
ഒരാൾക്ക് വിഷാദം എപ്പോൾ വേണമെങ്കിലും ഉണ്ടാകാം, പക്ഷേ ശരാശരി, കൗമാരത്തിന്റെ അവസാനത്തിൽ 20-കളുടെ മധ്യത്തിൽ ആദ്യം പ്രത്യക്ഷപ്പെടുന്നു
(KVARTHA) ഇന്ന് നമുടെ കേരള സമൂഹത്തിൽ പലരും അറിയാതെ പോകുന്ന ഒരു രോഗമാണ് വിഷാദരോഗം. ഈ രോഗാവസ്ഥയിൽ ഉള്ള പലരും ഇങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ അത് മനസ്സിലാക്കാൻ സാധിക്കാതെ മറ്റ് എന്തെങ്കിലും അസുഖത്തിൻ്റെ പേരു പറഞ്ഞ് മരുന്ന് മാറി കഴിക്കുന്നു എന്നതാണ് നിലവിലെ ഇവിടുത്തെ സാഹചര്യം. അതുമൂലം രോഗാവസ്ഥ മൂർച്ഛിച്ച് രോഗി മരണപ്പെടുന്നതിന് വരെ കളം ഒരുങ്ങുന്നുവെന്ന് വേണമെങ്കിലും പറയാം. മറ്റ് ചിലയിടത്ത് സ്വയം ജീവനൊടുക്കലും അതിന്റെ പ്രവണതകൾ വർദ്ധിക്കുന്നതിന് കാരണവും ഇത് തന്നെ. കുട്ടികൾ മുതൽ വൃദ്ധരായവർ വരെ അങ്ങനെ പലരും ഇവിടെ വിഷാദ രോഗത്തിന് അടിമപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ് സത്യം.
ഇത് തുടക്കത്തിലെ മനസ്സിലാക്കി ചികിത്സിച്ചാൽ അല്ലെങ്കിൽ ചികിത്സ തേടിയാൽ രോഗിയെ വലിയ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുത്താനാവും. അതിന് വിഷാദ രോഗം എന്തെന്ന് തിരിച്ചറിയുകയും ഇത് സംബന്ധിച്ച് അറിവ് നേടുകയുമാണ് പ്രദാനം. ദയവായി വിഷാദ രോഗത്തെ ഭ്രാന്തെന്ന് വ്യാഖ്യാനിക്കുന്നവരുടെ പുറകെ പോകാതിരിക്കാനും ശ്രദ്ധിക്കുക. ഈ അവസരത്തിൽ അമേരിക്കൻ സൈക്ക്യാട്രിക് അസോസിയേഷൻ്റെ ഡിപ്രഷന്റെ ലക്ഷണങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. അതിൽ പറയുന്ന കാര്യങ്ങൾ അറിയാം:
എന്താണ് വിഷാദം?
'ഡിപ്രഷൻ ഒരു സാധാരണവും എന്നാൽ ഗുരുതരവുമായ ഒരു മെഡിക്കൽ രോഗമാണ്, അത് നിങ്ങളുടെ വികാരത്തെയും, നിങ്ങൾ ചിന്തിക്കുന്ന രീതിയെയും, അതെങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെയും പ്രതികൂലമായി ബാധിക്കുന്നു. പക്ഷെ ഇത് ചികിത്സിക്കാവുന്നതുമാണ്. ഡിപ്രഷൻ കാരണം നിങ്ങൾക്ക് ഒരിക്കൽ ആസ്വദിച്ചിരുന്ന കാര്യങ്ങളിൽ താൽപര്യം നഷ്ടപ്പെടുന്നു. ഇത് പലതരം വൈകാരികവും ശാരീരികവുമായ പ്രശ്‌നങ്ങൾക്ക് കാരണമാവുകയും ജോലിസ്ഥലത്തും വീട്ടിലും പ്രവർത്തിക്കാനുള്ള ഒരു വ്യക്തിയുടെ കഴിവ് കുറയ്ക്കുകയും ചെയ്യും.
ലക്ഷണങ്ങൾ
ഇത് മിതമായതോ കഠിനമോ ആയ രീതികളിൽ കാണാം.
1. അതിയായ സങ്കടം തോന്നുക. ഡിപ്രസീവ് മൂഡിൽ ഇരിക്കുക.
2. ഒരിക്കൽ ആസ്വദിച്ച പ്രവർത്തനങ്ങളിൽ താൽപ്പര്യമോ സന്തോഷമോ നഷ്ടപ്പെടുന്നു
3. വിശപ്പിലെ മാറ്റങ്ങൾ - ഡയറ്റിംഗുമായി ബന്ധമില്ലാതെ ശരീരഭാരം കുറയുകയോ കൂടുകയോ ചെയ്യുക.
4. വളരെയധികം ഉറങ്ങുകയോ അല്ലെങ്കിൽ ഉറക്കമില്ലായ്മയോ ഉണ്ടാവുക.
5. ഒന്നിനോടും ഊർജമില്ലാതെ ഇരിക്കുക. ക്ഷീണം അനുഭവപ്പെടുക.
6. ലക്ഷ്യമില്ലാതെയുള്ള ശാരീരിക പ്രവർത്തനങ്ങളിലെ വർദ്ധനവ്, അല്ലെങ്കിൽ വേഗത കുറഞ്ഞ ചലനങ്ങളും സംസാരവും (മറ്റുള്ളവർ ശ്രദ്ധിക്കുന്ന പ്രവർത്തനങ്ങളിൽ)
7. സ്വയം വിലകെട്ടതെന്നോ അതിയായ കുറ്റബോധമോ തോന്നുക
8. ചിന്തിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും തീരുമാനങ്ങൾ എടുക്കുന്നതിലും ബുദ്ധിമുട്ട് നേരിടുക
9. മരണത്തെക്കുറിച്ചോ ആത്മഹത്യയെക്കുറിച്ചോ ഉള്ള ചിന്തകൾ.
വിഷാദരോഗം കണ്ടെത്തുന്നതിന് രോഗലക്ഷണങ്ങൾ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും നീണ്ടുനിൽക്കണം. കൂടാതെ, മെഡിക്കൽ അവസ്ഥകൾ (ഉദാ. തൈറോയ്ഡ് പ്രശ്നങ്ങൾ, ബ്രെയിൻ ട്യൂമർ അല്ലെങ്കിൽ വിറ്റാമിൻ കുറവ്) വിഷാദരോഗത്തിന്റെ ലക്ഷണങ്ങളെ അനുകരിക്കാൻ കഴിയും, അതിനാൽ പൊതുവായ മെഡിക്കൽ കാരണങ്ങൾ നിരാകരിക്കേണ്ടത് പ്രധാനമാണ്.
പുരുഷന്മാരേക്കാൾ സ്ത്രീകളാണ് അനുഭവിക്കുന്നത്
ഒരാൾക്ക് വിഷാദം എപ്പോൾ വേണമെങ്കിലും ഉണ്ടാകാം, പക്ഷേ ശരാശരി, കൗമാരത്തിന്റെ അവസാനത്തിൽ 20-കളുടെ മധ്യത്തിൽ ആദ്യം പ്രത്യക്ഷപ്പെടുന്നു. പുരുഷന്മാരേക്കാൾ സ്ത്രീകളാണ് വിഷാദം അനുഭവിക്കുന്നത്. ചില പഠനങ്ങൾ കാണിക്കുന്നത് മൂന്നിലൊന്ന് സ്ത്രീകൾക്ക് അവരുടെ ജീവിതകാലത്ത് ഒരു വലിയ വിഷാദം അനുഭവപ്പെടുമെന്നാണ്. വിഷാദം സങ്കടത്തിൽ നിന്നോ ദുഖത്തിൽ നിന്നോ ഒരാളുടെ മരണം മൂലമുണ്ടാവുന്ന വിയോഗ ദുഃഖത്തിൽ നിന്നോ വ്യത്യസ്തമാണ്. പ്രിയപ്പെട്ട ഒരാളുടെ മരണം, ജോലി നഷ്‌ടപ്പെടുന്നത് അല്ലെങ്കിൽ ഒരു ബന്ധം അവസാനിക്കുന്നത് ഒരു വ്യക്തിക്ക് സഹിക്കാൻ ബുദ്ധിമുട്ടുള്ള അനുഭവങ്ങളാണ്. അത്തരം സാഹചര്യങ്ങളോട് പ്രതികരിക്കുന്നതിന് സങ്കടമോ വിഷമമോ ഉണ്ടാകുന്നത് സാധാരണമാണ്.
നഷ്ടം അനുഭവിക്കുന്നവർ പലപ്പോഴും തങ്ങളെ 'വിഷാദരോഗികൾ' എന്ന് വിശേഷിപ്പിക്കാം. എന്നാൽ സങ്കടപ്പെടുന്നത് വിഷാദരോഗത്തിന് തുല്യമല്ല. ദു:ഖത്തിന്റെ പ്രക്രിയ ഓരോ വ്യക്തിക്കും സ്വാഭാവികവും വേറിട്ടതുമാണ്. പക്ഷെ അതേസമയം വിഷാദത്തിന്റെ ചില സവിശേഷതകൾ പങ്കിടുകയും ചെയ്യുന്നു. ദുഃഖവും രൂക്ഷമായ സങ്കടവും വിഷാദത്തെപ്പോലെ തന്നെ ഒരാളെ അയാളുടെ ദൈനംദിന പ്രവർത്തികളിൽ നിന്ന് അകറ്റാം. പക്ഷെ അവയുടെ പ്രധാന വഴികളെല്ലാം തന്നെ വ്യത്യസ്ത തരമാണ്.
ദു:ഖവും വിഷാദവും
1. ദുഖത്തിൽ, വേദനാജനകമായ വികാരങ്ങൾ തിരമാലകൾ പോലെയാണ് ഉണ്ടാവുക. പലപ്പോഴും അതിനിടയിൽ നല്ല ഓർമകളും വരും. പക്ഷെ മേജർ ഡിപ്രഷനിൽ ഒരാളുടെ താൽപ്പര്യങ്ങളും മൂഡും രണ്ടാഴ്ചയോളമെങ്കിലും സ്ഥിരമായി കുറഞ്ഞുകൊണ്ടേയിരിക്കും.
2. ദുഃഖം സാധാരണ ആത്മാഭിമാനത്തെ ബാധിക്കാറില്ല. പക്ഷെ ഒരു മേജർ ഡിപ്രഷനിൽ സ്വയം വില കെട്ടതായും സ്വയം വെറുപ്പുമാണ് സാധാരണ തോന്നുന്നത്.
3. ചിലർക്ക് പ്രിയപ്പെട്ടവരുടെ മരണം വിഷാദത്തിലേക്ക് നയിക്കാം.
4. ജോലി നഷ്‌ടപ്പെടുകയോ ശാരീരിക ആക്രമണത്തിനോ വലിയ ദുരന്തത്തിനോ ഇരയാകുന്നത് ചില ആളുകൾക്ക് വിഷാദരോഗത്തിന് കാരണമാകും.
5. ദുഖവും വിഷാദവും തമ്മിൽ ചില ഓവർലാപ്പുകൾ ഉണ്ടെങ്കിലും അവ വ്യത്യസ്തമാണ്. പക്ഷെ അവ ഒരുമിച്ചും ഉണ്ടാവാം. അവ തമ്മിൽ വേർതിരിക്കുന്നത് പ്രധാനമാണ്. അത് ആളുകൾക്ക് ആവശ്യമായ സഹായമോ പിന്തുണയോ ചികിത്സയോ നേടാൻ സഹായിക്കും.
വിഷാദം ആരെയും ബാധിക്കുന്ന ഒന്നാണ്. ഒരാളുടെ സമ്പത്തും ജീവിത നിലവാരവുമായി ഇതിനു നേരിട്ട് ബന്ധമൊന്നുമില്ല. ബാഹ്യ സൗകര്യങ്ങൾ നോക്കി ആളുകളെ വിലയിരുത്തരുത്. ഇപ്പൊ നമുക്ക് ചെയ്യാനുള്ളത് ഡിപ്രഷൻ അഥവാ വിഷാദ രോഗത്തിനെപ്പറ്റിയുള്ള അറിവ് സമൂഹത്തിലുണ്ടാക്കുക എന്നതാണ്. ഡിപ്രഷനെ മനസ്സിലാക്കാതെ പെരുമാറുന്നവർ പലപ്പോഴും അറിവില്ലായ്മ കൊണ്ടും കൂടിയാണ് അത് ചെയ്യുന്നത്. അതുകൊണ്ടാണ് ഏറ്റവും പ്രിയപ്പെട്ടവർ സഫർ ചെയ്യുമ്പോഴും അവർ അറിയാതെ പോകുന്നത്. ഈ ലക്ഷണങ്ങൾ ഓർത്തു വെയ്ക്കുക.
ഇത് നമുക്കോ നമ്മുടെ ചുറ്റുമുള്ളവർക്കോ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക. അവരോടു സംസാരിക്കുക. ആവശ്യമെങ്കിൽ മെഡിക്കൽ ഹെൽപ് തേടുക. ഏറ്റവും കൂടുതൽ വേണ്ടത് പരസ്പരം മനസ്സിലാക്കിയുള്ള പെരുമാറ്റമാണ്, കരുണയോടു കൂടിയുള്ള ഇടപെടലാണ്. കാരണം ഏറ്റവും വേണ്ടപ്പെട്ടൊരാൾക്ക് താങ്ങാകേണ്ടിയിരുന്ന സമയത്തു അതിനു പറ്റാതെ പോവുക എന്നതിനേക്കാളും വലിയ ദുരിതമില്ല ഈ ലോകത്തു. അതനുഭവിച്ചാലേ മനസ്സിലാകൂ'.
ഇങ്ങനെയാണ് ഇതു സംബന്ധിച്ച് പുറത്തു വന്നിരിക്കുന്ന ആ കുറിപ്പ് അവസാനിക്കുന്നത്. ഇത് വിഷാദ രോഗത്തെക്കുറിച്ച് ഏവർക്കും കൂടുതൽ ബോധ്യം വരാൻ ഇടയാകുമെന്ന് കരുതുന്നു. ഇന്ന് നമ്മുടെ നാട്ടിൽ പല രീതിയിലുള്ള മെഡിക്കൽ ബോധവത്ക്കരണ ക്ലാസുകളും ക്യാമ്പുകളും ഒക്കെ നടത്താറുണ്ട്. എന്നാൽ അവയിലൊക്കെ ഈ വിഷയത്തിൽ വലിയൊരു അറിവ് പകരുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഈ കാലത്ത് വലിയൊരു ബോധവത്ക്കരണം വേണ്ട വിഷയം തന്നെയാണ് ഡിപ്രഷൻ. സാധാരണക്കാരിൽ ഈ വിഷയത്തിലുള്ള അജ്ഞത ഇന്നും തുടരുന്നതിനാൽ നമ്മുടെ സമൂഹം പല ദുരന്തങ്ങളെയും നേരിടേണ്ടതായി വരുന്നു. ഡിപ്രഷനുമായി ബന്ധപ്പെട്ട അറിവ് സ്‌കൂൾ തലം മുതൽ പകരുന്നത് ഈ കാലഘട്ടത്തിൻ്റെ ആവശ്യമായിരിക്കുന്നു. അതുവഴി തൊട്ടടുത്ത് ഇരിക്കുന്ന ഒരാളെയെങ്കിലും വലിയ കുഴിയിലേയ്ക്ക് വീഴുന്നതിനു മുൻപ് നമുക്ക് രക്ഷിക്കാൻ സാധിച്ചെന്ന് ഇരിക്കും.