Health Alert | അനിയന്ത്രിതമായ പ്രമേഹം: ഈ 8 ലക്ഷണങ്ങള്‍ അവഗണിക്കരുത്


ദാഹം, പതിവായി മൂത്രമൊഴിക്കൽ, കടുത്ത വിശപ്പ് തുടങ്ങിയ ലക്ഷണങ്ങൾ പ്രമേഹത്തിന്റെ ലക്ഷണങ്ങളാകാം.
ന്യൂഡൽഹി: (KVARTHA) ഇന്ന് ഭൂരിഭാഗം ആളുകളെയും അലട്ടുന്ന ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. രക്തത്തിലെ ഉയര്‍ന്ന അളവിലുള്ള ഗ്ലൂക്കോസ് അഥവാ പഞ്ചസാരയുമായി ഈ രോഗാവസ്ഥ ബന്ധപ്പെട്ടിരിക്കുന്നു. ഒന്നുകില്‍ ശരീരം ആവശ്യത്തിന് ഇന്‍സുലിന്‍ (രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്ന ഒരു ഹോര്‍മോണ്‍) ഉത്പാദിപ്പിക്കാത്തതിനാലോ അല്ലെങ്കില്‍ അത് ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാത്തതിനാലോ ആണ് ഈ അവസ്ഥ ഉണ്ടാകുന്നത്. തെറ്റായ ജീവിതശൈലി, അമിതവണ്ണം തുടങ്ങി പല ഘടകങ്ങളും ഒരു വ്യക്തിയില്‍ പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നു എന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
പ്രമേഹം ടൈപ്പ് 1, ടൈപ്പ് 2 എന്നീ രണ്ട് തരത്തിലുണ്ട്. ടൈപ്പ് 1 പ്രമേഹത്തില്‍, ശരീരത്തിന്റെ പ്രതിരോധ സംവിധാനം ഇന്‍സുലിനിനെ ആക്രമിക്കുന്നു. ടൈപ്പ് 2 പ്രമേഹത്തില്‍ ശരീരം ഇന്‍സുലിന്‍ പ്രതിരോധിക്കും അല്ലെങ്കില്‍ പാന്‍ക്രിയാസ് ആവശ്യത്തിന് ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കില്ല, ഇത് മറ്റൊരു സാധാരണ പ്രമേഹമായാണ് കണകാക്കപ്പെടുന്നത്. പ്രമേഹം നിയന്ത്രിക്കാന്‍ വൈദ്യ സഹായം തേടുകയും കൃത്യസമയത്ത് മരുന്നുകള്‍ കഴിക്കേണ്ടതും അത്യാവശ്യമാണ്.
നിങ്ങള്‍ക്ക് ടൈപ്പ് 2 പ്രമേഹമുണ്ടെങ്കില്‍, ഇത് നിയന്ത്രിക്കാന്‍ നിങ്ങളുടെ ഭക്ഷണക്രമവും നിരീക്ഷിക്കേണ്ടതുണ്ട്. കാരണം ശരീരത്തിന്റെ പല അവയങ്ങള്‍ക്കും ക്ഷതം ഏല്‍പ്പിക്കാന്‍ പ്രമേഹത്തിന് കഴിയും. അതിനാല്‍ ഹൃദ്രോഗം, കണ്ണ്, കിഡ്‌നി പ്രശ്‌നങ്ങള്‍ തുടങ്ങിയ സങ്കീര്‍ണതകള്‍ തടയുന്നതിന് പ്രമേഹം ശരിയായ നിലയില്‍ നിയന്ത്രിക്കപ്പെടണം. ഇതിനായി അനിയന്ത്രിതമായ പ്രമേഹം എന്താണെന്നും അതിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്നും നാം അറിഞ്ഞിരിക്കണം. അവ ഏതെല്ലാമെന്ന് നോക്കാം.
എന്താണ് അനിയന്ത്രിതമായ പ്രമേഹത്തിലേക്ക് നയിക്കുന്നത്?
അനിയന്ത്രിതമായ പ്രമേഹം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ ഉയര്‍ന്നതാണ് എന്നാണ്. എന്‍ഡോക്രൈനോളജിസ്റ്റ് ഡോ മനീഷ് ശ്രീവാസ്തവ പറയുന്നതനുസരിച്ച് അനിയന്ത്രിതമായ പ്രമേഹത്തിന് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്, അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച മരുന്നുകളോ ഇന്‍സുലിന്‍ വ്യവസ്ഥകളോ പാലിക്കുന്നില്ല.
ഉയര്‍ന്ന പഞ്ചസാരയും കൊഴുപ്പും കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത്
ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം.
സമ്മര്‍ദ്ദവും രോഗവും(ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ഇന്‍സുലിന്‍ ഫലപ്രാപ്തിയെയും ബാധിക്കും.)
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി പരിശോധിക്കുന്നതില്‍ പരാജയപ്പെടുന്നത്( രക്തത്തിലെ പഞ്ചസാരയുടെ അളവ് അറിയാതിരിക്കാന്‍ ഇത് ഇടയാക്കുന്നു)
അനിയന്ത്രിതമായ പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയോ കുറയുകയോ ചെയ്യുന്നതിന്റെ ഏറ്റവും സാധാരണമായ ചില ലക്ഷണങ്ങള്‍ ഇവയാണ്.
1. വര്‍ദ്ധിച്ച ദാഹം
യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ അഭിപ്രായത്തില്‍, ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഒരു ഡെസിലിറ്ററിന് 80 മുതല്‍ 130 മില്ലിഗ്രാം (mg/dL) നും ഭക്ഷണത്തിന് രണ്ട് മണിക്കൂര്‍ കഴിഞ്ഞ് 180 mg/dL ന് താഴെയും ആയിരിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നാല്‍, ഇത് അധിക ഗ്ലൂക്കോസ് മൂത്രത്തിലൂടെ ഒഴുകാന്‍ കാരണമാകുന്നു. മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്ന ഈ ഗ്ലൂക്കോസ് ഓസ്‌മോസിസ് എന്ന പ്രക്രിയ വഴി രക്തത്തില്‍ നിന്ന് വെള്ളം വലിച്ചെടുക്കുകയും ഇത് നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇങ്ങനെ സംഭവിക്കുമ്പോള്‍ മസ്തിഷ്‌കത്തിന്റെ ദാഹത്തിന്റെ സംവിധാനം ഉത്തേജിപ്പിക്കുകയും കടുത്ത ദാഹം അനുഭവപ്പെടുകയും ചെയ്യുമെന്ന് ഡോ ശ്രീവാസ്തവ പറയുന്നു.
2. ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍
രക്തത്തിലെ പഞ്ചസാരയുടെ അളവ് 180 mg/dL കവിയുമ്പോള്‍ മൂത്രത്തില്‍ ഗ്ലൂക്കോസ് പ്രത്യക്ഷപ്പെടുന്നു. അധിക ഗ്ലൂക്കോസ് പുറന്തള്ളാന്‍, വൃക്കകള്‍ അതിനെ രക്തത്തില്‍ നിന്ന് അരിച്ചെടുത്ത് മൂത്രത്തില്‍ പുറന്തള്ളുന്നു. ഈ പ്രക്രിയയ്ക്ക് കൂടുതല്‍ വെള്ളം ആവശ്യമാണ്, ഇത് മൂത്രത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.
3. കടുത്ത വിശപ്പ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നതാണെങ്കിലും, ഗ്ലൂക്കോസ് മൂലം ഇന്‍സുലിന്‍ അല്ലെങ്കില്‍ ഇന്‍സുലിന്റെ പ്രതിരോധം കുറയുന്നു. ഈ അവസ്ഥ ഉണ്ടാകുമ്പോള്‍ കോശങ്ങള്‍ പട്ടിണിയാകുകയും ശരീരത്തിന് കൂടുതല്‍ ഭക്ഷണം ആവശ്യമാണെന്ന് തലച്ചോറിലേക്ക് ഒരു സിഗ്‌നല്‍ അയയ്ക്കപ്പെടുകയും ചെയ്യുന്നു. ഇത് കടുത്ത വിശപ്പുണ്ടാക്കാന്‍ കാരണമാകുന്നു.
4. ആസൂത്രിതമല്ലാത്ത ഭാരം കുറയ്ക്കല്‍
ഊര്‍ജ്ജത്തിനായി കോശങ്ങള്‍ക്ക് ഗ്ലൂക്കോസ് കിട്ടാതെ വരുമ്പോള്‍ വരുമ്പോള്‍, ശരീരം കൊഴുപ്പിനെയും പേശി ടിഷ്യുവിനെയും വിഘടിപ്പിച്ച് ഊര്‍ജ്ജം സൃഷ്ടിച്ചുത്തുടങ്ങുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ ഇടയാക്കുന്നു. കലോറി ഉപഭോഗം സാധാരണമായാലും വര്‍ദ്ധിച്ചാലും ഇത് സംഭവിക്കുന്നു എന്നാണ് വിദഗ്ദ്ധന്‍ പറയുന്നത്.
5. ക്ഷീണം
ആവശ്യത്തിന് ഇന്‍സുലിന്‍ ഇല്ലാതെവരുമ്പോള്‍ ഗ്ലൂക്കോസ് സെല്ലുകളില്‍ കയറി ഊര്‍ജ്ജമായി പ്രയോജനപ്പെടുന്നതിനു പകരം രക്തപ്രവാഹത്തില്‍ തുടരുന്നു. ഇത് ഊര്‍ജ്ജത്തിന്റെ അഭാവത്തിനും നിരന്തരമായ ക്ഷീണത്തിനും കാരണമാകുന്നു. മിതമായ അളവില്‍ ഉയര്‍ന്ന ഗ്ലൂക്കോസ് ലെവല്‍ (140 mg/dL-ന് മുകളില്‍) കൊണ്ട് ക്ഷീണം സംഭവിക്കാം, ഉയര്‍ന്ന അളവില്‍ തുടരുമ്പോള്‍ അവസ്ഥ കൂടുതല്‍ വഷളാകുകയും ചെയ്യുന്നു.
6. മങ്ങിയ കാഴ്ച
ഉയര്‍ന്ന രക്തത്തിലെ പഞ്ചസാര, ലെന്‍സിലേക്ക് ദ്രാവകം വലിച്ചെടുക്കുകയും ഇത് കണ്ണിന്റെ ലെന്‍സിന്റെ ആകൃതിയില്‍ മാറ്റങ്ങള്‍ വരുത്തുകയും ഇത് കാഴ്ചയെ വികലമാക്കുകയും ചെയ്യുന്നു. കാലക്രമേണ, ഇത് റെറ്റിനയിലെ രക്തക്കുഴലുകള്‍ക്ക് കേടുവരുത്തും, ഇത് കൂടുതല്‍ ഗുരുതരമായ കാഴ്ച പ്രശ്‌നങ്ങളിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു.
7. പതുക്കെ സുഖപ്പെടുത്തുന്ന വ്രണങ്ങള്‍
ഉയര്‍ന്ന ഗ്ലൂക്കോസിന്റെ അളവ് രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്നു, ഇത് രോഗശാന്തി പ്രക്രിയയെ വൈകിപ്പിക്കും. കൂടാതെ, ഉയര്‍ന്ന രക്തത്തിലെ പഞ്ചസാര അണുബാധകളെ ചെറുക്കാനുള്ള രോഗപ്രതിരോധ സംവിധാനത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. വാസ്തവത്തില്‍, ഉയര്‍ന്ന രക്തത്തിലെ പഞ്ചസാരയ്ക്ക് ബാക്ടീരിയകളുടെയും ഫംഗസുകളുടെയും വളര്‍ച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിയും, ഇത് ചര്‍മ്മം, മോണകള്‍, മൂത്രനാളി, ജനനേന്ദ്രിയ മേഖലകള്‍ എന്നിവടങ്ങളില്‍ ആവര്‍ത്തിച്ചുള്ള അണുബാധകള്‍ക്ക് കാരണമാകും.
8. കൈകളിലോ കാലുകളിലോ ഇക്കിളി അല്ലെങ്കില്‍ മരവിപ്പ്
നീണ്ടുനില്‍ക്കുന്ന ഉയര്‍ന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് ഞരമ്പുകള്‍ക്ക്, പ്രത്യേകിച്ച് കൈകാലുകള്‍ക്ക് തകരാറുകള്‍ സൃഷ്ടിക്കുന്നു. ഇത് കൈകളിലോ കാലുകളിലോ ഇക്കിളി, മരവിപ്പ്, വേദന എന്നിവയ്ക്ക് കാരണമാകും. ഈ അവസ്ഥ ഡയബറ്റിക് ന്യൂറോപ്പതി എന്നറിയപ്പെടുന്നു.
പ്രമേഹം നിയന്ത്രിക്കാനുള്ള വഴികള്‍ എന്തൊക്കെയാണ്?
അനിയന്ത്രിതമായ പ്രമേഹം ഹൃദ്രോഗം, പക്ഷാഘാതം, രക്താതിമര്‍ദ്ദം എന്നിവയ്ക്കുള്ള സാധ്യതയും മരണവും ഉള്‍പ്പെടെ നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് 20 ശതമാനത്തോളം ഹൃദയ സംബന്ധമായ മരണങ്ങള്‍ക്ക് കാരണമാകുന്നു. ഇത് കിഡ്നി തകരാറിലാകുന്നതിനും കണ്ണിന് കേടുപാടുകള്‍ വരുത്തുന്നതിനും കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു.
പ്രമേഹ നിയന്ത്രണത്തിനായി ഇക്കാര്യങ്ങള്‍ പിന്തുടരുക
ശരിയായി രീതിയിലുള്ള ഭക്ഷണക്രമം അഥവാ സമീകൃതാഹാരം പിന്തുടരുക. അതായത് കൂടുതല്‍ പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, അതുപോലെ മെലിഞ്ഞ പ്രോട്ടീനുകള്‍ എന്നിവ കഴിക്കുക. പഞ്ചസാരയും ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണം കുറച്ച് കഴിക്കുക.
ഓരോ ആഴ്ചയും കുറഞ്ഞത് 150 മിനിറ്റ് മിതമായ എയറോബിക് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുക, കാരണം വ്യായാമം രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക.
ടൈപ്പ് 2 പ്രമേഹത്തിന് ഇന്‍സുലിന്‍, ഓറല്‍ ഹൈപ്പോഗ്ലൈസെമിക്‌സ് എന്നിവയുള്‍പ്പെടെ നിര്‍ദ്ദേശിച്ച മരുന്നുകള്‍ കഴിക്കുക.
നിങ്ങളുടെ പുരോഗതി ട്രാക്ക് ചെയ്യുന്നതിനും ആവശ്യാനുസരണം പ്രമേഹ ചികിത്സ ക്രമീകരിക്കുന്നതിനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പതിവായി പരിശോധിക്കുക.
അനിയന്ത്രിതമായ പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ അറിയുകയും അത് കൈകാര്യം ചെയ്യുകയും ചെയ്യുന്നതിലൂടെ, ഈ വിട്ടുമാറാത്ത അവസ്ഥയുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളുടെ സാധ്യത കുറയ്ക്കാന്‍ നിങ്ങള്‍ക്ക് കഴിയും.
#diabetes #diabetesawareness #diabetescare #diabetesmanagement #diabetesprevention #diabeteshealth