Blood Color | രക്തത്തിൻ്റെ നിറം ചുവപ്പാണെങ്കിൽ ഞരമ്പുകൾ നീലയായി കാണുന്നതെന്തുകൊണ്ട്? അറിയാം
● നീലയായി കാണപ്പെടുന്നതിന്റെ ശാസ്ത്രീയ വിശദീകരണം.
● പ്രകാശത്തിന്റെ വ്യത്യാസം ഞരമ്പുകളുടെ നിറത്തെ ബാധിക്കുന്നു.
● നിറങ്ങളുടെ തരംഗദൈർഘ്യത്തിന്റെ വ്യത്യാസം ദൃശ്യ പ്രഭാവം ഉണ്ടാക്കുന്നു.
റോക്കി എറണാകുളം
(KVARTHA) രക്തം എന്നു കേൾക്കുമ്പോൾ തന്നെ ചുവപ്പ് നിറം നമ്മുടെ കണ്ണുകളിലും മനസ്സിലും ഒക്കെ ഓടിയെത്തുക സ്വഭാവികം. നല്ല ചുവപ്പ് നിറമാണ് നമ്മുടെ ശരീരത്തിലെ രക്തത്തിനുള്ളത്. എന്നാൽ നമ്മുടെ കൈകാലുകളുടെ ഞരമ്പുകൾ അല്ലെങ്കിൽ സിരകൾ ഒന്ന് ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാകും അതിൻ്റെ നിറം നീലയാണെന്ന്. ഇതെന്തുകൊണ്ടാണ്? രക്തം ചുവപ്പായിരിക്കെ ഞരമ്പുകൾ നീലയായി കാണുന്നതിനുള്ള കാരണം എന്താണെന്ന് പരിശോധിക്കാം.
സിരകളുടെ നിറം
രക്തത്തിന് ചുവപ്പ് നിറമാണെങ്കിലും രക്തമൊഴുകുന്ന സിരകൾ (ഞരമ്പുകൾ) നീല നിറത്തിൽ ആണ് കാണപ്പെടുന്നത്. സിരകൾ സ്വയം നീലയല്ല, അവ മിക്കവാറും നിറമില്ലാത്തവയാണ്. സിരകളിലൂടെ ഒഴുകുന്ന രക്തമാണ് അവയ്ക്ക് നിറം നൽകുന്നത്. എന്നാൽ മനുഷ്യ സിരകളിലെ രക്തം എപ്പോഴും ചുവന്നതാണ്. ഓക്സിജൻ അടങ്ങിയ രക്തം (കൂടുതലും ധമനികളിലൂടെ ഒഴുകുന്നത്) തിളക്കമുള്ള ചുവപ്പ് നിറത്തിലും, ഓക്സിജൻ നഷ്ടപ്പെട്ട രക്തം (കൂടുതലും സിരകളിലൂടെ ഒഴുകുന്നത്) കടും ചുവപ്പ് നിറത്തിലുമാണ് കാണപ്പെടുന്നത്.
യഥാർത്ഥത്തിൽ രക്തം ഒഴുകുന്ന നമ്മുടെ ഞരമ്പുകൾ ചുവപ്പാണെന്ന് ഒരു ശസ്ത്രക്രിയാ വിദഗ്ധൻ നിങ്ങളോട് പറയും. ചർമ്മത്തിലൂടെ കാണുമ്പോൾ അവ നീലയായി (പലപ്പോഴും പച്ച കലർന്ന നീല) കാണപ്പെടുന്നു എന്നെ ഉള്ളു. ചർമ്മത്തിന്റെയും, കൊഴുപ്പിന്റെയും പാളികളിലൂടെ കടന്നുപോകുന്ന പ്രകാശമാണ് സിരകളെ കാണാൻ നമ്മെ സഹായിക്കുന്നത്. പ്രകാശത്തിൽ വ്യത്യസ്ത നിറങ്ങൾ അടങ്ങിയിരിക്കുന്നു എന്നും അവയ്ക്ക് വ്യത്യസ്ത തരംഗദൈർഘ്യമാണെന്നും നമുക്കറിയാം. അതിനാൽ തന്നെ പ്രകാശത്തിലെ നീലയും ചുവപ്പും നിറങ്ങൾക്ക് തുളച്ച് കയറുന്നതിനുള്ള കഴിവ് വ്യത്യസ്തമാണ്.
ഉയർന്ന തരംഗദൈർഘ്യമുള്ള ചുവന്ന വെളിച്ചത്തിന് ചർമ്മത്തിലൂടെയും, ശരീര കോശങ്ങളിലൂടെയും നന്നായി സഞ്ചരിക്കാനും ചർമ്മത്തിന് 5-10 മില്ലിമീറ്റർ വരെ താഴെയെത്താനും കഴിയും, അവിടെയാണ് പല സിരകളും ഉള്ളത്. ഇത് സിരകളിലേക്ക് എത്തുമ്പോൾ, ചുവന്ന വെളിച്ചം ഹീമോഗ്ലോബിൻ ആഗിരണം ചെയ്യും. ചെറിയ തരംഗദൈർഘ്യമുള്ള നീല വെളിച്ചം എളുപ്പത്തിൽ ചർമ്മത്തിലേക്ക് തുളച്ചുകയറില്ല. നീല വെളിച്ചം ചർമ്മത്തിൽ എത്തുമ്പോൾ, അത് മിക്കവാറും ചിതറുകയും പ്രതിഫലിക്കുകയും ചെയ്യുന്നു.
അതിനാൽ തന്നെ നമ്മുടെ കണ്ണിലേക്ക് തിരികെ എത്തുന്നത് നീല വെളിച്ചമാണ്. രക്തം നമ്മുടെ ശരീരത്തിന് അത്യാന്താപേക്ഷിതമാണ്. ശരീരത്തിലുള്ള രക്തം വാർന്നുപോകുകയോ നിലയ്ക്കുകയോ ചെയ്താൽ പിന്നെ മരണമാകും സംഭവിക്കുക. അതുപോലെ തന്നെയാണ് നമ്മുടെ ശരീരത്തിലെ ഒരോ ഞരമ്പുകളും. രക്തവും ഞരമ്പുകളും മനുഷ്യശരീരത്തിൽ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. രക്തചംക്രമണ വ്യവസ്ഥയുടെ സുഗമമായ പ്രവർത്തനത്തിന് ഇവ രണ്ടും അത്യന്താപേക്ഷിതമാണ്.
#NerveColor #BloodColor #ScienceNews #HumanBody #Anatomy #Health