തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ അത്യാധുനിക ഓപ്പറേഷൻ തിയറ്റർ കോംപ്ലക്സ് ഒരുങ്ങുന്നു


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 19 കോടി രൂപ ചെലവിൽ ഓപ്പറേഷൻ തിയറ്റർ കോംപ്ലക്സ് നിർമിക്കും.
● അത്യാഹിത വിഭാഗത്തിനും ടെൻഡർ നടപടികൾ പൂർത്തിയായി.
● അത്യാഹിത വിഭാഗത്തിനായി 4.5 കോടി രൂപ ചെലവിടും.
● ഓപ്പറേഷൻ തിയറ്റർ കോംപ്ലക്സ് ഒരു വർഷത്തിനകം പൂർത്തിയാക്കും.
തളിപ്പറമ്പ്: (KVARTHA) തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഓപ്പറേഷൻ തിയറ്റർ കോംപ്ലക്സ് നിർമിക്കാൻ ടെൻഡർ നടപടികൾ പൂർത്തിയായി. കിഫ്ബി സഹായത്തോടെ 19 കോടി രൂപ ചെലവിട്ടാണ് കോംപ്ലക്സ് നിർമിക്കുന്നത്.
അസ്ഥിരോഗ വിഭാഗം, ഇഎൻടി വിഭാഗം, ജനറൽ സർജറി എന്നിവയ്‌ക്കായുള്ള രണ്ട് ഓപ്പറേഷൻ തിയറ്ററുകളും 50 കിടക്കകളുള്ള കിടത്തി ചികിത്സാ വിഭാഗവും നഴ്സിങ് സ്റ്റേഷനും കൗൺസലിങ് മുറിയും സജ്ജീകരിക്കും. അതോടൊപ്പം എക്സ്റേ, സിടി, യുഎസ്ജി സൗകര്യങ്ങളും ലഭ്യമാക്കും. ഒരു വർഷത്തിനുള്ളിൽ കെട്ടിട നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

നിലവിൽ 4.5 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന പുതിയ അത്യാഹിത വിഭാഗത്തിൻ്റെ പ്രവൃത്തികളും ടെൻഡർ ചെയ്തു കഴിഞ്ഞു. 12 കിടക്കകളും ഡോക്ടർമാരുടെയും നഴ്സുമാരുടെയും മുറി, മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ, സഹായകകേന്ദ്രം, കാത്തിരിപ്പ് മുറി എന്നിവയും ഇവിടെയുണ്ടാകും. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ പണിയുന്ന ഈ പുതിയ അത്യാഹിത വിഭാഗത്തിനും ടെൻഡറായിട്ടുണ്ട്.
എൻഎച്ച്എം വഴി 2.68 കോടി രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രസവമുറി, സെപ്റ്റിക് ലേബർ റൂം, എമർജൻസി തിയറ്റർ, ന്യൂബോൺ സ്റ്റെബിലൈസേഷൻ യൂണിറ്റ്, ഓപ്പറേഷൻ തിയറ്റർ, കുട്ടികളുടെ ഐസിയു, കുട്ടികളുടെ വാർഡ് തുടങ്ങിയ സൗകര്യങ്ങളുള്ള ലക്ഷ്യ ബ്ലോക്ക് ആശുപത്രിയിൽ നിലവിൽ നിർമാണം പൂർത്തിയായിട്ടുണ്ട്.
നേത്ര ബ്ലോക്ക് ഉൾപ്പെടെ പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വിഭാഗങ്ങളും ഇവിടേക്ക് മാറ്റിയിട്ടുണ്ട്. ആശുപത്രിയിലെ ഡ്രെയിനേജ് പ്രവൃത്തികളും അവസാന ഘട്ടത്തിലാണ്. മൂന്നര കോടി രൂപയുടെ പേവാർഡിൻ്റെ പ്രവൃത്തിയും ആരംഭിച്ചിട്ടുണ്ട്.
കാലങ്ങളോളമായി ഈ ആശുപത്രിയെ ആശ്രയിക്കുന്ന സാധാരണക്കാർക്ക് ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങളും സേവനങ്ങളും ഒരുക്കുന്നതിനാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ അത്യാഹിത വിഭാഗവും പേവാർഡും തിയറ്റർ കോംപ്ലക്സും നിർമിക്കുന്നതെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ പറഞ്ഞു.
തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? നിങ്ങളുടെ സുഹൃത്തുക്കളുമായി ഈ വാർത്ത ഷെയർ ചെയ്യൂ.
Article Summary: Thaliparamba hospital gets new operation theatre and emergency ward.
#Taliparamba #Hospital #Development #KeralaHealth #Kannur #MVGovindan