Disease | കണ്ണൂരിലെ 13കാരിയുടെ മരണ കാരണം 'അമീബിക് മസ്തിഷ്കജ്വരം'; എന്താണ് ഈ രോഗം? പൂളിൽ അടക്കം കുളിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


അമീബ ശരീരത്തിൽ പ്രവേശിച്ച് ഒന്നു മുതൽ 12 ദിവസങ്ങൾക്കുള്ളിൽ ഈ അണുബാധയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങും.
കണ്ണൂർ: (KVARTHA) കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കണ്ണൂർ ജില്ലയിലെ 13 കാരി മരിച്ചത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം. ഇക്കഴിഞ്ഞ ജൂൺ 12നാണ് ചികിത്സയിലിരിക്കെ പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. ഇത്തരം അമീബ ശരീരത്തിൽ പ്രവേശിച്ചാൽ അഞ്ചുദിവസം കൊണ്ട് തന്നെ രോഗലക്ഷണങ്ങൾ കാണാൻ കഴിയും. എന്നാൽ പൂളിൽ കുളിച്ച് മൂന്നര മാസം കഴിഞ്ഞാണ് പെൺകുട്ടിയിൽ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്.
ജനുവരി 28ന് മൂന്നാറിലേക്ക് യാത്രപോയ 13 കാരിക്ക് മെയ് എട്ടിനാണ് രോഗലക്ഷണം കണ്ടെത്തിയത്.
മൂന്നാറിൽ നിന്നുമാണ് രോഗബാധ ഉണ്ടായതെന്നാണ് അധികൃതർ അനുമാനിക്കുന്നത്. സ്കൂളിൽ നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് പെൺകുട്ടി പൂളിൽ കുളിച്ചിരുന്നു. ടൂർ കഴിഞ്ഞ് മടങ്ങി വന്ന ശേഷം തലവേദനയും ഛർദിയേയും തുടർന്ന് ചികിത്സയ്ക്ക് വിധേയമാക്കുകയായിരുന്നു.
കണ്ണൂരിലെ ആശുപത്രിയിലാണ് ആദ്യം ചികിത്സയ്‌ക്കെത്തിച്ചത്. ആരോഗ്യം മോശമായതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മരണശേഷം പരിശോധനാഫലം വന്നതിനെ തുടർന്നാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്.
എന്താണ് അമീബിക് മസ്തിഷ്കജ്വരം?
മലിനജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ മൂലമുണ്ടാകുന്ന അപൂർവ മസ്തിഷ്ക രോഗമാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്കജ്വരം. 'നെഗ്ലേരിയ ഫൗലേരി' എന്ന അമീബയാണ് രോഗത്തിന് കാരണം. ലോകമെമ്പാടും പരിസ്ഥിതിയിൽ സാധാരണയായി കാണപ്പെടുന്ന അമീബയാണിത്. ഈ അമീബ തലച്ചോറിൽ പ്രവേശിച്ച് വ്യക്തിയുടെ മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുന്നതിനാലാണ് രോഗം ഈ പേരിൽ അറിയപ്പെടുന്നത്.
തടാകങ്ങൾ, നദികൾ, ചൂടുനീരുറവകൾ എന്നിവ ഈ അമീബയ്ക്ക് പ്രിയപ്പെട്ട ആവാസ കേന്ദ്രങ്ങളാണ്. വ്യാവസായിക പ്ലാന്റുകളിൽ നിന്നുള്ള ചൂടുവെള്ളം പുറന്തള്ളൽ, ക്ലോറിനേറ്റ് ചെയ്യാത്ത മനുഷ്യനിർമിത ജലസ്രോതസുകൾ തുടങ്ങിയ ഇടങ്ങളിലും ഈ അമീബ കാണപ്പെടാം. മലിനമായ ടാപ്പ് വെള്ളത്തിൽ നെഗ്ലീരിയ ഫൗളേരി കാണപ്പെടാനുള്ള സാധ്യത വിരളമാണെങ്കിലും സംഭവിക്കാം. ചൂടുവെള്ള ഹീറ്ററുകളിൽ താപനില നിയന്ത്രിക്കുന്നില്ലെങ്കിൽ അമീബ വളരാൻ അനുയോജ്യമായ സാഹചര്യം ഉണ്ടാകാമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. പൂളിൽ കുളിക്കുമ്പോഴും കരുതൽ വേണം.
രോഗ ലക്ഷണങ്ങൾ
തലവേദന
പനി
ഓക്കാനം
ഛർദി
കഴുത്ത് വേദന
മാനസികാവസ്ഥയിൽ മാറ്റം
ബോധക്ഷയം
ഗുരുതര നാഡീ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം. ഗുരുതരമായ കേസുകളിൽ കോമയിലേക്ക് പോലും വഴുതി വീഴാം. അമീബ ശരീരത്തിൽ പ്രവേശിച്ച് ഒന്നു മുതൽ 12 ദിവസങ്ങൾക്കുള്ളിൽ ഈ അണുബാധയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങും.
രോഗം പകരുന്നത് എങ്ങനെ?
സാധാരണയായി, അമീബ പൂളുകളിലോ ചൂടുള്ള നീരുറവകളിലോ പുഴകളിലോ കുളിക്കുമ്പോൾ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും തലച്ചോറിലേക്ക് നീങ്ങുകയും ചെയ്യുന്നു. തുടർന്ന് മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കുന്നു. സാധാരണയായി, നീന്തുമ്പോൾ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിച്ചാണ് നെഗ്ലേരിയ ഫൗലേരി ആളുകളെ ബാധിക്കുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* ശുദ്ധജല സ്രോതസ്സുകളിൽ നീന്തുകയോ കളിക്കുകയോ ചെയ്യുമ്പോൾ:
മൂക്ക് അടയ്ക്കുന്ന ക്ലിപ്പ് ഉപയോഗിക്കുക.
തലയിൽ വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കുക.
മൂക്കിൽ വെള്ളം കയറിയാൽ ഉടൻ ശുദ്ധജലം ഉപയോഗിച്ച് കഴുകുക.
* ക്ലോറിനേറ്റ് ചെയ്യാത്ത ജലസ്രോതസ്സുകൾ ഒഴിവാക്കുക.
* മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുക.
* പൊതു കുളങ്ങൾ, ചൂടുള്ള നീരുറവകൾ, മലിനീകൃത ജലാശയങ്ങൾ എന്നിവിടങ്ങളിൽ നീന്തുകയോ മുങ്ങുകയോ ചെയ്യരുത്.
* മലിനമായ ടാപ്പ് വെള്ളം ഉപയോഗിച്ച് മുഖം കഴുകരുത്.
* ടാപ്പ് വെള്ളം തിളപ്പിച്ച് ഉപയോഗിക്കുക, പ്രത്യേകിച്ച് മലിനമായ പ്രദേശങ്ങളിൽ.
അമീബിക് മസ്തിഷ്കജ്വരം വളരെ ഗുരുതരമായ രോഗമാണ്. രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്. രോഗം നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ ജീവൻ രക്ഷിക്കാൻ സാധിക്കും. ജാഗ്രത പാലിക്കുക, സുരക്ഷിതരായിരിക്കുക.