വീണാ ജോർജിന് പദവിയിൽ തുടരാൻ അർഹതയില്ല: സണ്ണി ജോസഫ്

 
KPCC President Sunny Joseph Alleges Health Minister Veena George Unfit to Continue in Post, Cites Deteriorating 'Kerala Model' Health Sector
KPCC President Sunny Joseph Alleges Health Minister Veena George Unfit to Continue in Post, Cites Deteriorating 'Kerala Model' Health Sector

Image Credit: Facebook/ Sunny Joseph

● മരുന്ന്, ഉപകരണ ക്ഷാമം, ജീവനക്കാരുടെ കുറവ് എന്നിവ പ്രശ്നം.
● മെഡിക്കൽ കോളേജുകൾക്ക് മുൻപിൽ കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി.
● ഉമ്മൻചാണ്ടി സർക്കാരിന്റെ നേട്ടങ്ങളെ എൽ.ഡി.എഫ് തകർത്തു.
● ചികിത്സാ പിഴവുകൾ ആവർത്തിക്കുന്നത് തടയാൻ സർക്കാർ പരാജയം.
● ഡോക്ടർമാരുടെ സമരവും ഹാരീസ് ഹസന്റെ വിമർശനവും ഉയർത്തിക്കാട്ടി.


കണ്ണൂർ: (KVARTHA) സർക്കാർ ആരോഗ്യമേഖലയിൽ വരുത്തിയ പിശകുകൾ തിരുത്താതെ സ്വയം പഴിക്കുന്ന ആരോഗ്യമന്ത്രി വീണാ ജോർജിന് ആ പദവിയിൽ തുടരാൻ അർഹതയില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ. പറഞ്ഞു. 

ആരോഗ്യ വകുപ്പിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപകമായി മെഡിക്കൽ കോളേജുകൾക്ക് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ്ണയുടെ ഭാഗമായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുൻപിൽ നടന്ന പരിപാടിയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 

കൊട്ടിഘോഷിച്ച ആരോഗ്യരംഗത്തെ 'കേരള മോഡൽ' ഇന്ന് ലോകത്തിന് മുന്നിൽ തലകുനിക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യമന്ത്രി എത്രയൊക്കെ മാറ്റിപ്പറഞ്ഞാലും ആരോഗ്യമേഖലയ്ക്ക് അനുവദിച്ച തുകയിൽ ഗണ്യമായ വെട്ടിക്കുറവ് വരുത്തിയെന്നതാണ് വാസ്തവം. 

അഞ്ച് മെഡിക്കൽ കോളേജുകളിൽ നിന്ന് എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജ് എന്ന ആശയം നടപ്പാക്കി ഉമ്മൻചാണ്ടി സർക്കാർ ആരോഗ്യമേഖലയിൽ വൻ മാറ്റം നടപ്പാക്കിയപ്പോൾ, എൽ.ഡി.എഫ്. സർക്കാർ ഈ മെഡിക്കൽ കോളേജുകളെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം സാമ്പത്തിക ഞെരുക്കം ഏർപ്പെടുത്തി തകർത്തുവെന്നും സണ്ണി ജോസഫ് ആരോപിച്ചു.
 

മരുന്നിന്റെയും ഉപകരണങ്ങളുടെയും ക്ഷാമവും ജീവനക്കാരുടെ കുറവും ചൂണ്ടിക്കാട്ടിയാൽ അങ്ങനെയൊന്നുമില്ലെന്ന നിഷേധാത്മക നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. 

ആരോഗ്യമന്ത്രിയുടെ ഈ നിഷേധാത്മക മറുപടി അസ്ഥാനത്താണ്. ആരോഗ്യമേഖലയിലെ പ്രശ്നം പഠിക്കാൻ സർക്കാർ നിശ്ചയിച്ച കമ്മീഷന്റെ പ്രവർത്തനം തൃപ്തികരമല്ലെന്നും അദ്ദേഹം വിമർശിച്ചു.
 

ചികിത്സാ പിഴവുകൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കുന്നതിൽ സർക്കാർ പരാജയമാണ്. സ്വകാര്യമേഖലയിലെ ഭാരിച്ച ചെലവ് സാധാരണക്കാരന് താങ്ങാനാവാത്തതിനാൽ സർക്കാർ ആശുപത്രികളുടെ ശോചനീയ അവസ്ഥയ്ക്ക് മാറ്റം വരുത്തണം. 

ആരോഗ്യമേഖലയുടെ അനാരോഗ്യാവസ്ഥ പഠിക്കാനും പരിഹാരമാർഗ്ഗം നിർദ്ദേശിക്കാനും യു.ഡി.എഫ്. ഒരു കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. അതോടൊപ്പം ഒരു മെഡിക്കൽ കോൺക്ലേവ് നടത്താനും നിശ്ചയിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
 

ആരോഗ്യപരിപാലനത്തിന് കേരളം വലിയ പരിഗണന നൽകുമ്പോഴും ഡോക്ടേഴ്സ് ഡേ ദിനത്തിലും സംസ്ഥാന സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ ഡോക്ടർമാർ സമരമുഖത്താണ്. ഇടതുപക്ഷ സഹയാത്രികനായ ഡോ. ഹാരീസ് ഹസന്റെ വിമർശനങ്ങൾ യാഥാർത്ഥ്യങ്ങളാണ്. 

ഉപകരണക്ഷാമം കാരണം ശസ്ത്രക്രിയ മാറ്റിവെയ്ക്കേണ്ട സാഹചര്യം തുറന്നുപറയാൻ അദ്ദേഹം നിർബന്ധിതനായതാണ്. അത്രയേറെ പരിതാപകരമാണ് സർക്കാർ ആശുപത്രികളുടെ അവസ്ഥ. ഹാരീസ് ഹസന്റെ തുറന്നുപറച്ചിലിനെ അസഹിഷ്ണുതയോടെ നേരിട്ട ആരോഗ്യമന്ത്രിക്ക് പിന്നീട് തീരുമാനം മാറ്റേണ്ടിവന്നത് അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിൽ കഴമ്പുണ്ടെന്ന് കേരളീയ സമൂഹം അംഗീകരിച്ചതോടെയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
 

കേരളത്തിലെ ആരോഗ്യമേഖലയുടെ അവസ്ഥയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.


Article Summary: Sunny Joseph criticizes Health Minister Veena George on 'Kerala Model' health.


#KeralaHealth #VeenaGeorge #SunnyJoseph #KeralaModel #HealthCrisis #UDFProtest

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia