Bone Health | എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തണോ? കഴിക്കാം ഈ 5 ഭക്ഷണങ്ങള്‍
സ്‌ട്രോബെറി പോലുള്ള പഴങ്ങളിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു, ഇത് കാല്‍സ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്നു.
ന്യൂഡൽഹി: (KVARTHA) ആരോഗ്യകരമായ ശരീരത്തിന് ബലമുള്ള എല്ലുകള്‍ അത്യന്താപേക്ഷിതമാണ്. എല്ലുകള്‍ ബലഹീനമാകുന്തോറും ശരീരവും ശോഷിച്ചുത്തുടങ്ങും. അതിനാല്‍ എല്ലുകള്‍ ശക്തമായി നിലനിര്‍ത്തേണ്ടത് വളരെ ആവശ്യമാണ്. സജീവമായ വ്യായാമവും ജീവിതശൈലിയും അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുമെങ്കിലും അവയെക്കാള്‍ ഉപരി ഊര്‍ജം പകരുന്ന ഭക്ഷണക്രമമാന് പ്രധാനമായും നാം പിന്തുടരേണ്ടത്. കാരണം എല്ലുകള്‍ കഴിയുന്നത്ര ആരോഗ്യമുള്ളതായി ഉറപ്പാക്കാന്‍ മികച്ച ഭക്ഷണ തിരഞ്ഞെടുപ്പുകള്‍ ആവശ്യമാണ്. ഇതിനായി ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
1. പാലുല്‍പ്പന്നങ്ങള്‍
ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വെക്‌സ്‌നര്‍ മെഡിക്കല്‍ സെന്ററിലെ രജിസ്റ്റര്‍ ചെയ്ത ഡയറ്റീഷ്യന്‍ ന്യൂട്രീഷ്യന്‍ അന്റൊനെറ്റ് ഹാര്‍ഡി പറയുന്നതനുസരിച്ച് കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ എല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. കാരണം കാല്‍സ്യം അസ്ഥികളുടെയും പല്ലുകളുടെയും നിര്‍മ്മാണ ഘടകങ്ങളില്‍ ഒന്നാണ്. പാലുല്‍പ്പന്നങ്ങളില്‍ ധാരാളം കാല്‍സ്യം അടങ്ങിയിട്ടുളളതിനാല്‍ അവ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് ഏറ്റവും ആവശ്യമാണ്.
കാല്‍സ്യം കൂടാതെ, ഡയറിയില്‍ വിറ്റാമിന്‍ കെ 2 വും അടങ്ങിയിട്ടുണ്ട്. ഈ വിറ്റാമിന്‍ ടിഷ്യൂകളില്‍ നിന്ന് കാല്‍സ്യത്തെ അസ്ഥിയിലേക്ക് ആഴത്തില്‍ എത്തിക്കുകയും, എല്ലുകളെ ശക്തമാക്കുകയും ധമനികളുടെ കാല്‍സിഫിക്കേഷന്‍ തടയുകയും ചെയ്യുന്നു.
2. സ്‌ട്രോബെറിയും വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങളും കഴിക്കുക
വിറ്റാമിന്‍ സി ശരീരത്തെ കാല്‍സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു എന്നാണ് വിര്‍ജീനിയയിലെ അലക്‌സാണ്ട്രിയ ആസ്ഥാനമായുള്ള ഡോ.ബെര്‍ഗ്‌സ് ന്യൂട്രീഷണല്‍സിന്റെ ഡയറക്ടറായ ഡോ. ബെര്‍ഗ് പറയുന്നത്. മാത്രമല്ല ഈ പോഷകം അസ്ഥി കലകളുടെ പ്രധാന ഘടകമായ കൊളാജന്‍ ഉല്‍പാദപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു.
സ്‌ട്രോബെറിയിലും മറ്റ് സരസഫലങ്ങളിലും വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, ഇത് കാല്‍സ്യം കൂടുതല്‍ ഫലപ്രദമായി ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്നു. ഇതോടൊപ്പം എല്ലുകളുടെ തകര്‍ച്ചയും തടയുന്നു. അതിനാല്‍ എല്ലുകളെ ശക്തിപ്പെടുത്താന്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ള സ്‌ട്രോബെറിയും മറ്റ് പഴങ്ങളും കഴിക്കേണ്ടതുണ്ട്.
3. നട്‌സ്
കാല്‍സ്യം അടങ്ങിയ മറ്റൊരു ഭക്ഷണമാണ് നട്‌സ്. കാല്‍സ്യത്തിനോടൊപ്പം ഇവയില്‍ മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളിലെ കാല്‍സ്യം നിയന്ത്രിക്കുന്നവ ഉള്‍പ്പെടെ ശരീരത്തിലെ 300-ലധികം ബയോകെമിക്കല്‍ പ്രതിപ്രവര്‍ത്തനങ്ങളില്‍ സുപ്രധാന പങ്ക് വഹിക്കുന്നു. അതിനാല്‍ നട്‌സുകളില്‍ ബദാം, കശുവണ്ടി എന്നിവയാണ് കൂടുതലായും കഴിക്കേണ്ടത്. മാത്രമല്ല എല്ലുകളെ കഠിനമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന വിറ്റാമിന്‍ ഡി, കെ 2 എന്നിവ സജീവമാക്കുന്നതിനും മഗ്‌നീഷ്യം ആവശ്യമാണ്.
4. ടോഫു (ബീന്‍ തൈര്)
സോയാബീൻ പാലിൽ നിന്ന് നിർമ്മിച്ച സസ്യാധിഷ്ഠിത ഭക്ഷണമാണ് ടോഫു. ധാരാളം കാല്‍സ്യം അടങ്ങിയ മറ്റൊരു ഭക്ഷണമാണ് ടോഫു. പ്രത്യേകിച്ച് പാലുല്‍പ്പന്ന അലര്‍ജിയുള്ള ആളുകള്‍ക്കും മൃഗങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുന്നവര്‍ക്കും കാല്‍സ്യം ലഭ്യമാകാന്‍ ടോഫു കഴിക്കാവുന്നതാണ്. 19 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളും 19 നും 70 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരും പ്രതിദിനം 1,000 മില്ലിഗ്രാം കാല്‍സ്യം കഴിക്കേണ്ടതുണ്ട്. ഈ അളവില്‍ കാല്‍സ്യം കഴിക്കാനുള്ള എളുപ്പവഴിയാണ് ടോഫു.
5. ബ്രോക്കോളി
ബ്രോക്കോളി എല്ലാവരുടെയും പ്രിയപ്പെട്ട ഭക്ഷണമായിരിക്കില്ല, പക്ഷേ ഇത് എല്ലുകളെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു പോഷക കേന്ദ്രമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. എല്ലുകള്‍ വളരാനും സ്വയം നന്നാക്കാനും ആവശ്യമായ കാല്‍സ്യം, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ എന്നിവ എല്ലാം ബ്രോക്കോളിയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ബ്രോക്കോളി കഴിക്കുന്നതിലൂടെ എല്ലുകളുടെ ആരോഗ്യം കൂടുതല്‍ മെച്ചപ്പെടും.
എല്ലുകളുടെ ആരോഗ്യത്തിന് ഭക്ഷണത്തിനൊപ്പം സജീവമായ ജീവിതശൈലിയും വ്യായാമവും അത്യാവശ്യമാണ്. എന്നാൽ ഏത് തരം വ്യായാമം ചെയ്യണമെന്നും എന്തെല്ലാം ഭക്ഷണങ്ങൾ കഴിക്കണമെന്നും തീരുമാനിക്കുന്നതിന് മുൻപ് ഒരു ആരോഗ്യ വിദഗ്ധന്റെ നിർദേശം തേടുന്നത് നല്ലതാണ്. വ്യക്തിഗത ആരോഗ്യ പ്രശ്നങ്ങൾ, പ്രായം, ലിംഗം എന്നിവയെല്ലാം കണക്കിലെടുത്ത് ഒരു ഡോക്ടർ അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത ഡയറ്റീഷ്യൻ നിങ്ങള്‍ക്കായി ഒരു ഭക്ഷണ പദ്ധതി തയ്യാറാക്കി തരും. അവർ നിങ്ങളുടെ എല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും അനുയോജ്യമായ വ്യായാമങ്ങളും നിർദ്ദേശിക്കും.