സ്പ്രിംഗ്ലര്‍ മുഖേന ശേഖരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പു നല്‍കാനാകുമോ എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി; ബുധനാഴ്ച ഇതു സംബന്ധിച്ച വിശദീകരണം നല്‍കാമെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ അപേക്ഷ തള്ളിയ കോടതി ചൊവ്വാഴ്ച തന്നെ വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 21.04.2020) സ്പ്രിംഗ്ലര്‍ മുഖേന ശേഖരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പു നല്‍കാനാകുമോ എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. സ്പ്രിംഗ്ലര്‍ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോടതിയിലെത്തിയ പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ വിശദീകരണം തേടിയത്. എന്നാല്‍ ബുധനാഴ്ച ഇതു സംബന്ധിച്ച വിശദീകരണം നല്‍കാമെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ അപേക്ഷ തള്ളിയ കോടതി ചൊവ്വാഴ്ച തന്നെ വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടു.

വിവാദത്തില്‍ മറുപടി ആവശ്യപ്പെട്ട് സ്പ്രിംഗ്ലറിന് മെയില്‍ അയക്കാന്‍ കോടതി നിര്‍ദേശം നല്‍കി . വിവാദത്തില്‍ വ്യക്തത വരും വരെ ഇനി ഡാറ്റാ അപ്ലോഡ് ചെയ്യരുതെന്ന് സര്‍ക്കാരിന് കോടതി വാക്കാല്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

സ്പ്രിംഗ്ലര്‍ മുഖേന ശേഖരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പു നല്‍കാനാകുമോ എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി; ബുധനാഴ്ച ഇതു സംബന്ധിച്ച വിശദീകരണം നല്‍കാമെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ അപേക്ഷ തള്ളിയ കോടതി ചൊവ്വാഴ്ച തന്നെ വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടു

സ്പ്രിംഗ്ലറിനെതിരെ അമേരിക്കയില്‍ ഡാറ്റ മോഷണത്തിന് കേസുണ്ടെന്നും ഈ സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് അഭിഭാഷകനായ ബാലു ഗോപാല്‍ ഹൈക്കോടതിയെ സമീപിച്ചത്. കരാറിനെ കുറിച്ച് കേന്ദ്ര ഏജന്‍സിയെ കൊണ്ട് ഫോറന്‍സിക് ഓഡിറ്റ് നടത്തണം. ഇതുവരെ ശേഖരിച്ച ഡാറ്റകള്‍ സ്പ്രിംഗ്ലറിന് കൈമാറരുത്. കൊവിഡ് രോഗികളുടെ വിവരശേഖരണം സര്‍ക്കാര്‍ ഏജന്‍സിക്ക് കൈമാറണം തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിക്കാരന്‍ കോടതിയില്‍ ഉയര്‍ത്തിയിരിക്കുന്നത്.

അതേസമയം, നിര്‍ണായകമായ ഡാറ്റകള്‍ ഒന്നും ഈ സോഫ്ട്വെയര്‍ വഴി ശേഖരിക്കുന്നില്ല എന്ന വാദമാണ് സര്‍ക്കാര്‍ കോടതിയില്‍ ഉയര്‍ത്തിയത്. പെട്ടെന്ന് ഒരു സാഹചര്യത്തില്‍ പ്രവര്‍ത്തിക്കേണ്ടിവന്നതിനാലാണ് സര്‍ക്കാരിന് ഇതു സംബന്ധിച്ച തീരുമാനം എടുക്കേണ്ടി വന്നത്. സംസ്ഥാനത്തിന്റെ സൗകര്യങ്ങള്‍ ഡാറ്റാ വിശകലനത്തിന് പര്യാപ്തമല്ലാത്തതിനാലാണ് സ്പ്രിംഗ്ലറിനെ ഏല്‍പിക്കേണ്ടി വന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വിശദീകരിച്ചു.

രോഗികളുടെ എണ്ണം പൊതുവെ കുറവായ സാഹചര്യത്തില്‍ ഇവരുടെ സര്‍വീസ് എടുക്കുന്നത് എന്തിനെന്നു ചോദിച്ച കോടതി ഇപ്പോഴും സ്പ്രിംഗ്ലര്‍ മുഖേന ആണോ ഡാറ്റകള്‍ കൈകാര്യം ചെയ്യുന്നതെന്നും ചോദിച്ചു. മാത്രമല്ല, മെഡിക്കല്‍ ഡാറ്റകള്‍ എല്ലാം പ്രധാനപ്പെട്ടതാണെന്നും സര്‍ക്കാരിന്റെ വാദം അംഗീകരിക്കാവുന്നതല്ലെന്നും കോടതി നിലപാടെടുത്തു.

ഓണ്‍ലൈനായാണ് ഹര്‍ജി കോടതി പരിഗണിച്ചത്. സ്പ്രിംക്ലര്‍ കമ്പനിക്ക് വേണ്ടി ആരും ഹാജരായില്ല. വിവാദത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കമ്പനിക്ക് മെയില്‍ അയക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ഹര്‍ജിക്കാരന്‍ കൊവിഡ് രോഗിയാണോയെന്നും ഹൈക്കോടതി ചോദിച്ചു. അല്ലെന്നായിരുന്നു മറുപടി. പക്ഷേ അവരെ പ്രതിനിധീകരിച്ചാണ് എത്തിയതെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു.

ആശ വര്‍ക്കര്‍മാരാണ് വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ വിശദീകരിച്ചു. ഏതൊക്കെ രോഗങ്ങള്‍ക്കാണ് ചികിത്സ തേടുന്നത് എന്ന ചോദ്യം സെന്‍സിറ്റീവ് ആണ്. അതിനെയാണ് ചോദ്യം ചെയ്യുന്നത്, ഈവിവരങ്ങളാണ് സ്പ്രിംഗ്ലറിന് കൈമാറ്റം ചെയ്യുന്നതെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു, മൊബൈല്‍ ആപ്പ് വഴി ശേഖരിക്കുന്ന വിവരങ്ങളാണ് കമ്പനിക്ക് അയച്ചുകൊടുക്കുന്നത്. ഈ വിവരങ്ങള്‍ സേവ് ചെയ്യുന്നത് കമ്പനിയുടെ സെര്‍വറില്‍ ആണ്. ആളുകളുടെ അനുവാദം ഇല്ലാതെയാണ് വിവരം കൈമാറുന്നതെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സെര്‍വറിലാണ് വിവരങ്ങള്‍ ശേഖരിക്കുന്നതെങ്കില്‍ കുഴപ്പമില്ലെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു.

സര്‍ക്കാരിനായി അഡീഷണല്‍ എ ജിയാണ് കോടതിയില്‍ ഹാജരായത്. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ പെട്ടെന്ന് പ്രവര്‍ത്തിച്ചതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വിശദീകരിച്ചു. സെന്‍സിറ്റീവ് വിവരങ്ങള്‍ ഒന്നും ഇല്ല. അങ്ങനെ പറായാനാകില്ലെന്ന് പറഞ്ഞ കോടതി മെഡിക്കല്‍ വിവരങ്ങള്‍ സെന്‍സിറ്റീവ് മാത്രമല്ല അപകടകരവുമാണ് നിലപാടെടുത്തു.

എന്തിനാണ് മൂന്നാമത് ഒരു കമ്പനിയെ ഡെറ്റാ ശേഖരണം ഏല്‍പിച്ചതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതിയുടെ ചോദ്യം. സംസ്ഥാനത്തിന് സ്വന്തമായി ഐ ടി വിഭാഗം ഇല്ലേ? സേവനം എന്ന നിലയില്‍ മാത്രമാണ് സോഫ്ട് വെയര്‍ ഉപയോഗിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കി. ഡാറ്റാ ചോരുന്നില്ല എന്ന ഉറപ്പ് സംസ്ഥാന സര്‍ക്കാരിന് നല്‍കാനാകുമോ എന്നും ഹൈക്കോടതി ചോദിച്ചു.

സര്‍ക്കാര്‍ മറുപടി അപകടകരമാണെന്ന് കോടതി നിലപാടെടുത്തതോടെ വിശദമായ സത്യവാങ്മൂലം നല്‍കാമെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. കൃത്യമായ മറുപടി വരും വരെ ഡാറ്റാ അപ് ലോഡ് ചെയ്യരുതെന്നും കോടതി ആവശ്യപ്പെട്ടു. പന്ത്രണ്ടേമുക്കാലിന് വീണ്ടും കേസ് പരിഗണിച്ചപ്പോള്‍ എണ്‍പത് ലക്ഷം ആളുകളെ നിരീക്ഷിക്കേണ്ടിവുമെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.

വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നാല്‍ വ്യക്തികള്‍ക്ക് സര്‍ക്കാരിനെതിരെ നിയമ നടപടി സാധ്യമെന്നും കോടതി പറഞ്ഞു. എന്തിനാണ് അമേരിക്കന്‍ കോടതിയുടെ അധികാര പരിധി തെരഞ്ഞെടുത്തതെന്നും എന്തുകൊണ്ട് നിയമവകുപ്പുമായി ചര്‍ച്ച ചെയ്തില്ലെന്നും ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. കമ്പനി കാരണമല്ലല്ലോ കൊവിഡ് കേസുകള്‍ കുറഞ്ഞതെന്ന് ചോദിച്ച കോടതി ഡാറ്റാ ചോരുന്ന അവസ്ഥയുണ്ടായാല്‍ സര്‍ക്കാര്‍ മാത്രമാകും ഉത്തരവാദിയെന്നും വ്യക്തമാക്കി. കൊവിഡ് കാലത്തെ സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങളെ അഭിനനന്ദിക്കുന്നു. ഇപ്പോള്‍ സര്‍ക്കാരിനെതിരെ ഒന്നും പറയുന്നില്ല. കേസ് 24 ന് വീണ്ടും പരിഗണിക്കും

Keywords: Sprinkler data controversy in high court, High Court of Kerala, News, Trending, Health, Health & Fitness, Patient, Kochi, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia