Weight Loss | അമിതവണ്ണം കുറക്കാൻ യമണ്ടൻ നുറുങ്ങു വിദ്യകൾ

 
Weight Loss

*20,000 ചുവടുകൾ വെക്കുകയാണെങ്കിൽ, ഏകദേശം 1000 കലോറി കുറക്കാൻ നമുക്കു സാധിക്കും.

ന്യൂഡെൽഹി: (KVARTHA) ശ്വസിച്ചാൽ പോലും വണ്ണം വെക്കുന്നു എന്നതാണ്, അമിത വണ്ണം കൊണ്ട് ബുദ്ധിമുട്ടുന്നവർ സ്ഥിരമായി പറയുന്ന പ്രശ്നം. എന്തൊരു കഷ്ടമാണല്ലേ, ചിലരെ കണ്ടിട്ടില്ലേ എത്ര ഭക്ഷണം കഴിച്ചാലും വണ്ണം കൂടുകയുമില്ല, കുറയുകയുമില്ല. ഭാഗ്യവാന്മാ‌ർ. എന്നാൽ ഇനി എല്ലാവർക്കും ഭാഗ്യവാന്മാരാകാം, എങ്ങനെയെന്നല്ലേ, തുടക്കത്തിൽ കുറച്ചൊക്കെ പരിശ്രമിക്കേണ്ടി വരും എന്നിരുന്നാലും കുറഞ്ഞ ദിവസം കൊണ്ടു തന്നെ ഉണ്ടാകുന്ന മാറ്റങ്ങള്‍ നിങ്ങളെ അമ്പരപ്പിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

1. പതിവായി വ്യായാമം ചെയ്യുക

അമിതവണ്ണം കൊണ്ട് ബുദ്ധിമുട്ടുന്ന ഏതൊരാളും ഏറ്റവും അധികം കേട്ടിരിക്കാൻ സാധ്യതയുള്ള ഉപദേശമായിരിക്കും ഇത്. എന്നു കരുതി തള്ളിക്കളയരുത്. ദിവസേന കുറഞ്ഞത് 30 മിനുട്ടെങ്കിലും വ്യായാമം ചെയ്യുന്നതു വഴി് നമ്മുടെ ശരീരത്തിള്‍ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പിനെ സ്വാഭാവികമായി നീക്കം ചെയ്യാൻ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധയായ സിമ്രുൺ ചോപ്ര പറയുന്നത്.  

2. ചുവടുകൾ എണ്ണി നടക്കുന്നത് ശീലമാക്കുക

ജിമ്മിലേക്ക് പോകാൻ സാധിക്കാത്തതോ, മടി വരുന്നതോ ആയ ധാരാളം ആളുകള്‍ നമുക്കിടയിലുണ്ട്. വിഷമിക്കേണ്ട കാര്യമില്ല, ഒരു ദിവസം 15,000-ലധികം ചുവടുകൾ ലക്ഷ്യം വെക്കുക. വീട്ടിൽ നിന്നും സാധാരണ നടക്കുന്നതിനു പകരം എണ്ണിക്കൊണ്ട് നടക്കുക. നടക്കുന്നതു വഴി ധാരാളം കലോറി കുറഞ്ഞു കിട്ടും. ശരീരം ഉന്മേഷപ്രദമാകുകയും ചെയ്യും. 20,000 ചുവടുകൾ വെക്കുകയാണെങ്കിൽ, ഏകദേശം 1000 കലോറി കുറക്കാൻ നമുക്കു സാധിക്കും.

3. വിശക്കുമ്പോൾ കഴിക്കുക:

വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക എന്നത് മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ്. രാവിലെ നന്നായി ഭക്ഷണം കഴിച്ച ശേഷം, കുറച്ചു കഴിഞ്ഞ്, ചെറുതായി എന്തെങ്കിലും കഴിക്കുക, ആരോഗ്യപ്രദമായതു തന്നെ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അങ്ങനെ വരുമ്പോൾ ഉച്ചയൂണിനു സമയമാകുമ്പോൾ വലിയ വിശപ്പ് ഉണ്ടാകില്ല. ഉച്ചയൂണിനു ശേഷവും ഇതു പോലെ ചെയ്യുന്നതു വഴി രാത്രി അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം മാറികിട്ടും.

4. കലോറി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.

നമുക്ക് ഊർജം തരുന്ന നല്ല ഭക്ഷണങ്ങൾ കഴിക്കുക എന്നതാണ് പ്രധാനം. എന്തെങ്കിലും കഴിച്ച് വയറു നിറക്കുന്നതിനു പകരം, നല്ല ആരോഗ്യ ഗുണങ്ങളുള്ളതു ആവശ്യത്തിന് കലോറി പ്രധാനം ചെയ്യുന്നതുമായ ഭക്ഷണങ്ങൾ തന്നെ കഴിക്കാൻ ശ്രദ്ധിക്കുക.  

5. ചില ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുക

വറുത്തതും പൊരിച്ചതും ആയ ഭക്ഷണങ്ങളും, ഫാസ്റ്റ് ഫുഡുകളും ബീവറേജ് ഉൽപന്നങ്ങളും കഴിയുന്നതിൻ്റെ പരമാവധി ഒഴിവാക്കാൻ തന്നെ ശ്രമിക്കുക. കാരണം ഇത്തരം ഭക്ഷണങ്ങൾ കഴിക്കുമ്പോൾ നമ്മൾ അതു വരെ ഉണ്ടാക്കിയെടുത്തിട്ടുള്ള ആരോഗ്യ നേട്ടങ്ങൾ എല്ലാം തന്നെ നശിച്ചു പോവുകയാണ്. കുറച്ചു നേരത്തെ സന്തോഷത്തിനു വേണ്ടി ആരോഗ്യം നഷ്ടപ്പെടുത്തുന്ന ശീലം പാടേ ഉപേക്ഷിക്കുക.

6. നന്നായി വെള്ളം കുടിക്കുക

നമ്മൾ കേട്ട് വളർന്ന കാര്യമാണ്, പക്ഷേ നിസാരമായി കാണുന്ന ഒരു കാര്യം കൂടിയാണ്. ജലം നല്ല ആരോഗ്യത്തിൻ്റെ താക്കോലാണ്. ജലാംശം വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും, ശരീരത്തിൻ്റെ ആരോഗ്യകരമായ പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും ചെയ്യും. ദിവസവും നന്നായി വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

നമുക്കു തന്നെ ശ്രദ്ധിക്കാവുന്ന കുഞ്ഞു കുഞ്ഞു നുറുങ്ങു വിദ്യയിലൂടെ അമിതവണ്ണം എന്ന പ്രശ്നത്തെ നമുക്ക് അതിജീവിക്കാൻ സാധിക്കുമെന്നാണ് സിമ്രുൺ ചോപ്ര പറയുന്നത്.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia