ഷൈലജ ടീച്ചര്‍ക്ക് ആരോഗ്യം പ്രധാനം; സാമൂഹികനീതിയോടു ശ്രദ്ധ പേരിനു മാത്രം, സ്ത്രീസുരക്ഷാ വകുപ്പുകൂടി വരുമ്പോഴെന്താകും?

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 02.09.2016) ആരോഗ്യ വകുപ്പിനു കൂടുതല്‍ പരിഗണന കൊടുക്കുന്നതിനിടെ സാമൂഹ്യനീതി വകുപ്പിനു മന്ത്രി കെ കെ ഷൈലജയുടെ ശ്രദ്ധ കിട്ടുന്നില്ലെന്നു പരാതി. മുഖ്യന്ത്രിക്കോ മന്ത്രിക്കോ ആരെങ്കിലും രേഖാമൂലം പരാതി നല്‍കിയെന്നല്ല. സാമൂഹ്യനീതി വകുപ്പാണ് കേരളത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് ശരിയായ അര്‍ത്ഥത്തില്‍ത്തന്നെ സാമൂഹികനീതി ഉറപ്പാക്കുന്ന വിവിധ സ്ഥാപനങ്ങളെ ഏകോപിപ്പിക്കുന്നത്.

എന്നാല്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറു ദിവസം പിന്നിട്ടിട്ടും മന്ത്രിയുടെ വേണ്ടത്ര ശ്രദ്ധ അവിടങ്ങളിലേക്ക് എത്തിയിട്ടില്ല. മനപ്പൂര്‍വമല്ല, ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങളാണു കാര്യം. ഉദാഹരണത്തിന്, മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ സ്വാശ്രയ മാനേജ്‌മെന്റുകളുമായുള്ള ചര്‍ച്ചകള്‍ അനിശ്ചിതമായി നീളുകയാണ്. അതിലെല്ലാം ആരോഗ്യ മന്ത്രിയാണ് മുഖ്യമായും പങ്കെടുക്കുന്നത്.

അംഗന്‍വാഡികള്‍, വികലാംഗക്ഷേമ കോര്‍പറേഷന്‍, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍, കുടുംബശ്രീ, വനിതാ കമ്മീഷന്‍, വനിതാ വികസന കോര്‍പറേഷന്‍, ബാലാവകാശ കമ്മീഷന്‍ എന്നിവയെല്ലാം സാമൂഹികനീതി വകുപ്പിനു കീഴിലാണ്. ഇവയ്‌ക്കെല്ലാം പ്രത്യേക ഭരണ സംവിധാനവും ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വവുമുണ്ട്. പക്ഷേ, സാമൂഹികനീതി വകുപ്പ് മന്ത്രിയുടെ നോട്ടം കൂടി ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് വകുപ്പിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സാമൂഹികനീതി വകുപ്പ് വിപുലീകരിച്ച് സ്ത്രീസുരക്ഷാ വകുപ്പാക്കി മാറ്റാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന ശക്തമാണ്. പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്ന സ്ത്രീസുരക്ഷാ വകുപ്പ് പ്രത്യേകം രൂപീകരിച്ച് അതിനു മാത്രമായി ഒരു മന്ത്രിയെ വയ്ക്കുന്നത് പരിഗണനയിലില്ലെന്നാണു വിവരം. സാമൂഹികനീതി വകുപ്പിനെ വിപുലീകരിച്ച് പേരും മാറ്റാനാണ് ആലോചിക്കുന്നത്. ഇപ്പോള്‍ വകുപ്പ് ചെയ്യുന്ന കാര്യങ്ങള്‍ക്കു പുറമേ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും സുരക്ഷയ്ക്കുമുള്ള പ്രവര്‍ത്തനങ്ങള്‍കൂടി നടപ്പാക്കും.

അതോടെ ആ വകുപ്പിന്റെ ജോലിഭാരം വര്‍ധിക്കുകയും ചെയ്യും. അപ്പോഴും ആരോഗ്യ വകുപ്പിനു ശേഷം നാമമാത്ര പരിഗണന മാത്രമാണ് ശൈലജ ടീച്ചര്‍ നല്‍കുന്നതെങ്കില്‍ പിണറായി സര്‍ക്കാരിനു തന്നെ അത് പേരുദോഷമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഷൈലജ ടീച്ചര്‍ക്ക് ആരോഗ്യം പ്രധാനം; സാമൂഹികനീതിയോടു ശ്രദ്ധ പേരിനു മാത്രം, സ്ത്രീസുരക്ഷാ വകുപ്പുകൂടി വരുമ്പോഴെന്താകും?

Keywords:  Kerala, Thiruvananthapuram, Minister, Health, Women, Pinarayi vijayan, LDF, Medical College, KK Shailaja teacher. Shailaja teacher giving less consideration for social justice

Aster_MIMS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia