Safety | എന്തുകൊണ്ട് പ്രസവം ആശുപത്രിയിൽ വെച്ചു തന്നെയാകണം?


-
പ്രസവം ഏത് സമയത്തും സങ്കീർണ്ണമാകാം.
-
ആശുപത്രിയിലെ പ്രസവം സുരക്ഷിതത്വം ഉറപ്പാക്കുന്നു.
-
മുൻകാലങ്ങളിൽ മാതൃ-ശിശു മരണനിരക്ക് വളരെ കൂടുതലായിരുന്നു.
-
വീട്ടിലെ പ്രസവം ഇപ്പോഴും അപകടം നിറഞ്ഞതാണ്.
-
സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭ്യമാണ്
ഡോ. വി മീനാക്ഷി
ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ, കുടുംബ ക്ഷേമം, കേരളം എഴുതുന്നു.....
(KVARTHA) പ്രസവം ഏത് സമയത്തും അപ്രതീക്ഷിതമായി സങ്കീർണ്ണമായേക്കാം. അത് യഥാസമയം കൈകാര്യം ചെയ്യാനുള്ള സൗകര്യം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. അതിനാൽ, പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രി തന്നെ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉചിതമായ തീരുമാനം.
ഏകദേശം 50 വർഷങ്ങൾക്കു മുമ്പ് വരെ ആശുപത്രി സൗകര്യങ്ങൾ പരിമിതമായിരുന്ന ഒരു കാലഘട്ടത്തിൽ പ്രസവം കൂടുതലും വീടുകളിലായിരുന്നു നടന്നിരുന്നത്. അക്കാലത്ത് പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരണമടയുന്നത് സാധാരണ സംഭവമായിരുന്നു. മാതൃമരണവും ശിശുമരണവും അന്നത്തെ കാലത്ത് ഇന്നത്തേതിനേക്കാൾ വളരെയധികം കൂടുതലായിരുന്നു. ഈ ദയനീയ അവസ്ഥയെ തുടർന്നാണ് ആളുകൾ പ്രസവത്തിന് ആശുപത്രികളെ ആശ്രയിക്കാൻ തുടങ്ങിയത്. 1951ൽ ഇന്ത്യയിൽ ഒരു ലക്ഷം സ്ത്രീകൾ പ്രസവിക്കുമ്പോൾ ആയിരം പേർ മരണമടഞ്ഞിരുന്നു എന്ന് മുദലിയാർ കമ്മിറ്റി റിപ്പോർട്ട് സൂചിപ്പിക്കുന്നു. എന്നാൽ ഇന്ന് ഈ നിരക്ക് 97 ആയി കുറഞ്ഞിട്ടുണ്ട്. കേരളത്തിൽ ഇത് 19 ആണ് (എസ് ആർ. എസ് -2018-19).
മുൻകാലങ്ങളിൽ സിനിമകളിൽ പ്രസവം വീട്ടിലായാലും ആശുപത്രിയിലായാലും കുടുംബാംഗങ്ങൾക്ക് മുഴുവൻ സംഘർഷം നിറഞ്ഞ ഒരനുഭവമായാണ് ചിത്രീകരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ വൈദ്യശാസ്ത്രരംഗം വളരെയധികം പുരോഗമിച്ചതോടെ ആ സംഘർഷഭരിതമായ പ്രസവ രംഗങ്ങൾ സന്തോഷകരമായ നിമിഷങ്ങളായി മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഇന്ന് സിനിമകളിൽ പോലും പ്രസവസമയത്ത് അമ്മയോ കുഞ്ഞോ മരിക്കുന്ന ദൃശ്യങ്ങൾ നമ്മൾ കാണാറില്ല.
അപകടങ്ങൾ കുറഞ്ഞുവന്നപ്പോൾ പ്രസവം വളരെ ലളിതമായ ഒരു കാര്യമാണെന്നും ആശുപത്രിയിൽ പോകേണ്ടതില്ലെന്നുമുള്ള ഒരു തെറ്റായ ചിന്ത വളരെ ചെറിയൊരു വിഭാഗം ആളുകൾക്കെങ്കിലും തോന്നിത്തുടങ്ങുന്ന ഒരു പ്രതിലോമകരമായ അവസ്ഥ നിലവിലുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇത് തീർത്തും അപകടകരമാണെന്ന് പറയാതെ വയ്യ. പ്രസവസമയത്ത് സംഭവിക്കാവുന്ന അപകടങ്ങളെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ വൈദ്യശാസ്ത്രത്തിനും നമ്മുടെ ആശുപത്രി സംവിധാനങ്ങൾക്കും സാധിക്കുന്നു എന്നതുകൊണ്ടാണ് പലപ്പോഴും ഇത് നമുക്ക് അത്ര ലളിതമായി തോന്നുന്നത്. വാസ്തവത്തിൽ, ശരിയായ സംവിധാനങ്ങൾ ഇല്ലെങ്കിൽ മുൻകാലങ്ങളിലെപ്പോലെ ഗുരുതരമായ അപകടങ്ങൾ ഇപ്പോഴും സംഭവിക്കാവുന്നതാണ്.
പ്രസവത്തോട് അനുബന്ധിച്ച അപകട സാധ്യതകൾ എന്തെല്ലാം?
-
അമിത രക്തസ്രാവം: പ്രസവസമയത്ത് അമിത രക്തസ്രാവം ആർക്കൊക്കെ ഉണ്ടാകാം എന്നതിന് ചില സൂചനകൾ ഉണ്ടെങ്കിൽ പോലും, ഈ അപകടം എപ്പോൾ, ആർക്കൊക്കെ സംഭവിക്കാം എന്ന് പൂർണ്ണമായും പ്രവചിക്കാൻ കഴിയില്ല. മാതൃ മരണങ്ങളുടെ പ്രധാന കാരണങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നത് അമിത രക്തസ്രാവം, അമിത രക്തസമ്മർദ്ദം, അണുബാധ എന്നിവയാണ്. ഒരു സാധാരണ ആശുപത്രി ലേബർ റൂമിൽ പരിശീലനം സിദ്ധിച്ച ഡോക്ടർമാരും നഴ്സുമാരും ചെയ്യുന്നത് ഈ അപകടസാധ്യതകൾ തടയുകയും നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ്. അണുവിമുക്തമായ ഉപകരണങ്ങളും, മാനദണ്ഡങ്ങൾക്കനുസൃതമായ മുൻകരുതലുകളും ഒരുക്കിയാണ് പ്രസവ മുറികളിൽ ഇതിനായുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്.
പ്രസവശേഷം സാധാരണയായി ഹോർമോൺ പ്രവർത്തനത്തിൽ ഗർഭപാത്രം ചുരുങ്ങും. എന്നാൽ ചില സ്ത്രീകളിൽ ഇത് ചുരുങ്ങാതെ വരികയാണെങ്കിൽ അമിതമായി രക്തം പുറത്തേക്ക് വരുന്ന പ്രശ്നമുണ്ടാകാം. അപ്പോൾ കൃത്യ സമയത്ത് ശരിയായ ചികിത്സ ലഭിക്കാതെ വന്നാൽ അമിതമായ രക്തസ്രാവം ഉണ്ടാവുകയും അത് മരണത്തിന് കാരണമാവുകയും ചെയ്യാം. ഇതുകൂടാതെ അമിതമായ വിളർച്ചയുള്ളവർക്കും, ഒന്നിലധികം കുഞ്ഞുങ്ങളെ ഗർഭം ധരിച്ചിട്ടുള്ളവർക്കും പ്രസവസമയത്ത് അമിത രക്തസ്രാവം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
കുഞ്ഞു പിറന്നതിനുശേഷം മറുപിള്ള (പ്ലാസന്റ) പുറത്തുവരുന്നതിനു മുമ്പുള്ള സമയത്ത് അമിത രക്തസ്രാവം ഉണ്ടാകാനുള്ള സാധ്യത മനസ്സിലാക്കി മരുന്ന് നൽകുന്നത് ലേബർ റൂമുകളിൽ ഒരു ജീവൻ രക്ഷാപ്രവർത്തനമായി മാറുന്നത് ഈ കാരണത്താലാണ്. ഗർഭപാത്രം ചുരുങ്ങാനുള്ള മരുന്നാണ് അപ്പോൾ നൽകുന്നത്. ഈ ചികിത്സാരീതി ലഭ്യമായിത്തുടങ്ങിയതിനു ശേഷമാണ് മാതൃമരണങ്ങൾ ഗണ്യമായി കുറയ്ക്കാൻ സാധിച്ചത്. വീട്ടിൽ പ്രസവിക്കുന്ന ഒരു സ്ത്രീക്ക് ഈ മരുന്ന് അവിടെ നൽകാൻ കഴിയില്ല. മാത്രമല്ല, മരുന്നിന്റെ ഡോസ് നിശ്ചയിക്കുന്ന രീതി ഒരു ഡോക്ടർക്ക് മാത്രമേ നിർണ്ണയിക്കാൻ കഴിയൂ. ഗർഭകാലത്ത് മറ്റ് സങ്കീർണ്ണതകളൊന്നും കണ്ടെത്താൻ കഴിയാത്തവരിലും പ്രസവാനന്തരം അമിത രക്തസ്രാവം ഉണ്ടാകാം. എന്നാൽ ഇത് മുൻകൂട്ടി പ്രവചിക്കാൻ സാധിക്കാത്ത ഒരവസ്ഥയാണ്. ഇത് യഥാസമയം കണ്ടെത്തി ശരിയായ ചികിത്സ നൽകുന്നതിന് പരിശീലനം സിദ്ധിച്ച ഒരു ഡോക്ടർക്ക് മാത്രമേ സാധിക്കൂ.
-
ദീർഘമായ പ്രസവം: എല്ലാ പരിശോധനാ ഫലങ്ങളും സാധാരണ നിലയിലാണെങ്കിലും ചില സ്ത്രീകൾക്ക് പ്രസവം പെട്ടെന്ന് തടസ്സപ്പെടാൻ സാധ്യതയുണ്ട്. നല്ല ശ്രദ്ധയും പരിചരണവും ഉണ്ടെങ്കിൽ മാത്രമേ ഇത് തിരിച്ചറിയാൻ സാധിക്കൂ. മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന പ്രസവസമയത്ത് കുഞ്ഞു പുറത്തേക്ക് വരുന്ന ഇടുപ്പെല്ലിലൂടെയുള്ള സഞ്ചാര പാതയിൽ തടസ്സം വരുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം. കുഞ്ഞിന്റെ വലുപ്പം കൂടുതലുള്ളതുകൊണ്ടോ, സഞ്ചാര പാതയുടെ വ്യാപ്തി കുറവായതുകൊണ്ടോ, സഞ്ചാര പാതയിൽ ശരിയായ ദിശയിലല്ലാതെ കുഞ്ഞു പ്രവേശിക്കുന്നതുകൊണ്ടോ ഒക്കെ ഇത് സംഭവിക്കാം. പരിചയസമ്പന്നനായ ഒരു ഡോക്ടർക്ക് മാത്രമേ ഇത് കൃത്യസമയത്ത് കണ്ടെത്തി സിസേറിയൻ ഉൾപ്പെടെയുള്ള അടിയന്തര ചികിത്സ നൽകാൻ കഴിയൂ.
എന്നാൽ ഇത് അവഗണിച്ച് പ്രസവ വേദനയുണ്ടായാൽ സ്വയം പ്രസവിക്കും, പുഷ് ചെയ്താൽ മതി എന്ന് കരുതിയാൽ ചിലപ്പോൾ ഗർഭപാത്രം തന്നെ പിളർന്നുപോകാൻ സാധ്യതയുണ്ട്. ഈ അവസ്ഥയിൽ അമ്മയും കുഞ്ഞും മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കുഞ്ഞ് ഏറെ നേരം അമ്മയുടെ ഗർഭപാത്രത്തിൽ കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധിക്കാതെ പോയാൽ ഓക്സിജൻ തലച്ചോറിൽ എത്തുന്നത് കുറഞ്ഞ് ഹൈപ്പോക്സിയ ഉണ്ടാകാം. ഈ അവസ്ഥയിൽ കുഞ്ഞിനെ ജീവനോടെ കിട്ടിയാൽ പോലും തലച്ചോറിൻ്റെ പ്രവർത്തനക്ഷമത കുറഞ്ഞ് ബുദ്ധിമാന്ദ്യം സംഭവിക്കാനും സെറിബ്രൽ പാഴ്സി പോലുള്ള രോഗങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഇത് ഒഴിവാക്കാൻ പ്രസവം ആശുപത്രിയിലാക്കുന്നതാണ് ഏറ്റവും ഉത്തമം.
-
രക്‌താതിമർദ്ദം: പ്രസവത്തിന് മുമ്പ് രക്തസമ്മർദ്ദം സാധാരണ നിലയിലായിരുന്നവരിൽ പോലും പ്രസവസമയത്തും അതിനുശേഷവും അസാധാരണമായി രക്തസമ്മർദ്ദം കൂടുന്ന അവസ്ഥ വരാം. ഇതിൻ്റെ പ്രത്യാഘാതമായി അപസ്മാരം ഉൾപ്പെടെ ഉണ്ടാകാറുണ്ട്. അപൂർവ്വമായിട്ടാണെങ്കിലും പ്രസവത്തോട് അനുബന്ധിച്ചുണ്ടാകാവുന്ന തലച്ചോറിലെ രക്തസ്രാവം, അപസ്മാരം എന്നിവ മാതൃ മരണത്തിന് കാരണമാകാം.
-
കുഞ്ഞിൻ്റെ ഹൃദയമിടിപ്പ്, വ്യതിയാനങ്ങൾ: പ്രസവം മുന്നേറുമ്പോൾ കൃത്യമായ ഇടവേളകളിൽ കുഞ്ഞിൻ്റെ ഹൃദയമിടിപ്പ് നിരീക്ഷിക്കുന്നത് വളരെ പ്രധാനമാണ്. ഇലക്ട്രോണിക് ഫീറ്റൽ മോണിറ്ററിംഗ് ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. പ്രശ്ന സാധ്യതയുള്ള കുഞ്ഞുങ്ങളിൽ തുടർച്ചയായ പരിശോധന ആവശ്യമാണ്. കുഞ്ഞിൻ്റെ ഹൃദയമിടിപ്പ് അമിതമായി കുറഞ്ഞു വരികയാണെങ്കിൽ അടിയന്തര ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ രക്ഷിക്കേണ്ടതായി വരും.
-
അണുബാധ: പ്രസവത്തോട് അനുബന്ധിച്ച് അമ്മയ്ക്കും കുഞ്ഞിനും ഉണ്ടാകാൻ സാധ്യതയുള്ള അണുബാധ തടയുന്നത് വളരെ പ്രധാനമാണ്. അതിനായി പ്രസവമുറിയും അനുബന്ധ ഉപകരണങ്ങളും അണുവിമുക്തമായാണ് സൂക്ഷിച്ചിരിക്കുന്നത്. അമ്മയ്ക്കോ കുഞ്ഞിനോ അണുബാധയുണ്ടായാൽ യഥാസമയം ഫലപ്രദമായ ചികിത്സ നൽകാൻ സാധിച്ചില്ലെങ്കിൽ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുകയും മരണം വരെ സംഭവിക്കാനും കാരണമാകുന്നു. ആശുപത്രികളിൽ അണുബാധ കൈകാര്യം ചെയ്യാൻ ഫലപ്രദമായ സംവിധാനങ്ങൾ ഉണ്ട്. എന്നാൽ വീട്ടിൽ പ്രസവിക്കുന്ന സാഹചര്യത്തിൽ ഇത്തരം സങ്കീർണ്ണതകൾ ഒഴിവാക്കാൻ പലപ്പോഴും സാധിക്കാതെ വരും.
സർക്കാർ ആശുപത്രികൾ
ഗർഭകാല പരിചരണവും അനുബന്ധ ചികിത്സയും അമ്മയ്ക്കും കുഞ്ഞിനും തികച്ചും സൗജന്യമായാണ് സർക്കാർ ആശുപത്രികളിൽ ലഭ്യമാക്കുന്നത്. ഇതിനുള്ള മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ എല്ലാ സർക്കാർ ആശുപത്രികളിലെയും പ്രസവ മുറി, ഓപ്പറേഷൻ തിയേറ്റർ എന്നിവയിൽ ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയാൽ അമ്മയ്ക്കും കുഞ്ഞിനും മെച്ചപ്പെട്ട ആരോഗ്യം നിലനിർത്താനും കേരളത്തിലെ ശിശുമരണ നിരക്കും മാതൃ മരണ നിരക്കും പരമാവധി കുറയ്ക്കാനും നമുക്ക് സാധിക്കുന്നതാണ്.
നിലവിൽ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മാതൃ മരണ നിരക്കും ശിശു മരണ നിരക്കും ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. ഇത് നമുക്ക് സാധ്യമായത് ഗുണമേന്മയേറിയ ഗർഭകാലവും പ്രസവ ശുശ്രൂഷയും പ്രസവാനന്തര പരിചരണവും സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും ഒരുപോലെ ലഭ്യമായതിനാലാണ്. കേരളത്തിൽ നടക്കുന്ന പ്രസവങ്ങളിൽ 99%ത്തിലധികവും ആശുപത്രികളിൽ തന്നെയാണ് നടക്കുന്നത് എന്നതും കേരളത്തിലെ മാതൃ മരണ നിരക്കും ശിശുമരണ നിരക്കും കുറയ്ക്കുന്നതിന് ഏറെ സഹായകരമായിട്ടുണ്ട്.
പ്രസവത്തോട് അനുബന്ധിച്ച് ഉണ്ടാകാൻ സാധ്യതയുള്ള പ്രധാന സങ്കീർണ്ണതകളായ അമിത രക്തസ്രാവം, രക്താതിമർദ്ദം, അണുബാധ, കുഞ്ഞിൻ്റെ ഹൃദയമിടിപ്പിലെ വ്യതിയാനം തുടങ്ങിയവ യഥാസമയം കണ്ടെത്തി അവ തടയാനും, അവിചാരിതമായി അപകടങ്ങൾ സംഭവിച്ചാൽ കൃത്യമായ ചികിത്സ നൽകി അമ്മയുടെയും കുഞ്ഞിൻ്റെയും ജീവനും ആരോഗ്യവും സംരക്ഷിക്കാനും പ്രസവം ആശുപത്രികളിൽ തന്നെ നടക്കുന്നു എന്ന് ഉറപ്പിക്കേണ്ടതുണ്ട്. സർക്കാർ സംവിധാനങ്ങളും സാങ്കേതികവിദ്യകളും പരമാവധി പ്രയോജനപ്പെടുത്തി ജന്മം നൽകുന്ന വേളയിൽ ഒരു ജീവൻ പോലും പൊലിയാതെ നോക്കാൻ നമുക്കേവർക്കും ഒത്തൊരുമിച്ച് പ്രവർത്തിക്കാം. കുഞ്ഞോമന ജനിക്കുന്നത് ഏറ്റവും സുരക്ഷിതമായ സാഹചര്യങ്ങളിൽ ആണ് എന്ന് ഉറപ്പിക്കാം.
ആരോഗ്യകരമായ തുടക്കം, പ്രതീക്ഷാ നിർഭരമായ ഭാവി
കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിതമായ കരങ്ങളിൽ.
പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം.
ജില്ലാ ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, കണ്ണൂർ.
Dr. V Meenakshi, Additional Director of Health Department, Kerala, emphasizes the critical importance of choosing hospitals for childbirth to ensure safety for both mother and child. Highlighting the historical context of high maternal and infant mortality during home births, she points out how medical advancements and hospital facilities have significantly reduced these risks. The article details potential complications during delivery, such as excessive bleeding, prolonged labor, hypertension, fetal heart rate abnormalities, and infections, underscoring the necessity of timely medical intervention available in hospitals. She also mentions the free maternal and child healthcare services in government hospitals in Kerala, which contribute to the state's low maternal and infant mortality rates. She urges everyone to prioritize hospital deliveries for safe motherhood.#SafeDelivery #HospitalBirth #MaternalHealth #ChildHealth #KeralaHealth #DoctorAdvice