Robotic Surgery | മലബാര്‍ കാന്‍സര്‍ സെന്ററില്‍ റോബോട്ടിക് സര്‍ജറി യാഥാര്‍ഥ്യമായി; പൂര്‍ത്തീകരിച്ചത് 5 എണ്ണം

 
Robotic surgery becomes a reality at Malabar Cancer Centre, Thiruvananthapuram, News, Robotic surgery, Health,Malabar Cancer Centre, Kerala News


വൃക്ക, ഗര്‍ഭാശയം, മലാശയം എന്നിവയെ ബാധിച്ച കാന്‍സറുകള്‍ക്കാണ് റോബോട്ടിക് സര്‍ജറി നടത്തിയത്

ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും മന്ത്രി അഭിനന്ദിച്ചു

ഇന്ത്യയിലും വിദേശത്തുമുള്ള വന്‍കിട ആശുപത്രികളില്‍ മാത്രം ലഭ്യമായിരുന്ന റോബോട്ടിക് സര്‍ജറി യൂനിറ്റ് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായാണ് ആരംഭിച്ചത്
 

തിരുവനന്തപുരം: (KVARTHA) തലശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ കാന്‍സറിനുള്ള റോബോട്ടിക് സര്‍ജറി സംവിധാനം യാഥാര്‍ഥ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ കാന്‍സറിനുള്ള അഞ്ച് റോബോട്ടിക് സര്‍ജറികള്‍ വിജയകരമായി പൂര്‍ത്തിയായി. വൃക്ക, ഗര്‍ഭാശയം, മലാശയം എന്നിവയെ ബാധിച്ച കാന്‍സറുകള്‍ക്കാണ് റോബോട്ടിക് സര്‍ജറി നടത്തിയത്. 

തിങ്കളാഴ്ച മുതല്‍ റോബോട്ടിക് സര്‍ജറികള്‍ സാധാരണ പോലെ നടക്കും. ആര്‍സിസിയ്ക്ക് പുറമേ എംസിസിയിലും റോബോട്ടിക് സര്‍ജറി യാഥാര്‍ഥ്യമായതോടെ സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ്. അപ്രാപ്യമായിരുന്ന ഹൈടെക് ചികിത്സാ സങ്കേതങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും മന്ത്രി അഭിനന്ദിച്ചു.

ഇന്ത്യയിലും വിദേശത്തുമുള്ള വന്‍കിട ആശുപത്രികളില്‍ മാത്രം ലഭ്യമായിരുന്ന റോബോട്ടിക് സര്‍ജറി യൂനിറ്റ് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായാണ് ആരംഭിച്ചത്. ആര്‍സിസിയിലും എംസിസിയിലും റോബോട്ടിക് സര്‍ജറി സംവിധാനവും (60 കോടി), ഡിജിറ്റല്‍ പത്തോളജി മികവിന്റെ കേന്ദ്രങ്ങളും (18.87 കോടി) സജ്ജമാക്കുന്നതിന് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിലൂടെയാണ് തുക അനുവദിച്ചിരുന്നത്. ഇതുകൂടാതെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും റോബോട്ടിക് സര്‍ജറി ആരംഭിക്കുന്നതിന് തുക അനുവദിച്ചിട്ടുണ്ട്.

മിനിമല്‍ ആക്‌സസ് ശസ്ത്രക്രിയയാണ് റോബോട്ടിക് സര്‍ജറി. ഇത് സര്‍ജിക്കല്‍ റോബോട്ടിന്റെ സഹായത്തോട് കൂടിയാണ് നടത്തുന്നത്. വിവിധ തരത്തിലുള്ള കാന്‍സറുകളുടെ ചികിത്സയ്ക്ക് റോബോട്ടിക് ശസ്ത്രക്രിയ ഫലപ്രദമാണ്. രോഗിയുടെ വേദന കുറയ്ക്കുക, എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരിക, ശസ്ത്രക്രിയയ്ക്കിടയിലുള്ള രക്തസ്രാവം നന്നായി കുറയ്ക്കാന്‍ സാധിക്കുക എന്നിവയൊക്കെയാണ് റോബോട്ടിക് ശസ്ത്രക്രിയയുടെ പ്രധാന ഗുണങ്ങള്‍.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia