Back Pain | നടുവേദന വലയ്ക്കുന്നുണ്ടോ? പതിവായി കുറച്ച് നേരം നടക്കാൻ തയാറാണെങ്കിൽ അകറ്റാമെന്ന് പഠനം

 
Back Pain


'പൊണ്ണത്തടി കൊണ്ട് വിഷമിക്കുന്ന ആളുകളുടെ എണ്ണം നാൾക്കുനാൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, നടുവേദനയെ വളരെ ഗൗരവത്തോടെ കാണണം'

 

ന്യൂഡെൽഹി: (KVARTHA) ആഴ്‌ചയിൽ കുറഞ്ഞത് അഞ്ച് ദിവസം അരമണിക്കൂറോളം നടക്കുന്നത് പുറം വേദന (നടുവേദന) കുറയ്ക്കുമെന്ന് പുതിയ പഠനം. രോഗപ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് ഭാവിയിൽ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കമെന്നാണ് ഗവേഷകർ പറയുന്നത്. മെഡിക്കൽ ജേണലായ ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ്, ആവർത്തിച്ചുള്ള നടുവേദന തടയുന്നതിനുള്ള ചിലവുകുറഞ്ഞതും എളുപ്പവുമായ മാർഗമായി പതിവ് നടത്തം ശുപാർശ ചെയ്തിരിക്കുന്നത്. 

ആഴ്ചയിൽ അഞ്ച് തവണ അരമണിക്കൂർ നടക്കുന്ന രോഗികൾക്ക് സാധാരണ രോഗികളെക്കാൾ നടുവേദന കുറവാണെന്നും, ആവർത്തിച്ചുള്ള നടുവേദനയെ പാടേ അകറ്റാൻ സാധിച്ചുവെന്നും പഠന റിപോർട് പറയുന്നു. ലളിതമായി ചെയ്യാൻ സാധിക്കുന്നതും, കുറഞ്ഞ ചിലവിൽ സാധ്യമാകുന്നതുമായ ഇത്തരം മാർഗങ്ങൾ ചെറുപ്രായത്തിൽ തന്നെ ശീലിക്കുകയാണെങ്കിൽ വാർധക്യത്തിലെ ആരോഗ്യപ്രശ്നങ്ങൾ ഒരു പരിധി വരെ കുറക്കാമെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു. 

ജീവിതചുറ്റുപാടോ, പ്രായമോ, സാമൂഹിക-സാമ്പത്തിക നിലയോ പരിഗണിക്കാതെ തന്നെ ഏതൊരാൾക്കും ചെയ്യാൻ കഴിയുന്ന ചെലവ് കുറഞ്ഞതും ലളിതവുമായ ഒരു വ്യായാമമാണ് നടത്തമെന്ന് ഓസ്‌ട്രേലിയയിലെ മക്വാറി യൂണിവേഴ്‌സിറ്റിയിലെ ഫിസിയോതെറാപ്പി പ്രൊഫസറായ മാർക്ക് ഹാൻകോക്ക് പറയുന്നു. ലോകമെമ്പാടുമുള്ള ഏകദേശം 800 ദശലക്ഷം ആളുകൾ നടുവേദന അനുഭവിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഒരു തവണ രോഗമുക്തരായി സുഖം പ്രാപിക്കുന്ന 10 ൽ ഏഴ് പേരും ഒരു വർഷത്തിനുള്ളിൽ രോഗം വീണ്ടും വന്നതായും റിപോർട് ചെയ്തിട്ടുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

മൂന്ന് വർഷത്തോളമായി ഇടവിട്ട് നടുവേദന അനുഭവിക്കുന്ന 700 മുതിർന്നവരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. ക്രമരഹിതമായി തിരഞ്ഞെടുക്കപ്പെട്ട അവരിൽ പകുതി പേർക്ക് ഫിസിയോതെറാപ്പിസ്റ്റിൽ നിന്നുള്ള പരിശീലന ക്ലാസും സഹായവും നൽകിയിരുന്നു, ബാക്കിയുള്ളവർ അവർക്ക് അനുയോജ്യമെന്ന് തോന്നുന്ന മാർഗങ്ങൾ, അല്ലെങ്കിൽ മരുന്നുകൾ അടക്കമുള്ള മാർഗങ്ങൾ ഉപയോഗിച്ചു. ഇതിൽ നടത്തം ശീലിച്ചവർക്ക് മികച്ച മാറ്റം വന്നു. ക്രമേണ നടുവേദന ആവർത്തിക്കുന്നത് ചെറുക്കാനായി. എന്നാൽ മറ്റു രീതികളെ ആശ്രയിച്ചവരിൽ, പെട്ടെന്ന് രോഗശാന്തി ഉണ്ടായെങ്കിലും നടുവേദന ആവർത്തിച്ചുകൊണ്ടിരുന്നു. 

നടത്തം നടുവേദനയെ എങ്ങനെ സഹായിക്കുന്നു?

നടത്തം നടുവിലെ പേശികളെയും തണ്ടുകളെയും ശക്തിപ്പെടുത്തുന്നു, ഇത് നട്ടെല്ലിന് പിന്തുണ നൽകുകയും വേദന കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ നട്ടെല്ലിലെ സന്ധികളുടെ ചലനശേഷി വർദ്ധിപ്പിക്കുന്നു, ഇത് വേദനയും പിരിമുറുക്കവും കുറയ്ക്കാൻ സഹായിക്കും. രക്തചംക്രമണവും മെച്ചപ്പെടുത്തുന്നു, ഇത് പേശികളുടെ വീക്കവും വേദനയും കുറയ്ക്കാൻ നല്ലതാണ്. 

ദൈർഘ്യമേറിയ ആയുർദൈർഘ്യം, കൂടുതൽ ഉദാസീനമായ ജോലി, ഒഴിവുസമയ ശീലങ്ങൾ എന്നിവയ്ക്കിടയിൽ നടുവേദനയെ ആരും ഗൗരവമായി കാണാറില്ല. എന്നാൽ പൊണ്ണത്തടി കൊണ്ട് വിഷമിക്കുന്ന ആളുകളുടെ എണ്ണം നാൾക്കുനാൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, നടുവേദനയെ വളരെ ഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.

ദിവസവുമുള്ള നടത്തം നടുവേദനയുടെ ആവർത്തനം ഇല്ലാതാക്കാൻ സഹായിക്കുമെങ്കിലും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ള ആളുകളിൽ, ജീവിത ശൈലിയിൽ പെട്ടെന്നുണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കായേക്കാം എന്നതു കൊണ്ടു തന്നെ പുതിയ ശീലങ്ങൾ തുടങ്ങുന്നതിനു മുമ്പായി ഒരു ആരോഗ്യ വിദഗ്ധൻ്റെ സഹായം തേടുക.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia