ജനശ്രദ്ധ തിരിച്ചുവിടാന്‍ ഒരു കാരണവുമില്ലാതെ മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ നേരെ തിരിയുകയാണെന്ന് പ്രതിപക്ഷ നേതാവ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 22.07.2020) ജനശ്രദ്ധ തിരിച്ചുവിടാന്‍ഒരു കാരണവുമില്ലാതെ മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ നേരെ തിരിയുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അനവസരത്തിലുള്ള ഒരു കടന്നു കയറ്റമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രതിപക്ഷത്തിന് നേരെ നടത്തിയത്.

സംസ്ഥാനത്ത് കോവിഡ് വ്യാപനം കൈവിട്ട നിലയിലാവുകയും, സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഓഫീസിന്റെ പങ്ക് സംശയാതീതമായി തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജനശ്രദ്ധ തിരിച്ചുവിടാന്‍, ഒരു കാരണവുമില്ലാതെ മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ നേരെ തിരിഞ്ഞത്. കള്ളക്കടത്തില്‍ അദ്ദേഹത്തിന്റെ ഓഫീസിന്റെ പങ്ക് പുറത്ത് വന്നതിലുള്ള രോഷമാണ് പ്രതിപക്ഷത്തിന്റെ മേല്‍കുതിര കയറി അദ്ദേഹം പ്രകടിപ്പിക്കുന്നത്.

ജനശ്രദ്ധ തിരിച്ചുവിടാന്‍ ഒരു കാരണവുമില്ലാതെ മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ നേരെ തിരിയുകയാണെന്ന് പ്രതിപക്ഷ നേതാവ്

സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെയുള്ള തെളിവുകള്‍ നശിപ്പിക്കാന്‍ ബോധപൂര്‍വവും സംഘടിതവുമായ നീക്കം നടന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാന ചീഫ് സെക്രട്ടറിയടക്കമുളള ഉന്നത ഉദ്യേഗസ്ഥരുടെ സംഘമാണ് ഈ തെളിവുകള്‍ നശിപ്പിക്കാന്‍ നീക്കം നടത്തുന്നത്. സെക്രട്ടറിയേറ്റിലെ സി സി ടി വി ദൃശ്യങ്ങള്‍ ആരും കാണരുതെന്നുള്ള ലക്ഷ്യത്തോട് കൂടി ഈ മാസം 13 ന് ചീഫ് സെക്രട്ടറി ഒരു ഉത്തരവിറക്കി. ഇടിമിന്നല്‍ മൂലം കേടായ സെക്രട്ടേറിയറ്റിലെ സി സി ടി വി നെറ്റ് വര്‍ക്ക് അടിയന്തരമായി മാറ്റുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഈ ഉത്തരവ്.

എന്‍ ഐ എ പരിശോധനക്ക് മുമ്പായി സെക്രട്ടറിയേറ്റിലെ തെളിവുകള്‍ മുഴുവനും നശിപ്പിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് നടക്കുന്നത്. രാജാവിനെക്കാള്‍ വലിയ രാജഭക്തി ചീഫ് സെക്രട്ടറി കാണിക്കേണ്ട കാര്യമില്ല.

സര്‍ക്കാരുമായി ബന്ധപ്പെട്ട എട്ടുപേര്‍ ബുധനാഴ്ച സ്വര്‍ണ്ണക്കള്ളക്കടത്തില്‍ സംശയത്തിന്റെ നിഴിലിലാണ്. അതില്‍ ഒരാള്‍ ഇപ്പോള്‍ തന്നെ പ്രതിയായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ കിഴിലുള്ള ഐ ടി വകുപ്പിലെ കരാര്‍ ജീവനക്കാരിയായിരുന്ന സ്വപ്ന സുരേഷ്, മുഖ്യമന്ത്രിയുടെ ഐ ടി ഫെലോ ആയിരുന്ന അരുണ്‍ ബാലചന്ദ്രന്‍, സ്പീക്കര്‍, മന്ത്രി, മന്ത്രിയുടെ പി എ, അദ്ദേഹത്തിന്റെ ഗണ്‍മാന്‍, യു എ ഇ കോണ്‍സുലേറ്റിലെ അറ്റാഷേയുടെ ഗണ്‍മാന്‍ എന്നിവരാണവര്‍.

ഈ എട്ടുപേരില്‍ ഒരാള്‍ പ്രതിയാവുകയും മറ്റുള്ളവര്‍ ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുകയും ചെയ്യുമ്പോള്‍ സെക്രട്ടറിയേറ്റിലെ തെളിവുകളെല്ലാം നശിപ്പിക്കാന്‍ ബോധപൂര്‍വമായ നീക്കം നടന്ന് കൊണ്ടിരിക്കുകയാണ്. എന്‍ ഐ എ അടിയന്തിരമായി ഈ തെളിവുകള്‍ കസ്റ്റഡിയിലെടുക്കണം.

അനധികൃത നിയമനങ്ങള്‍ വന്‍തോതിലാണ് നടക്കുന്നത്. കിന്‍ഫ്ര വഴിയാണ് സെക്രട്ടറിയേറ്റിലെ അനധികൃത നിയമനങ്ങളും കരാര്‍ നിയമനങ്ങളും നടക്കുന്നത്. ഇതിനായി മിന്റ് എന്ന സ്ഥാപനത്തെ കിന്‍ഫ്ര എല്‍പ്പിച്ചിരിക്കുകയാണ്. ഈ സ്ഥാപനം ഏതാണെന്നും ആരു നടത്തുന്നുവെന്നും പരിശോധിച്ചിട്ട് മനസിലാകുന്നില്ല. ഏകദേശം ഇരുപത് ലക്ഷത്തോളം രൂപ ശമ്പളമായി കിന്‍ഫ്ര ഈ സ്ഥാപനത്തിന് നല്‍കുന്നുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 

മിന്റ് എന്ന ഈ സ്ഥാപനം കിന്‍ഫ്ര വഴി സെക്രട്ടറിയേറ്റിലേക്കും പുറത്തുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും ആളുകളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുകയാണ്. സെക്രട്ടറിയേറ്റില്‍ ഇങ്ങനെ നിയമിച്ചിട്ടുള്ള മുഴുവന്‍ ആളുകളുടെയും ലിസ്റ്റ് പുറത്തുവിടണമെന്ന് ചീഫ് സെക്രട്ടറിയോടാവശ്യപ്പെടുന്നു.

ഭരണത്തിന്റെ തലപ്പത്ത് മുഖ്യമന്ത്രിയും, ഉദ്യോഗസ്ഥരുടെ തലപ്പത്ത് ചീഫ് സെക്രട്ടറിയുമാണ് ഇരിക്കുന്നത്. ചീഫ് സെക്രട്ടറി അറിയാതെ ഒരു നിയമനവും നടക്കില്ല. ഏറ്റവും രസകരമായ കാര്യം കരാര്‍ ജോലിക്കാര്‍ക്ക് സര്‍ക്കാരിന്റെ എംബ്ലം ഉപയോഗിക്കാമെന്നും, ലെറ്റര്‍ ഹെഡ് അടിക്കാമെന്നും ചീഫ് സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞതാണ്. സ്വ്പന സുരേഷിനെ സംരക്ഷിക്കാനുള്ള ഉത്തരവായിട്ട് വേണം ഇതിനെ കാണാന്‍.

എംബ്ലംസ് ആന്റ് നെയിംസ് (പ്രോഹിബിഷന്‍ ഓഫ് ഇംപ്രോപ്പര്‍ യൂസ്) ആക്ട് 1950 എന്നൊരു കേന്ദ്ര നിയമം ഉണ്ട്. ഈ നിയമപ്രകാരം ആര്‍ക്കൊക്കെ സര്‍ക്കാരിന്റെ എംബ്ലം ഉപയോഗിച്ച് വിസിറ്റിംഗ് കാര്‍ഡും ലെറ്റര്‍ ഹെഡും അടിക്കാമെന്ന് വിശദീകരിക്കുന്നുണ്ട്. അതില്‍ ഡെപ്യുട്ടി സെക്രട്ടറി റാങ്കിലോ അതിന് മുകളിലുള്ളവര്‍ക്കോ മാത്രമേ തങ്ങളുടെ ലെറ്റര്‍പാഡിലും, വിസിറ്റിംഗ് കാര്‍ഡിലും സര്‍ക്കാര്‍ എംബ്ലം അടിക്കാന്‍ പാടുള്ളൂ എന്ന വ്യക്തമായ നിര്‍ദേശമുണ്ട്.

ഈ നിയമനം നിലനില്‍ക്കുമ്പോള്‍ എങ്ങനെയാണ് ചീഫ് സെക്രട്ടറിക്ക് കരാര്‍ ജോലിക്കാര്‍ക്ക് ലെറ്റര്‍ ഹെഡും വിസിറ്റിംഗ് കാര്‍ഡും അടിക്കാനുള്ള അനുവാദം കൊടുക്കാന്‍ കഴിയുന്നത്? എങ്ങിനെ അദ്ദേഹത്തിന് ഈ നിയമലംഘനങ്ങള്‍ക്ക് കൂട്ട് നില്‍ക്കാന്‍ കഴിയും?
കള്ളക്കടത്ത് കേസിലെ പ്രതിയായ വിവാദ സ്ത്രീയുള്‍പ്പെടെയുള്ളവര്‍ സര്‍ക്കാരിന്റെ എംബ്ലവും ലെറ്റര്‍ ഹെഡ്ഡും ഉപയോഗിച്ച് നടത്തിയ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. ആ സമയത്താണ് കിന്‍ഫ്രയിലൂടെ നൂറകണക്കിനാളുകളെ സെക്രട്ടേറിയേറ്റിലും മന്ത്രിമാരുടെ ഓഫീസിലുമൊക്കെ നിയമിക്കുന്നത്. ഇതെല്ലാം നിയമവിരുദ്ധമായ നടപടികളാണ്.

ചീഫ് സെക്രട്ടറിക്ക് നിലവിലുള്ള നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാനുള്ള അധികാരമില്ല. അപ്പോള്‍ വിവാദ സ്ത്രീയെയും കൂട്ടാളികളെയും സംരക്ഷിക്കാനുള്ള ബോധപൂര്‍വമായ ഇടപെടല്‍ സര്‍ക്കാര്‍ തലത്തിലുണ്ടാകുന്നുവെന്ന് വ്യക്തമാവുകയാണ്. തെളിവുകള്‍ മുഴുവനും നശിപ്പിക്കപ്പെടുകയാണ്. എന്‍ ഐ എ അത് ഗൗരവത്തോടെ ഏറ്റെടുക്കണം.

കോവിഡ് പ്രതിരോധം

---------
പ്രധാനപ്പെട്ട മറ്റൊരു ആരോപണം മുഖ്യമന്ത്രി കഴിഞ്ഞദിവസം ഉന്നയിച്ചത്, കോവിഡ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സഹകരിക്കുന്നില്ലെന്നതാണ്. പ്രതിപക്ഷത്തിന് നെഗറ്റീവ് നിലപാടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ കോവിഡുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ച എല്ലാ യോഗങ്ങളിലും പ്രതിപക്ഷ നേതാവ് അടക്കം യു ഡി എഫ് നേതാക്കള്‍ പങ്കെടുത്തിട്ടുണ്ട്. 

ജില്ലാ തലങ്ങളില്‍ മന്ത്രിമാര്‍ വിളിക്കുന്ന യോഗങ്ങളില്‍ യു ഡി എഫ് എം എല്‍ എമാരും, എം പിമാരും അടക്കം എല്ലാവരും പങ്കെടുത്തിട്ടുള്ളതാണ്. ഒരാള്‍ പോലും വിട്ടു നില്‍ക്കുകയോ പ്രതിഷേധം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാ എം എല്‍ എ മാരും എം പിമാരും തൃതല പഞ്ചായത്തംഗങ്ങളും പങ്കെടുത്തിട്ടുണ്ട്.

കോവിഡ് പ്രതിരോധത്തിന് സര്‍ക്കാര്‍ പറയുന്ന എല്ലാ കാര്യങ്ങളും ചെയ്യുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. ആ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പകുതിയിലധികം യു ഡി എഫാണ് ഭരിക്കുന്നത്. സഹകരിക്കുന്നില്ലെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണ്. യു ഡി എഫിന്റെ എല്ലാ പഞ്ചായത്ത് സമിതികളും വളരെ ആത്മാര്‍ത്ഥമായി കമ്യുണിറ്റി കിച്ചന്‍ മുതല്‍ ഇപ്പോള്‍ ആശുപത്രി സൗകര്യമൊരുക്കുന്നത് വരെയുള്ള ആറ് മാസത്തെ പ്രവര്‍ത്തനങ്ങളില്‍ രാപകലില്ലാതെ കഷ്ടപ്പെടുന്നു.

പഞ്ചായത്തംഗങ്ങള്‍ മുതല്‍ പാര്‍ലമെന്റംഗങ്ങള്‍ വരെയുള്ള മുഴുവന്‍ ജനപ്രതിനിധികളും യുഡി എഫിലെ എല്ലാ പാര്‍ട്ടികളിലെയും പ്രവര്‍ത്തകരും നിതാന്തജാഗ്രതയോട് കൂടി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരെ അപമാനിക്കാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മാത്രമല്ല യുത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, യൂത്ത് ഫ്രണ്ട്, കെ എസ് യു, എം എസ് എഫ് ഉള്‍പ്പെടെയുള്ള എല്ലാ യുവജന വിദ്യാര്‍ത്ഥി സംഘടനയുടെയും പ്രതിനിധികള്‍ സന്നദ്ധ സേനയില്‍ പങ്കെടുത്ത് ഈ പ്രവര്‍ത്തനങ്ങളില്‍ വാപൃതരായിരിക്കുന്നു.

സമരം നടത്താനുള്ള സാഹചര്യം ഇപ്പോള്‍ കേരളത്തില്‍ ശക്തമായിട്ടും ഞങ്ങളത് നടത്തുന്നില്ല. സര്‍ക്കാരിനെതിരായ ജനങ്ങളുടെ വികാരം രൂക്ഷമാണ്. എന്നിട്ടും കോടിതിയുടെ നിര്‍ദേശം മാനിച്ച് എല്ലാ പ്രത്യക്ഷ സമരങ്ങളും യു ഡി എഫ് മാറ്റി വച്ചിരിക്കുകയാണ്.

ആരോഗ്യ പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന നിര്‍ദേശം യു ഡി എഫിന്റെ പ്രവര്‍ത്തകര്‍ക്ക് സമയാസമയങ്ങളില്‍ ഞങ്ങള്‍ നല്‍കിയിട്ടുള്ളതാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം താളം തെറ്റുമ്പോള്‍ അതിന്റെ പഴി പ്രതിപക്ഷത്തിന്റെ തലയില്‍ വച്ച് കെട്ടി രക്ഷപെടാന്‍ സര്‍ക്കാരിന് കഴിയില്ല.

കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞത് ഇതൊരു മാരത്തോണ്‍ ഓട്ടമാണെന്നാണ്. ഇപ്പോഴെങ്കിലും മുഖ്യമന്ത്രിക്ക് മനസിലായല്ലോ ഇതൊരു മാരത്തോണ്‍ ഓട്ടമാണെന്ന്. നൂറ് മീറ്റര്‍ ഓടി കപ്പ് കിട്ടിയെന്നു കരുതി തുള്ളിച്ചാടിയ മുഖ്യമന്ത്രി ഇതൊരു മാരത്തോണ്‍ ഓട്ടമാണെന്ന് ഇപ്പോഴെങ്കിലും മനസിലാക്കിയത് നന്നായി. ഓടുന്നതിന് മുമ്പെ ഞങ്ങള്‍ ജയിച്ചുവെന്ന് പറഞ്ഞ് പി ആര്‍ എജന്‍സികളെയും സ്പ്രിംഗ്‌ളറെയും ഉപയോഗിച്ച് ലോകം മുഴുവന്‍ പ്രചാരണം നടത്തി. യഥാര്‍ത്ഥ ഓട്ടം നമ്മള്‍ തുടങ്ങിയിട്ടേ ഉള്ളു. കേരളത്തിലെ യു ഡി എഫ് ഈ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്നണിയില്‍ നിന്ന് തന്നെ പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ഉറപ്പ് പറയുന്നു.
കോവിഡ് പ്രതിരോധത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം റിക്കവറി റേറ്റാണ്. അതായത് രോഗം ഭേദമാകുന്നവരുടെ നിരക്ക്. രോഗം പിടിപെട്ട നൂറ് പേരില്‍ എത്ര പേര്‍ക്ക് രോഗം ഭേദമാകുന്നുവെന്നതാണ് റിക്കവറി റേറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രതിദിന രോഗികളുടെ എണ്ണത്തേക്കാള്‍ രോഗം ഭേദമായവരുടെ എണ്ണമുണ്ടെങ്കില്‍ നമ്മള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് അര്‍ത്ഥം. ഇന്ത്യയിലെ

26 പ്രമുഖ സംസ്ഥാനങ്ങളുമായി കേരളത്തിന്റെ റിക്കവറി റേറ്റ് താരതമ്യപ്പെടുത്തിയാല്‍ നമ്മുടെ കോവിഡ് പ്രതിരോധം എവിടെയാണ് എന്ന് നമുക്ക് മനസിലാകും.

കേരളത്തിന്റെത് 42.09 ശതമാനമാണ് റിക്കവറി റേറ്റ്. ഇത് വച്ച് നോക്കിയാല്‍ നമ്മള്‍ 26 ല്‍ 25 സ്ഥാനത്താണ്. കര്‍ണാടകം മാത്രമാണ് നമ്മുടെ പുറകില്‍ (35.82). എല്ലാ പ്രമുഖ സംസ്ഥാനങ്ങളുടെ റിക്കവറി റേറ്റ് 60 ശതമാനത്തിനു മീതെയാണ്. എട്ടു പ്രമുഖ സംസ്ഥാനങ്ങളുടെ റിക്കവറി റേറ്റ് 70 ശതമാനത്തിനും മേലെയാണ്.

കോവിഡ് പ്രതിരോധത്തിന്റെ മറ്റൊരു അളവുകോല്‍ രോഗികളുടെ എണ്ണത്തിലുള്ള ഉയര്‍ച്ച നിരക്കാണ്. ഇതിനെ rate of increase എന്ന് പറയും. ഇന്ത്യയിലെ 26 പ്രമുഖ സംസ്ഥാനങ്ങളുമായി കേരളത്തിന്റെ rate of increase താരതമ്യപ്പെടുത്തിയാല്‍ നമ്മള്‍ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 7 ശതമാനം നിരക്കിലാണ് രോഗികളുടെ എണ്ണത്തിലുള്ള ഉയര്‍ച്ച. 9% നിരക്കുള്ള ആന്ധ്രാ മാത്രമാണ് നമ്മുടെ മുന്നില്‍. 16 ഓളം സംസ്ഥാങ്ങളുടെ rate of increase 4 -ല്‍ താഴെയാണ്.

മുഖ്യമന്ത്രി പറയുന്ന കണക്കുകള്‍ എല്ലാം യഥാര്‍ത്ഥ്യമില്ലാത്തതാണെന്ന് ഇതില്‍ നിന്ന് മനസിലാകും. കേരളത്തെ മോശമാക്കി കാണിക്കാനല്ല ഞാനിത് പറയുന്നത്. മുഖ്യമന്ത്രി പറഞ്ഞത് കൊണ്ടാണ് ഞാനിത് പറയുന്നത്. ദശാബ്ദങ്ങളായി മികച്ച ആരോഗ്യ സംവിധാനം നിലനില്‍ക്കുന്ന ഒരു സംസ്ഥാനമെന്ന നിലയില്‍ നമ്മള്‍ ഇതിനേക്കാള്‍ കൂടുതല്‍ അര്‍ഹിക്കുന്നുണ്ട് എന്നുള്ളത് കൊണ്ടാണ് ഞാന്‍ ഇക്കാര്യം പറയുന്നത്.

കേരളത്തിലെ മൊത്തം കോവിഡ് രോഗികളുടെ 65 ശതമാനം ഉണ്ടായത് ജുലായ് മാസത്തിലാണ്. അതായത് കഴിഞ്ഞ 21 ദിവസങ്ങള്‍ക്കുള്ളില്‍. ആകെയുള്ള 13,993 കേസുകളില്‍ 9552 കേസുകള്‍ റിപ്പോര്‍ട്ട ചെയ്യപ്പെട്ടത് ജൂലായ് മാസത്തിലെ 21 ദിവസങ്ങളിലാണ്.

ജൂണ്‍ 18 ന് ഇന്ത്യയിലെ ആദ്യത്തെ സാമൂഹ്യ വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് തിരുവനന്തപുരം ജില്ലയിലെ കടലോര ഗ്രാമങ്ങളായ പൂന്തുറയിലും പുല്ലുവിളയിലുമാണ്. തിരുവനന്തപുരം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 85 ശതമാനം കേസുകളും സമ്പര്‍ക്കത്തിലുള്ളതാണ്. ഇപ്പോള്‍ സാമൂഹ്യ വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള രണ്ട് സ്ഥലങ്ങളും ജനസാന്ദ്രതകൂടിയ സ്ഥലങ്ങളാണ് എന്നത് ആശങ്ക വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

പ്രതിപക്ഷം രോഗ വ്യാപനത്തിന് ശ്രമിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വളരെ ക്രൂരമാണത്. പ്രതിപക്ഷമാണോ കേരളത്തില്‍ രോഗവ്യാപനമുണ്ടാക്കിയത്? അടിസ്ഥാന രഹിതമായ ആരോപണം മുഖ്യമന്ത്രി സ്ഥാനത്തിരുന്നു അദ്ദേഹം നടത്താന്‍ പാടില്ല.

ഇറ്റലയില്‍ നിന്ന് ആളുകള്‍ വന്നപ്പോള്‍ അവരെ ഐസൊലേറ്റ് ചെയ്ത് ക്വാറന്റൈനില്‍ വയ്ക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. വിമാനത്താവളത്തില്‍ വച്ച് ആദ്യം തന്നെ സര്‍ക്കാരിന് അത് തെറ്റി. അത് കഴിഞ്ഞ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികള്‍ വരാന്‍ തുടങ്ങി. വാളയാറിലും മറ്റും സ്ത്രീകളും കുട്ടികളും ഗര്‍ഭിണികളും അടക്കം ഒരു തുള്ളി വെള്ളം പോലും കിട്ടാതെ കാത്തു കെട്ടി കിടക്കേണ്ടി വന്നു. അവര്‍ക്ക് ഞങ്ങള്‍ വെളളം കൊടുത്തതാണ് മുഖ്യമന്ത്രിയുടെ പരാതി.
അതിര്‍ത്തി കടന്ന് വന്നവര്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാത്തതിനാല്‍ ജനപ്രതിനിധികള്‍ അവര്‍ക്ക് വെള്ളവും ഭക്ഷണവും കൊടുത്തു. അതവരുടെ ഉത്തരവാദിത്വമണ്. എന്നാല്‍ മുഖ്യമന്ത്രിയാകട്ടെ അതാണ് കുഴപ്പം എന്ന രീതിയിലാണ് സംസാരിക്കുന്നത്. അവര്‍ക്ക് വരാനുള്ള കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് പാസ് കൊടുക്കണമെന്നാണ് പ്രതിപക്ഷം പറഞ്ഞത്. അവര്‍ക്ക് ക്വാറന്റൈന്‍ സെന്ററുകള്‍ ഏര്‍പ്പെടുത്താത്തത് കൊണ്ട് ഉണ്ടായ ബുദ്ധമുട്ടുകള്‍ ചെറുതാണോ? പ്രവാസികളായിട്ടുള്ള മലയാളികള്‍ അനുഭവിച്ച യാതന ചെറുതാണോ?

മരണത്തിന്റെ ദൂതന്‍മാര്‍ എന്ന് വിളിച്ച് പ്രവാസികളെ സി പി എം ആക്ഷേപിച്ചില്ലേ? വിദേശത്ത് നിന്ന് മലയാളികളെ മടക്കി കൊണ്ടു വരാന്‍ ഈ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തോ? പകരം തടസ്സപ്പെടുത്തി.

ഗള്‍ഫിലെ മലയാളികളായ പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ പ്രതിപക്ഷം ശ്രമിച്ചതാണ് ഇവിടെ രോഗവ്യാപനം ഉണ്ടാകാന്‍ കാരണമെന്ന രീതിയില്‍ മുഖ്യമന്ത്രി പറയുന്നത് ശരിയാണോ? ജൂലായ് 20 ന് നടത്തിയ അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെയായിരുന്നു.

'തിരുവനന്തപുരം ജില്ലയില്‍ നാം ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ അവസരത്തില്‍ കൂടുതല്‍ കേസുകള്‍ ഉണ്ടായത് സംസ്ഥാനത്താകമാനം നാണക്കേടുണ്ടാക്കുന്ന കാര്യമാണ്.' അന്നത്തെ മിനിട്സില്‍ മുഖ്യമന്ത്രി പറഞ്ഞത് ഉണ്ട്. പ്രതിപക്ഷമാണോ ഇത് ചെയ്തത്.

പ്രതിപക്ഷം ഭരണപരമായ കാര്യങ്ങളൊന്നും ഭംഗിയായി നടത്താത്തത് കൊണ്ടാണ് കേരളത്തില്‍ രോഗവ്യാപനമുണ്ടായത് എന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് കേട്ടാല്‍ തോന്നുക. ഭരിക്കുന്നത് പ്രതിപക്ഷമല്ലല്ലോ സര്‍ക്കാരല്ലേ. സര്‍ക്കാര്‍ ഒന്നും ചെയ്യാത്തതിന് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയിട്ട് എന്ത് കാര്യം.

മുഖ്യമന്ത്രിയുടെ വീമ്പു പറച്ചില്‍ മാത്രമാണ് നടക്കുന്നത്. 2020 ഏപ്രില്‍ 6 നും ഏപ്രില്‍ 20 നും മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനങ്ങളില്‍ പറഞ്ഞത് കോവിഡ് രോഗികളെ ചികിത്സിക്കാന്‍ ഒന്നേകാല്‍ ലക്ഷത്തിലധികം കിടക്കകള്‍ സജ്ജമായി കഴിഞ്ഞു എന്നാണ്. ഏപ്രില്‍ 6 ന് മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ... ' കോവിഡ് 19 ന്റെ ഏത് സാഹചര്യത്തെയും നേരിടാന്‍ സംസ്ഥാനം നേരത്തെ തന്നെ സജ്ജമാണ്. ഒന്നേകാല്‍ ലക്ഷത്തിലധികം ബെഡുകള്‍ സര്‍ക്കാര്‍ , സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാണ്.'

ഏപ്രില്‍ 20 ന് മുഖ്യമന്ത്രി പറഞ്ഞു.... 'സംസ്ഥാനത്ത് 1296 സര്‍ക്കാര്‍ ആശുപത്രികളിലായി കോവിഡ് രോഗികളെ ചികല്‍സിക്കുന്നതിന് നാല്‍പ്പത്തിയൊമ്പതിനായിരത്തി എഴുന്നൂറ്റിരണ്ട് ( 49,702) കിടക്കകള്‍ ഇപ്പോള്‍ സജ്ജമാക്കിയിട്ടുണ്ട്. ഐ സി യുവില്‍ ആയിരത്തി മുന്നൂറ്റി അറുപത്തിയൊമ്പത് ( 1369) രോഗികളെ ചികിത്സിക്കാം. 800 വെന്റിലേറ്ററുകളും സര്‍ക്കാര്‍ ആശുപത്രിയില്‍ സജ്ജമാണ്. ഇതിന് പുറമേ 866 സ്വകാര്യ ആശുപത്രികളിലായി എണ്‍പത്തിയൊന്നായിരത്തി തൊള്ളായിരത്തി നാല് ( 81,904 ) ബെഡ്ഡുകള്‍ ഒരുക്കിയിട്ടുണ്ട്. ഇവിടങ്ങളിലായി 6059 ഐ സിയു ബഡ്ഡുകളും 1578 വെന്റിലേറ്ററുകളും സജ്ജമാണ്. ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ ഇപ്പോള്‍ തന്നെ നാം തയ്യാറാണ് എന്നാണ് സൂചിപ്പിക്കുന്നത്.'

എന്നിട്ട് എവിടെ ഈ കിടക്കകള്‍. ഏഴായിരം രോഗികള്‍ വന്നപ്പോള്‍ തന്നെ കിടത്താന്‍ സ്ഥലമില്ല. ഏപ്രില്‍ മാസത്തില്‍ പറഞ്ഞ ഈ കിടക്കകളൊക്കെ ആവിയായി പോയോ. ഈ സൗകര്യങ്ങളൊക്കെ എവിടെ പോയി. ചെയ്യാത്ത കാര്യങ്ങള്‍ പി ആര്‍ ഏജന്‍സികള്‍ എഴുതിക്കൊടുക്കുന്നത് വായിക്കുന്നത് മുഖ്യമന്ത്രിക്ക് ചേര്‍ന്ന നടപടിയല്ല. ചെയ്യാന്‍ കഴിയാവുന്നതേ പറയാന്‍ പാടൂള്ളു.

പ്രതിപക്ഷം സമരം ചെയ്യുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത് കേള്‍ക്കണ്ട എന്ന സന്ദേശം ഉണ്ടായി എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എവിടെ നിന്ന് കിട്ടി ഇത്? ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാരും പറയുന്ന പ്രോട്ടോക്കോള്‍ അനുസരിച്ച് സമരം ചെയ്യണമെന്നാണ് യു ഡി എഫ് പ്രവര്‍ത്തകരോട് പറഞ്ഞിട്ടുള്ളത്. അതനുസരിച്ചാണ് സമരം നടന്നത്. പി കെ കുഞ്ഞന്തന്റെ ശവസംസ്‌കാരത്തിന് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തപ്പോഴും മന്ത്രിമാര്‍ ഓടി നടന്ന് ആളെക്കൂട്ടി പരിപാടികള്‍ നടത്തിയപ്പോഴുമാണ് ആരോഗ്യ പ്രോട്ടോക്കോള്‍ ലംഘിക്കാം എന്ന സന്ദേശം പൊതു ജനങ്ങളിലേക്ക് പോയത്.

ടെസ്റ്റുകള്‍ നടത്തിയില്ല, രോഗവ്യാപനമുണ്ടായി

----------

ടെസ്റ്റുകള്‍ വര്‍ധിപ്പിക്കണമെന്നാണ് ആദ്യം മുതല്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്. ടെസ്റ്റുകള്‍ വര്‍ധിപ്പിച്ചാല്‍ മാത്രമേ രോഗ വ്യാപനത്തിന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമാകൂ. കഴിഞ്ഞ ആറ് മാസത്തിനിടക്ക് ഇപ്പോഴാണ് ടെസ്റ്റുകള്‍ വര്‍ധിപ്പിക്കാന്‍ കുറയെങ്കിലും സര്‍ക്കാര്‍ തിരുമാനിച്ചത്.

മെയ് 1 ന് ആകെ 1531 ടെസ്റ്റുകള്‍ മാത്രമാണ് കേരളം നടത്തിയത്. ജൂണ്‍ 1 ന് 4000. അതേസമയം തൊട്ട് അയല്‍ സംസ്ഥാനങ്ങളില്‍ മുപ്പതിനായിരവും നാല്‍പ്പതിനായിരവും ടെസ്റ്റുകള്‍ ദിവസേനെ നടത്തുന്നുണ്ടായിരുന്നു. ഇവിടെ ഇപ്പോഴാണ് ടെസ്റ്റുകളുടെ എണ്ണം അല്പമെങ്കിലും കൂട്ടിയത്.

മൊത്തം ടെസ്റ്റുകളുടെ കാര്യത്തില്‍ ഇപ്പോഴും കേരളം പതിനൊന്നാം സ്ഥാനത്താണ്. ഡെല്‍ഹി പോലും 8.5 ലക്ഷം ടെസ്റ്റ് നടത്തിയപ്പോള്‍ കേരളം ഇതുവരെ നടത്തിയത് 5.6 ലക്ഷം ടെസ്റ്റുകളാണ്. അസാം പോലും 6.81 ലക്ഷം ടെസ്റ്റുകള്‍ നടത്തി.

ചക്ക വീണ് മരിച്ചയാള്‍ക്കും അപകടത്തില്‍പ്പെട്ടവര്‍ക്കും തമിഴ്‌നാട്ടിലേക്ക് പോകുന്നവര്‍ക്കും കോവിഡ് കണ്ടെത്തിയപ്പോള്‍ എന്താണ് സൂചിപ്പിച്ചത്? ഇവിടെ രോഗവ്യാപനം വലിയ തോതിലാണെന്നല്ലേ? എന്നാല്‍ വേണ്ട രീതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനം നടത്തിയില്ല. രോഗികളുടെ വിവരം മറച്ച് വയ്ക്കുകയായിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പാളിച്ചയും സംഭവിച്ചു. ഇത് കേരളത്തിലെ ജനങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. മനുഷ്യത്വവും കാരുണ്യവും തൊട്ടുതീണ്ടാത്ത സര്‍ക്കാരാണ് കേരളത്തില്‍ ഭരണം നടത്തുന്നത്.

മത്സ്യത്തൊഴിലാളികള്‍ക്കും തീര പ്രദേശത്തുള്ളവര്‍ക്കും എന്തെങ്കിലും ചെയ്ത് കൊടുക്കാന്‍ കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഈ സര്‍ക്കാരിന് കഴിഞ്ഞോ?

ക്രിയാത്മകമായി പ്രതിപക്ഷം സഹകരിക്കുമ്പോഴും കോവിഡിന്റെ മറവില്‍ നടക്കുന്ന അഴിമതിയും കൊള്ളയും ഞങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതില്‍ മുഖ്യമന്ത്രിക്ക് വിഷമമുണ്ടാകുന്നത് സ്വാഭാവികമാണ്. സ്പ്രിംഗ്‌ളറാണെങ്കിലും ബെവ്‌കോയാണെങ്കിലും, പമ്പാ ത്രിവേണിയിലെ മണ്ണാണെങ്കിലും അവസാന ഇ മൊബിലിറ്റിയാണെങ്കിലും ഈ അഴിമതികളെല്ലാം പ്രതിപകഷം പുറത്തുകൊണ്ടുവന്നത് മുഖ്യമന്ത്രിയുടെ ഉറക്കം കെടുത്തിയിട്ടുണ്ട്. അതില്‍ മുഖ്യമന്ത്രിക്ക് അസ്വസ്ഥതയുണ്ടാകും.

ഇപ്പോള്‍ സ്വര്‍ണക്കളളക്കടത്ത് കൂടി പുറത്ത് വന്നപ്പോള്‍ ഈ സര്‍ക്കാരിന്റെ യഥാര്‍ത്ഥ രൂപം ജനങ്ങള്‍ക്ക് വെളിപ്പെട്ടു. സ്വന്തം ഓഫീസ് ഭരിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി എങ്ങിനെ കേരളം ഭരിക്കുമെന്നോര്‍ത്ത് ജനങ്ങള്‍ മൂക്കത്ത് വിരല്‍വയ്കുകയാണ്.

സര്‍വ്വ കക്ഷി യോഗം

----------

കോവിഡ് വ്യാപനം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ തീര്‍ച്ചായും പങ്കെടുക്കും.

നിയമസഭാ സമ്മേളനം

-------

നിയമസഭാ സമ്മേളനം മാറ്റുന്ന കാര്യത്തില്‍ മുഖ്യമന്ത്രി എന്നെ വിളിച്ചിരുന്നു. അവിശ്വാസ പ്രമേയത്തിനും സ്പീക്കറെ നീക്കുന്നതിനും നോട്ടീസ് നല്‍കിയ സാഹചര്യത്തില്‍ സമ്മേളനം മാറ്റുന്ന കാര്യത്തില്‍ സമവായം പറ്റില്ലെന്ന് ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. ഞങ്ങള്‍ അതില്‍ ഉറച്ചു നില്‍ക്കുന്നു. സര്‍ക്കാരിന് തീരുമാനിക്കാം. സമ്മേളനം എത്ര മാറ്റിയാലും സെപ്തംബര്‍ 12 നകം സഭ കൂടണം. ആറുമാസത്തെ ഇടവേളയില്‍ സഭാ സമ്മേളനം കൂടിയേ പറ്റൂ.

താങ്കള്‍ക്ക് പി ആര്‍ ഏജന്‍സി ഉണ്ടോ എന്ന ചോദ്യത്തിന് നിങ്ങളാണ് (പത്രപ്രവര്‍ത്തകര്‍) എന്റെ പി ആര്‍ ഏജന്‍സികള്‍ എന്ന് രമേശ് ചെന്നിത്തല മറുപടി നല്‍കി.

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന് കീഴിലെ കണ്‍സള്‍ട്ടന്‍സികള്‍

--------------

കഴിഞ്ഞ യു ഡി എഫ് ഗവണ്‍മെന്റിന്റെ കാലത്ത് ടെണ്ടര്‍ നടപടികള്‍ പാലിച്ചും, സുതാര്യവുമായാണ് എല്ലാ കണ്‍സള്‍ട്ടന്‍സികളെയും തിരഞ്ഞെടുത്തിട്ടുള്ളത്. ചില സന്ദര്‍ഭങ്ങളില്‍ കണ്‍സള്‍ട്ടന്‍സി വേണ്ടിവരും. യു.ഡി.എഫിന്റെ നിലപാട് കണ്‍സള്‍ട്ടന്‍സി വേണ്ടെന്നല്ല. അത് നിയമാനുസൃതവും സുതാര്യമായും നടപ്പാക്കണം. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് ഈ കണ്‍സള്‍ട്ടന്‍സിക്കാര്‍ക്ക് സെക്രട്ടേറിയറ്റിലോ പുറത്തോ കരാര്‍ ജോലി നല്‍കിയിട്ടില്ല.
സ്വര്‍ണക്കള്ളക്കടത്തുകാര്‍ക്കും കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് കരാറായിട്ടോ താത്കാലികമായിട്ടോ ജോലി നല്കിയിട്ടില്ല.

അന്നത്തെ കണ്‍സള്‍ട്ടന്‍സിയായി ഇന്ന് ഒരു പത്രത്തില്‍ വന്നത് ഇവയാണ്.

1. നാഷണല്‍ ഗെയിംസ്:

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം: 2009 ല്‍ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് അതിന്റെ കണ്‍സള്‍ട്ടന്റിനെ തിരഞ്ഞെടുത്തത്.

യു.ഡി.എഫ്. ഗവണ്‍മെന്റ് അത് തുടരുകയായിരുന്നു. ടെന്‍ഡര്‍ കണ്ടീഷന്‍സ് പാലിച്ചുകൊണ്ടുള്ള ഒരു സെലക്ഷന്‍ പ്രൊസീജിയര്‍ ആയിരുന്നു വി എസ് ഗവണ്‍മെന്റിന്റെ കാലത്ത് സ്വീകരിച്ചിരുന്നത്.

2. എമര്‍ജിംഗ് കേരള;

അതിന് കണ്‍സള്‍ട്ടന്‍സിയെ വച്ചിട്ടേയില്ല. സി.ഐ.ഐ., നാസ്‌കോം എന്നിവരായിരുന്നു അതില്‍ ഉണ്ടായിരുന്നത്. അവരെല്ലാം റെപ്യൂട്ടറ്റായിറ്റുള്ള ഇന്‍ഡസ്ട്രീസ് ബോഡീസ് ആണ്. കണ്‍സള്‍ട്ടന്‍സ് ആയി ആരും കണക്കാക്കുന്നില്ല.

3. ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് സിസ്റ്റം. അത് ഒരു നാഷണല്‍ പ്രോജക്ടാണ്. അതിന്റെ ചെലവ് മുഴുവന്‍ വഹിക്കുന്നത് കേന്ദ്ര ഗവണ്‍മെന്റാണ്. അവരാണ് അതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നത്.

4. ആധാര്‍: കേന്ദ്ര പദ്ധതിയാണ്. സംസ്ഥാനത്തിന് കണ്‍സള്‍ട്ടന്‍സിയെ വയ്ക്കണ്ടതില്ല.

5. നോളജ് സിറ്റി:

പ്ലാനിംഗ് കമ്മീഷന്റെ പ്രോജക്ട് ആയിരുന്നു. അവരുടെ ഗൈഡ് ലൈന്‍ പ്രകാരം ടെന്‍ഡര്‍ ചെയ്താണ് വര്‍ക്ക് അവാര്‍ഡ് ചെയ്തത്. ഐ.ടി മിഷനാണ് അത് ചെയ്തുകൊണ്ടിരുന്നത്.

6. കിസ്വാന്‍: ഐ.ടി മിഷനാണ് ചെയ്തത്.

7. സ്റ്റേറ്റ് സര്‍വ്വീസ് ഡെലിവറി ഗേറ്റ് വെ:

ലോകബാങ്ക് പ്രോജക്ടാണ്. അവരുടെ വ്യവസ്ഥകള്‍ക്കനുസരിച്ച് ടെന്‍ഡര്‍ ചെയ്തിട്ടാണ് നല്‍കിയത്.

ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റിന്റെ കാലത്ത് കണ്‍സള്‍ട്ടന്‍സി രാജ് എന്ന കള്ളപ്രചാരണം സി പി എം അവസാനിപ്പിക്കണം. ടെന്‍ഡര്‍ ചെയ്ത് പ്രഖ്യാപിതമായ എല്ലാ നടപടികളും സ്വീകരിച്ച് ഫലപ്രദമായ രീതിയിലാണ് ഈ ടെന്‍ഡറുകള്‍ നല്‍കിയിട്ടുള്ളത്.

ടെന്‍ഡര്‍ പ്രൊസീജിയര്‍ ഇല്ലാതെ നടപടിക്രമങ്ങള്‍ പാലിക്കാതെ ഏകപക്ഷീയമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് കണ്‍സള്‍ട്ടന്‍സിയെ നിയമിക്കുന്ന ഈ സര്‍ക്കാരിന്റെ രീതിയെയാണ് ഞങ്ങള്‍ എതിര്‍ത്തത്. കണ്‍സള്‍ട്ടസിയുടെ മറവില്‍ നടക്കുന്ന അനധികൃത നിയമനങ്ങളും കണ്‍സള്‍ട്ടന്‍സിക്ക് സെക്രട്ടേറിയറ്റില്‍ ബാക്ക് ഡോര്‍ ഓഫീസ് തുടങ്ങാനും ഒക്കെയുള്ള തീരുമാനങ്ങളെയാണ് എതിര്‍ത്തത്. ഇതിന് തൃപ്തികരമായ മറുപടി മുഖ്യമന്ത്രി പറഞ്ഞില്ല.

ഇത്തരം പുകമുറകൊണ്ടൊന്നും ഇന്നു നടന്നുകൊണ്ടിരിക്കുന്ന അഴിമതിയില്‍ നിന്ന് സര്‍ക്കാരിന് രക്ഷപ്പെടാന്‍ കഴിയില്ല. തീവെട്ടികൊള്ളയാണ് നടക്കുന്നത്.

ഞങ്ങള്‍ സി.ബി.ഐ. അന്വേഷണത്തില്‍ തന്നെ ഉറച്ചുനില്‍ക്കുന്നു. എന്‍.ഐ.എ അന്വേഷിക്കട്ടെ. ഗവണ്‍മെന്റ് നടത്തിയിട്ടുള്ള ഈ അനധികൃത നിയമനങ്ങളിലെല്ലാം ഒരു സി.ബി.ഐ. അന്വേഷണം വേണം.

അമിത് ഷാ രാഹുല്‍ ഗാന്ധിക്കെതിരെ പറയുന്ന അതേ കാര്യങ്ങളാണ് പിണറായി വിജയന്‍ പ്രതിപക്ഷത്തിനെതിരെ ഇപ്പോള്‍ പറയുന്നത്. ഞാനാണ് ശരി, ഞാന്‍ മാത്രമാണ് ശരി എന്ന് പറഞ്ഞ് ഒരു മുഖ്യമന്ത്രിക്ക് എങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയും?

Keywords:  Ramesh Chennithala against Pinarayi govt, Thiruvananthapuram, News, Chief Minister, Pinarayi vijayan, Ramesh Chennithala, Criticism, Health & Fitness, Health, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia