Medical Report | പേവിഷബാധ: മന്ത്രി വീണാ ജോര്‍ജിന് അന്തിമ റിപോര്‍ട് കൈമാറി വിദഗ്ധ സമിതി
Nov 9, 2022, 18:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) കേരളത്തില്‍ പേവിഷബാധ സംബന്ധിച്ച് പഠിക്കുവാന്‍ നിയോഗിച്ച മെഡികല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് അന്തിമ റിപോര്‍ട് കൈമാറി.
വിശദമായ പഠനങ്ങള്‍ക്ക് ശേഷമാണ് സമിതി അന്തിമ റിപോര്‍ട് നല്‍കിയത്. 2022 ജനുവരി മുതല്‍ സെപ്തംബര്‍ വരെ പേവിഷബാധ മൂലം നടന്നിട്ടുള്ള 21 മരണങ്ങളെക്കുറിച്ച് സമിതി വിശദമായ അവലോകനം നടത്തുകയുണ്ടായി. റിപോര്‍ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മൃഗങ്ങളുടെ കടിയേല്‍ക്കാനുള്ള സാഹചര്യം, പ്രഥമ ശുശ്രൂഷയുടെ വിവരങ്ങള്‍, പ്രതിരോധ കുത്തിവയ്പിന്റെ വിശദാംശങ്ങള്‍, പ്രതിരോധ മരുന്നുകളുടെ ലഭ്യത, വാക്സിന്‍ സൂക്ഷിക്കാനുള്ള സൗകര്യങ്ങള്‍, ചികിത്സാ രേഖകള്‍, സ്ഥാപനങ്ങളിലെ സൗകര്യങ്ങള്‍ എന്നിവ കൂടാതെ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും മരണപ്പെട്ട വ്യക്തികളുടെ ഭവന സന്ദര്‍ശനം നടത്തുകയും ബന്ധുക്കളുടെ പക്കല്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചുമാണ് സമിതി റിപോര്‍ട് തയാറാക്കിയിട്ടുള്ളത്.
മരണമടഞ്ഞ 21 വ്യക്തികളില്‍ 15 പേരും മൃഗങ്ങളുടെ കടിയേറ്റത് അവഗണിക്കുകയും പ്രതിരോധ ചികിത്സ എടുക്കാത്തവരുമാണ്. ആറു വ്യക്തികള്‍ക്ക് വാക്സിന്‍, ഇമ്യൂണോഗ്ലോബുലിന്‍ എന്നീ പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഞരമ്പുകളുടെ സാന്ദ്രത കൂടുതലുള്ള മുഖം, ചുണ്ട്, ചെവി, കണ്‍പോളകള്‍, കഴുത്ത്, കൈ വെള്ള എന്നിവിടങ്ങളില്‍ ഗുരുതരവും ആഴമേറിയതുമായ കാറ്റഗറി മൂന്നു മുറിവേറ്റവരാണ്. അതിനാല്‍ കടിയേറ്റപ്പോള്‍ തന്നെ റാബീസ് വൈറസ് ഞരമ്പുകളില്‍ കയറിയിട്ടുണ്ടാവാമെന്നാണ് സമിതിയുടെ വിലയിരുത്തല്‍.
വാക്സിന്‍, ഇമ്യൂണോഗ്ലോബുലിന്‍ എന്നിവ കേന്ദ്ര ലബോറടറിയിലെ പരിശോധനയില്‍ ഗുണനിലവാരമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വാക്സിന്‍ എടുത്ത വ്യക്തികളില്‍ പ്രതിരോധ ശേഷി കൈവരുത്തുന്ന ആന്റിബോഡികളുടെ സാന്നിധ്യം ആവശ്യമുള്ള തോതില്‍ ഉണ്ടെന്ന് ബെംഗ്ലൂറു നിംഹാന്‍സില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
മെഡികല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു ചെയര്‍മാനായ കമിറ്റിയില്‍ ഡബ്ല്യുഎച്ഒ കോളാബെറേറ്റീവ് സെന്റര്‍ ഫോര്‍ റഫറന്‍സ് ആന്‍ഡ് റിസര്‍ച് ഫോര്‍ റാബീസ്, നിംഹാന്‍സ്, ബെംഗ്ലൂറു അഡീഷനല്‍ പ്രൊഫസര്‍ ഡോ. റീത്ത എസ് മണി, തിരുവനന്തപുരം മെഡികല്‍ കോളജ് ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ്, പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട് ഫോര്‍ അനിമല്‍ ഡിസീസ് ഡെപ്യൂടി ഡയറക്ടര്‍ ഡോ. സ്വപ്ന സൂസന്‍ എബ്രഹാം, ഇന്‍സ്റ്റിറ്റിയൂട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ഡയറക്ടര്‍ ഡോ. ഇ ശ്രീകുമാര്‍, ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം അസി. ഡയറക്ടര്‍ ഡോ. എസ് ഹരികുമാര്‍, ഡ്രഗ്സ് കണ്‍ട്രോളര്‍ പിഎം ജയന്‍ എന്നിവര്‍ ഉള്‍പെടുന്നു.
Keywords: Rabies: Expert committee handed over final report to minister Veena George, Thiruvananthapuram, News, Health, Health and Fitness, Health Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

