Cancer | വയറ്റിൽ കാൻസറിന് കാരണമാകുന്ന അപകടകരമായ 8 ശീലങ്ങൾ 

 
Protect yourself from stomach cancer: Oncologist shares 8 common risk factors


നമ്മുടെ രാജ്യത്ത് ഏറ്റവും സാധാരണമായി കാണപ്പെടുന്ന അർബുദങ്ങളിൽ, അഞ്ചാം സ്ഥാനമാണിതിന്. ഓരോ വർഷവും 70,000 പുതിയ കേസുകൾ റിപോർട് ചെയ്യപ്പെടുന്നുണ്ട്

ന്യൂഡൽഹി: (KVARTHA) വയറിനെ ബാധിക്കുന്ന കാൻസ‌ർ, ഗ്യാസ്ട്രിക് കാൻസർ എന്നും അറിയപ്പെടുന്നു. നമ്മുടെ രാജ്യത്ത് ഏറ്റവും സാധാരണമായി കാണപ്പെടുന്ന അർബുദങ്ങളിൽ അഞ്ചാം സ്ഥാനമാണിതിന്. ഓരോ വർഷവും 70,000 പുതിയ കേസുകൾ റിപോർട് ചെയ്യപ്പെടുന്നുണ്ട്. സ്ത്രീകളെ അപേക്ഷിച്ച് 60 വയസിനു മുകളിലുള്ള പുരുഷന്മാരിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്. മെഡിക്കൽ സയൻസിലെ പുരോഗതി രോഗനിർണയവും, ചികിത്സയും മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും, അപകടസാധ്യതയും, പ്രതിരോധ നടപടികളും മനസിലാക്കുന്നത് ഈ അസുഖത്തെ ചെറുക്കുന്നതിൽ നിർണായകം തന്നെയാണ്.

ദഹനനാളത്തിൻ്റെ അവസ്ഥ നമ്മുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുമെന്ന് കൽബുർഗിയിലെ എച്ച്സിജി (HCG) കാൻസർ സെൻ്ററിലെ സീനിയർ കൺസൾട്ടൻ്റ് റേഡിയേഷൻ/ക്ലിനിക്കൽ ഓങ്കോളജിസ്റ്റ് ഡോ ഷാൻഡ്ലിംഗ് നിഗുഡ്ഗി പറയുന്നു. ജനിതകം, ഭക്ഷണക്രമം, ജീവിതശൈലി എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ വയറിലെ കാൻസറിനു കാരണമാകും. രോഗസാധ്യതയെക്കുറിച്ചും, വളർച്ചാ ഘട്ടങ്ങളെക്കുറിച്ചും, ബോധവൽക്കരണവും പ്രതിരോധ നടപടികളും കൃത്യമായ ഇടവേളകളിൽ നടത്തുന്ന വിവിധ ആരോഗ്യ പരിശോധനകളും ആരോഗ്യകരമായ ജീവിതശൈലിയും അപകടസാധ്യത കുറയ്ക്കുന്നതിനും നേരത്തെയുള്ള രോഗനിർണയം സാധ്യമാക്കാനും സഹായിക്കും.

വയറ്റിലെ കാൻസറുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ എട്ട് അപകട ഘടകങ്ങൾ ഇതാ:

* പരമ്പര്യം: ആമാശയ കാൻസറിൻ്റെ പ്രധാന കാരണങ്ങളിലൊന്ന് പാരമ്പര്യമാണ്. ഒരു കുടുംബത്തിനകത്ത്, ഒരാൾക്ക് ഈ അസുഖം വന്നിട്ടുണ്ടെങ്കിൽ, അവരുടെ സന്തതിപരമ്പരകളിലേക്ക് രോഗം വരാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. സിഡിഎച്ച് വൺ (CDH1) ജീൻ പോലെയുള്ള പാരമ്പര്യ ജനിതകമാറ്റങ്ങൾ, പാരമ്പര്യമായി വ്യാപിക്കുന്ന ഗ്യാസ്ട്രിക് കാൻസർ (HDGC) ഉണ്ടാക്കും. ജനിതക കൗൺസിലിംഗും, പരിശോധനയും ഉയർന്ന അപകടസാധ്യതയുള്ളവരെ തിരിച്ചറിയാനും സജീവമായ നടപടികളും നിരീക്ഷണവും സാധ്യമാക്കാനും സഹായിക്കും.

* ഹെലിക്കോബാക്റ്റർ പൈലോറി അണുബാധ: ഹെലിക്കോബാക്റ്റർ പൈലോറി (എച്ച് പൈലോറി) സാധാരണയായി ആമാശയ പാളിയിൽ കാണപ്പെടുന്ന ഒരു ബാക്ടീരിയയാണ്, ഇത് ആമാശയ ക്യാൻസറിനുള്ള സാധ്യത വർധിപ്പിക്കും. എച്ച് പൈലോറി അണുബാധകൾ നേരത്തേ കണ്ടെത്താനും ചികിത്സിക്കാനുമാകും.

* ഭക്ഷണ ഘടകങ്ങൾ: വയറ്റിലെ കാൻസറിന്, ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പഴങ്ങളും പച്ചക്കറികളും ഒഴിവാക്കുന്നതും, ഉപ്പ്, എരിവ് തുടങ്ങിയവ കൂടിയതും, ആയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയാൽ സമ്പുഷ്ടമായ സമീകൃതാഹാരം നിലനിർത്തുന്നതിനൊപ്പം സംസ്കരിച്ച മാംസവും മദ്യവും കഴിക്കുന്നത് പരിമിതപ്പെടുത്തുകയും വേണം.

* പുകയിലയുടെയും മദ്യത്തിൻ്റെയും ഉപയോഗം: പുകവലിയും, അമിതമായ മദ്യപാനവും വിവിധ കാൻസറുകൾക്കു കാരണമാകും. പുകയിലയിൽ അർബുദ പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്, അത് ആമാശയത്തിൻ്റെ ആവരണത്തെ തകരാറിലാക്കും. മദ്യം, ശരീരത്തിൽ വീക്കം ഉണ്ടാക്കുകയും അർബുദത്തിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. പുകവലി ഉപേക്ഷിക്കുക, എന്നത് അനിവാര്യമായ പ്രതിരോധ നടപടിയാണ്.

* പൊണ്ണത്തടിയും ശാരീരിക പ്രവർത്തനങ്ങളും: പൊണ്ണത്തടി, വയറ്റിലെ അർബുദം ഉൾപ്പെടെയുള്ള വിവിധ രോഗങ്ങൾക്കു കാരണമാകുമെന്ന് അറിയാമല്ലോ? ക്രമമായ ശാരീരിക പ്രവർത്തനങ്ങളിലൂടെയും സമീകൃതാഹാരത്തിലൂടെയും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് അപകടസാധ്യത കുറയ്ക്കും. വ്യായാമം, ഭാരം നിയന്ത്രിക്കാൻ സഹായിക്കുക മാത്രമല്ല, വീക്കം കുറയ്ക്കുകയും, മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും, ആമാശയ കാൻസർ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

* ചുറ്റുപാട്: ആസ്ബറ്റോസ്, കൽക്കരി പൊടി, ലോഹനിർമാണ ദ്രാവകങ്ങൾ എന്നിവ പോലുള്ള ചില വസ്തുക്കളുമായി തൊഴിൽപരമായ സമ്പർക്കങ്ങൾ ആമാശയ അർബുദത്തിനുള്ള കാരണമായിത്തീരാം. രോഗ സാധ്യതയുള്ള വ്യവസായങ്ങളിലെ, തൊഴിലാളികൾ, ഏതെങ്കിലും തരത്തിലുള്ള, ആദ്യകാല ലക്ഷണങ്ങൾ ഉണ്ടോ എന്നു കണ്ടെത്തുന്നതിനായി, പതിവായി ആരോഗ്യ പരിശോധനയ്ക്ക് വിധേയരാകണം.

* മുമ്പ് ചെയ്ത ശസ്ത്രക്രിയ: പെപ്റ്റിക് അൾസർ അല്ലെങ്കിൽ മുഴകൾ പോലുള്ള വയറ്റിലെ ശസ്ത്രക്രിയയ്ക്ക് വിധേയരായ വ്യക്തികൾക്ക്, ശേഷിക്കുന്ന വയറിലെ കലകളിൽ, അർബുദം വരാനുള്ള സാധ്യത കൂടുതലാണ്. അത്തരം വ്യക്തികൾ ശരീരിക മാറ്റങ്ങൾ നേരത്തെ കണ്ടുപിടിക്കാൻ, എൻഡോസ്കോപ്പി അടക്കമുള്ള പരിശോധനകൾ ചെയ്യണം.  

* പ്രായവും ലിംഗഭേദവും: പ്രായം കൂടുന്നതിനനുസരിച്ച്, വയറ്റിലെ കാൻസറിനുള്ള സാധ്യത വർധിക്കുന്നു, മിക്ക കേസുകളും 65 വയസിനു മുകളിലുള്ളവരിലാണ് രോഗം കണ്ടു വരുന്നത്. രോഗവുമായി ബന്ധപ്പെട്ടുള്ള ശാസ്ത്രീയമായ അവബോധം പൊതു ജനങ്ങളിൽ ഉണ്ടാക്കിയെടുക്കുന്നതു വഴി നമുക്ക് ഒരു പരിധി വരെ രോഗത്തിൻ്റെ തോത് കുറയ്ക്കാനും, നേരത്തേയുള്ള രോഗനിർണയം സാധ്യമാക്കാനുമാകും.

ചെറിയ ചില ശാരീരിക മാറ്റങ്ങളോ ലക്ഷണങ്ങൾ തന്നെയോ ശ്രദ്ധയിൽപെടുകയാണെങ്കിൽ, ഉടനെ  ഡോക്ടറുടെ സഹായം തേടാൻ മടിക്കരുത്. അതോടൊപ്പം ഭക്ഷണക്രമീകരണത്തിലും, ജീവിതശൈലിയിലും മേൽപറഞ്ഞ തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടു വരാൻ ആഗ്രഹിക്കുന്നുവെങ്കിലും, ഒരു ആരോഗ്യ വിദഗ്ധൻ്റെ നിർദേശം തേടുക.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia