Pregnancy | ഗർഭിണികളിലെ ലഹരി ഉപയോഗം ഗർഭസ്ഥ ശിശുവിൻ്റെ ഭാവി അപകടത്തിലാക്കുമെന്ന് പഠനം 

 

 
Pregnant Women


'അമ്മ കഞ്ചാവുമായി സമ്പർക്കം പുലർത്തുന്നത് കുട്ടികളിൽ വൈജ്ഞാനിക വൈകല്യങ്ങൾ ഉൾപ്പെടെയുള്ള നാഡീവളർച്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാക്കും'

ന്യൂഡെൽഹി: (KVARTHA) അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് പാടിപുകഴ്ത്താത്ത കവികളുണ്ടാകില്ല. എന്നാൽ, ഗർഭ കാലയളവിൽ അമ്മമാർ ചെയ്തു കൂട്ടുന്ന തെറ്റായ പ്രവൃത്തി്കളും കുഞ്ഞിൻ്റെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കാറുണ്ട്. ഫ്രോണ്ടിയേഴ്‌സ് ഇൻ പീഡിയാട്രിക്സിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ഗർഭപാത്രത്തിലിരിക്കെ, കഞ്ചാവുമായി സമ്പർക്കം പുലർത്തുന്ന ശിശുക്കൾക്ക് നാഡീവളർച്ചയെ ദോഷകരമായി ബാധിക്കത്തക്ക വിധമുള്ള അപകടകരമായ രോഗാവസ്ഥകൾ വരാനുള്ള സാധ്യതകൾ കണ്ടെത്തി. 

സൗത്ത് ഡക്കോട്ടയിലെ അവേര റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മരിയ എം തലവേര-ബാർബറിൻ്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തിൻ്റേതാണ് കണ്ടെത്തൽ. ഇത്തരം കുട്ടികൾ ജനിച്ച്, ഒരു വർഷത്തിനകം തന്നെ മെച്ചപ്പെട്ട ഭാഷാ വികാസം പ്രകടിപ്പിക്കുന്നതായി പഠനം കണ്ടെത്തിയിരുന്നു. എന്നാൽ, ആശ്ചര്യകരമായ ഈ കണ്ടെത്തൽ, കുട്ടികളിലെ നാഡീവളർച്ചയുടെ സാധ്യതയെക്കുറിച്ച് അറിവ് പകരുന്നതിനൊപ്പം തന്നെ, അമ്മ ഉപയോഗിക്കുന്ന ലഹരി ഗർഭസ്ഥശിശുവിൻ്റെ ഭാവിയെപ്പോലും ബാധിക്കുന്നുണ്ടെന്ന വസ്തുതയിലേക്ക് ഗവേഷകരുടെ ശ്രദ്ധ ക്ഷണിക്കുന്നതു കൂടിയായിരുന്നു.

അമ്മ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും ഗർഭസ്ഥശിശുവിനെ ബാധിക്കുമെന്ന് അറിയാമല്ലോ, അതുകൊണ്ടു തന്നെ കഞ്ചാവ്, നിക്കോട്ടിൻ, മദ്യം, തുടങ്ങിയ ലഹരി വസ്തുക്കൾ ഒന്നും തന്നെ ഉപയോഗിക്കരുതെന്ന നിർദേശം കൂടിയാണ് ഗവേഷകർ മുന്നോട്ട് വയ്ക്കുന്നത്. ഗർഭിണികൾക്കിടയിലെ കഞ്ചാവ് ഉപയോഗത്തിൻ്റെ വർധനവിൽ ആരോഗ്യ വിദഗ്ധർ ആശങ്കാകുലരാണ്, പ്രത്യേകിച്ചും കോവിഡ് മഹാമാരിയുടെ സമയത്ത്, ലഹരി ഉപയോഗത്തിൽ വലിയ വർധനവുണ്ടായെന്നാണ് കണ്ടെത്തൽ.

ജനനത്തിനു മുമ്പ് കുഞ്ഞിനെ ബാധിക്കുന്ന ഇത്തരം ലഹരി ഉപയോഗത്തെക്കുറിച്ചുള്ള മുൻ ഗവേഷണങ്ങൾ പരിമിതമാണ്, എന്നാൽ ഗർഭാവസ്ഥയിലായിരിക്കുമ്പോൾ കഞ്ചാവുമായി സമ്പർക്കം പുലർത്തുന്നത് കുട്ടികളിൽ വൈജ്ഞാനിക വൈകല്യങ്ങൾ ഉൾപ്പെടെയുള്ള നാഡീവളർച്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. പഠനത്തിൻ്റെ ഭാഗമായി 207 ഗർഭിണികളെയും അവരുടെ കുഞ്ഞുങ്ങളെയും നിരീക്ഷിച്ചു. 

രണ്ട് ദിവസം മുതൽ 68 മാസം വരെ പ്രായമുള്ള കുട്ടികളിൽ വൈജ്ഞാനിക വികസനം വിലയിരുത്തുന്ന  ഉപകരണമായ മുള്ളൻ സ്കെയിൽ ഓഫ് ഏർലി ലേണിംഗ് അനുസരിച്ച് ഗവേഷകർ ശിശുക്കളെ വിലയിരുത്തി. അമ്മയുടെ ലഹരി ഉപയോഗം കാരണം കുഞ്ഞിന് ഉണ്ടായേക്കാവുന്ന മറ്റ് പ്രശ്നങ്ങൾ, ജനന സമയത്ത് ഭാരക്കുറവ്, മാസം തികയാതെയുള്ള പ്രസവം, ശ്രദ്ധക്കുറവ് / ഹൈപ്പർ ആക്ടിവിറ്റി പ്രശ്നങ്ങൾ എന്നിവയാണ് കണ്ടെത്തിയത്. 

ഗർഭപിണ്ഡത്തിൻ്റെ വികാസത്തിന് അപകടസാധ്യതയുള്ളതിനാൽ ഗർഭകാലത്ത് കഞ്ചാവ് ഉപയോഗിക്കുന്നതിനെതിരെ അമേരിക്കൻ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ സംഘടനകൾ രംഗത്തെത്തിയിരുന്നു. ഈ ആശങ്കകൾ കണക്കിലെടുത്ത്, ഗർഭിണികൾ ജാഗ്രത പാലിക്കുകയും അവരുടെ കുട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യവും വികാസവും സംരക്ഷിക്കുന്നതിനായി ലഹരി ഉപയോഗം ഒഴിവാക്കുകയും വേണമെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia