Achievement | പ്രവാസി ഭൂഷണ്‍ പുരസ്‌കാരം ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലീഷ മൂപ്പന്
● കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സിവി ആനന്ദ ബോസില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി
● രക്താര്‍ബുദ ചികിത്സയിലെ നൂതന സംവിധാനമായ കാര്‍- ടി സെല്‍ തെറാപ്പി പ്രോഗ്രാമിന്റെ ഉദ്ഘാടനവും ആനന്ദ ബോസ് നിര്‍വഹിച്ചു
● നേട്ടത്തിന്റെ ഉത്തരവാദിത്തം ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിലെ ജീവനക്കാരുടെ അക്ഷീണ പ്രയത്‌നങ്ങള്‍ക്കുള്ളതാണെന്ന് അലീഷ
കൊച്ചി: (KVARTHA) ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായ അലീഷ മൂപ്പന് പ്രവാസി ഭൂഷണ്‍ പുരസ്‌കാരം. രാജ്യത്തെ ആരോഗ്യ, ചികിത്സാ സംവിധാനങ്ങള്‍ ആധുനികവത് കരിക്കുന്നതിനുള്ള പ്രയത്‌നങ്ങള്‍ക്ക് നല്‍കിയ നേതൃമികവും ആത്മാര്‍ഥതയും പരിഗണിച്ചാണ് പുരസ്‌കാരം.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സിവി ആനന്ദ ബോസില്‍ നിന്നും അലീഷ മൂപ്പന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. രക്താര്‍ബുദ ചികിത്സയിലെ നൂതന സംവിധാനമായ കാര്‍-ടി സെല്‍ തെറാപ്പി പ്രോഗ്രാമിന്റെ ഉദ്ഘാടനവും ഡോ. സിവി ആനന്ദ ബോസ് നിര്‍വഹിച്ചു.
പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സിവി ആനന്ദ ബോസില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് അലീഷ മൂപ്പന്‍ പ്രതികരിച്ചു. നേട്ടത്തിന്റെ ഉത്തരവാദിത്തം ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിലെ ജീവനക്കാരുടെ അക്ഷീണ പ്രയത്‌നങ്ങള്‍ക്കുള്ളതാണെന്നും അലീഷ പറഞ്ഞു.
എറണാകുളം എംപി ഹൈബി ഈഡന്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനൂപ് മൂപ്പന്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എസ് രമേഷ് കുമാര്‍, സ്ഥാപനത്തിന്റെ നേതൃസ്ഥാനങ്ങളിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
സ്‌കോട് ലന്‍ഡിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സില്‍ (ഐസഎഎസ്) നിന്നും പഠനം പൂര്‍ത്തിയാക്കിയ അലീഷ മൂപ്പന്‍, ഏറെക്കാലം ഏര്‍ണെസ്റ്റ് ആന്‍ഡ് യങ്ങില്‍ പരിചയസമ്പത്ത് നേടിയ ശേഷമാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിലെത്തുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണിലെ ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിംഗ് വിഭാഗത്തിലെ പൂര്‍വവിദ്യാര്‍ഥികൂടിയാണ് അലീഷ.
ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്നും ഗ്ലോബല്‍ ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് പോളിസി ചേഞ്ച് എന്ന വിഷയത്തില്‍ ഡിഗ്രിയും സ്വന്തമാക്കിയിട്ടുണ്ട് അലീഷ. ആഗോളതലത്തില്‍ നിരവധി സുപ്രധാന പുരസ്‌കാരങ്ങള്‍ നേടി അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഇങ്ങോട്ടുള്ള വളര്‍ച്ചയിലും വികസനത്തിലും നിര്‍ണായകമായത് അലീഷ മൂപ്പന്റെ തന്ത്രപ്രധാന നയങ്ങളാണ്.
ഒരൊറ്റ ക്ലിനിക്കില്‍ തുടങ്ങി ഇന്ന് ലോകമെമ്പാടും സാന്നിധ്യമുള്ള ഒരു വിശാലശൃംഖലയായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിനെ വളര്‍ത്തിയത് തന്റെ പിതാവ് ഡോ. ആസാദ് മൂപ്പന്‍ ആണെന്നും അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും ഫലമാണ് ഇപ്പോഴത്തെ നേട്ടങ്ങളെന്നും പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് അലീഷ മൂപ്പന്‍ പറഞ്ഞു.
എല്ലാവര്‍ക്കും മേന്മയുള്ള ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഡോ. ആസാദ് മൂപ്പന്‍ നടത്തിവരുന്ന തീവ്രപരിശ്രമങ്ങളെക്കുറിച്ചും അലീഷ പറയുകയുണ്ടായി. അദ്ദേഹം മുന്നോട്ടുവെയ്ക്കുന്ന ദര്‍ശനങ്ങളും ആശയങ്ങളും തുടര്‍ന്ന് കൊണ്ടുപോകുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് തനിക്കുള്ളതെന്നും ആ അവസരത്തിനുള്ള കൃതജ്ഞത പ്രകടിപ്പിക്കുകയും ചെയ്തു.
എ ഐ ഉള്‍പ്പെടെയുള്ള ആരോഗ്യരംഗത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ആദ്യം അവതരിപ്പിച്ചുകൊണ്ട് രാജ്യത്തെ വൈദ്യശാസ്ത്രമികവിലേക്ക് നയിക്കാനാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ലക്ഷ്യമിടുന്നത്. അതിനുള്ള ശ്രമങ്ങള്‍ക്ക് ലഭിച്ച വലിയ പ്രചോദനമാണ് പ്രവാസി ഭൂഷണ്‍ പുരസ്‌കാരം.
#AlishaMoopen #AsterDM #PravasiBhushan #Healthcare #Innovation #Leadership