Planetary Health Diet | 'പ്ലാനറ്ററി ഡയറ്റ്' അകാല മരണം തടയുമെന്ന് പഠനം, എന്താണിത്?


ന്യൂഡെൽഹി: (KVARTHA) ഭൂമിയുടെ ആരോഗ്യത്തിനുതകുന്ന ഭക്ഷണക്രമം എന്നാണ് മലയാളത്തിൽ പ്ലാനറ്ററി ഹെൽത്ത് ഡയറ്റ് (Planetary Health Diet) അറിയപ്പെടുന്നത്. ഇത് നമ്മുടെ ശരീരത്തിനും പരിസ്ഥിതിക്കും ഒരുപോലെ ഗുണകരമായ ഒരു ഭക്ഷണ രീതിയാണ്. വൈവിധ്യമാർന്ന സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ ഉൾക്കൊള്ളുന്നതാണ് പ്ലാനറ്ററി ഹെൽത്ത് ഡയറ്റ്.
ഈ ഭക്ഷണക്രമം പൂർണമായും വെജിറ്റേറിയൻ അല്ലെങ്കിൽ മാംസം മീനും മുട്ടയും പാൽ ഉത്പന്നങ്ങളും പൂർണമായും ഒഴിവാക്കുന്ന വീഗൻ ഭക്ഷണക്രമങ്ങൾ പോലെയല്ല. എന്നാൽ ആരോഗ്യകരവും പരിസ്ഥിതി സൗഹൃദവുമായ ഭക്ഷണ രീതികൾ സ്വീകരിക്കാനുള്ള ഒരു മാർഗനിർദേശമാണ്. ഇപ്പോഴിതാ പ്ലാനറ്ററി ഹെൽത്ത് ഡയറ്റ് അകാലമരണ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നാണ് കണ്ടെത്തിരിക്കുകയാണ് പുതിയൊരു പഠനം.
ദി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പ്ലാനറ്ററി ഹെൽത്ത് ഭക്ഷണക്രമം പാലിക്കുന്നവർക്ക് അകാല മരണത്തിനുള്ള സാധ്യത 30% കുറവാണെന്ന് ഗവേഷകർ കണ്ടെത്തി. 'ഇത് ഭൂമിക്കും ഗുണം ചെയ്യും. എങ്ങനെയെന്നാൽ, ഹരിതഗൃഹ വാതകങ്ങളുടെ ഉപയോഗം കുറച്ചു കൊണ്ടു വരാനാകും, പാകത്തിനുള്ള ജീവിതരീതി കൂടി പ്രദാനം ചെയ്യുന്നതാണ് ഈ ഭക്ഷണക്രമം', എപ്പിഡെമിയോളജി ആൻഡ് ന്യൂട്രീഷൻ പ്രൊഫസർ വാൾട്ടർ വില്ലറ്റ് പറയുന്നു.
200,000-ത്തിലധികം സ്ത്രീകളിൽ നിന്നും, പുരുഷന്മാരിൽ നിന്നുമുള്ള ആരോഗ്യ ഡാറ്റ ഉപയോഗിച്ച് നടത്തിയ പ്ലാനറ്ററി ഹെൽത്ത് ഭക്ഷണക്രമത്തെക്കുറിച്ചുള്ള ആദ്യത്തെ വലിയ പഠനമാണിത്. ഗവേഷണത്തിൽ പങ്കെടുത്തവർക്ക് പഠനത്തിൻ്റെ തുടക്കത്തിൽ വലിയ വിട്ടുമാറാത്ത രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ല,
എന്താണ് പ്ലാനറ്ററി ഹെൽത്ത് ഭക്ഷണക്രമം?
സംസ്കരിച്ച സസ്യഭക്ഷണങ്ങളെ പാടേ ഒഴിവാക്കിക്കൊണ്ടുള്ളതും, എന്നാൽ മാംസത്തിൻ്റെയും, പാലുൽപ്പന്നങ്ങളുടെയും മിതമായ ഉപഭോഗം അനുവദിക്കുകയും ചെയ്യുന്ന രീതിയാണ് ഇതിൽ അവലംബിച്ചിരിക്കുന്നത്. 2019 ൽ ഈറ്റ്- ലാൻെറ്റ് (EAT-Lancet) കമ്മീഷൻ ആണ് ഇത് ആദ്യമായി നിർദേശിച്ചത്.
പ്ലാനറ്ററി ഹെൽത്ത് പച്ചക്കറികൾ, പഴങ്ങൾ, മുഴുവൻ ധാന്യങ്ങൾ, പയർവർഗങ്ങൾ, നട്സ്, ഇത്തരം ഭക്ഷണങ്ങൾ, കൂടുതൽ ഉപയോഗിക്കുകയും, ചുവന്ന മാംസം, പഞ്ചസാര, ശുദ്ധീകരിച്ച ധാന്യങ്ങൾ, തുടങ്ങിയവ ഒഴിവാക്കുകയും ചെയ്യുന്നതായി പഠത്തിന് നേതൃത്വം നൽകിയ ലാപൂക്ക് പറയുന്നു.ഹൃദയാരോഗ്യത്തിന് പ്രാധാന്യം നൽകുന്ന പ്ലാനറ്ററി ഭക്ഷണരീതി മെഡിറ്ററേനിയൻ ഭക്ഷണക്രമങ്ങളോട് ഏറെ സമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാംസവും, പാലുൽപ്പന്നങ്ങളും ഭക്ഷണത്തിൻ്റെ പ്രധാന ഭാഗങ്ങളാണ്, പക്ഷേ ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, നട്സ്, പയർവർഗങ്ങൾ എന്നിവയേക്കാൾ വളരെ ചെറിയ അനുപാതത്തിലാണ് ഇവ ഉൾപെടുത്തിയിരിക്കുന്നത്. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും, പ്രോട്ടീൻ സ്രോതസുകളും ഉൾപെടുന്നതു കൊണ്ട്, ഹൃദയാരോഗ്യം മെച്ചപ്പെടാനും, ആയുസ് വർധിക്കാനും ഈ ഭക്ഷണരീതി സഹായിക്കുമെങ്കിലും, ഇതുപോലുള്ള പുതിയ ഭക്ഷണക്രമങ്ങളിലേക്ക് മാറുമ്പോൾ, ഒരു ആരോഗ്യവിദഗ്ധൻ്റെ നിർദേശം തേടാൻ മറക്കരുത്.