Wildlife Alert | ഒക്ടോബർ മാസം വിഷപ്പാമ്പുകളുടെ ഇണചേരൽ കാലം; ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ്


● വെള്ളിക്കെട്ടൻ പാമ്പുകൾക്ക് ഈ സമയത്ത് പുറത്ത് വരാനുള്ള സാധ്യത കൂടുന്നതിനാൽ ജാഗ്രത പാലിക്കണം.
● വനം വകുപ്പ് സുരക്ഷിതത്വം ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധിക്കണമെന്നും അറിയിച്ചു.
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് പാമ്പുകടികൾ വർദ്ധിച്ച സാഹചര്യത്തിൽ ജനങ്ങളും രക്ഷാപ്രവർത്തകരും ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ മാസത്തിൽ മാത്രം എട്ട് പേർ പാമ്പുകടിയേറ്റ് മരിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.നിരവധി ആളുകള്‍ക്ക് പാമ്ബുകടിയും ഏറ്റു. ഇക്കഴിഞ്ഞ സെപ്റ്റംബർ ഒന്ന് മുതല്‍ ഒക്ടോബർ ഒന്ന് വരെയുള്ള കണക്കുകള്‍ പ്രകാരമാണ് എട്ട് മരണം സ്ഥിരീകരിച്ചത്.
ഒക്ടോബർ മാസം വിഷപ്പാമ്പുകളുടെ ഇണചേരുന്ന കാലമാണ്, അതിനാൽ ഇവയെ പുറത്തു കാണാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് വെള്ളിക്കെട്ടൻ പാമ്പുകൾ. ആളുകളുടെ കണ്ണില്‍പ്പെടാതെ കഴിയുന്ന വെള്ളിക്കെട്ടന്‍പാമ്പ് പ്രജനനകാലത്ത് മാത്രമാണ് പുറത്തിറങ്ങാറുള്ളത്. പെൺപാമ്പുകളുടെ ഫിറോമോണുകൾ തിരിച്ചറിഞ്ഞ് പുറത്തേക്ക് ഇഴഞ്ഞെത്തുന്നതിനാൽ ഇവയെ ഇക്കാലത്ത് ഒറ്റയ്ക്കോ ജോടികളായോ കാണാറുണ്ട്.
ഇണചേരൽ കാലത്ത് പാമ്പുകൾ വളരെ ആക്രമണോത്സുകരായിരിക്കും. ആൺ പാമ്പുകൾ തമ്മിലുള്ള പോരാട്ടം സർവസാധാരണമാണ്. എന്നാൽ കൂടുതല്‍ കാണുന്നത് പാമ്പുകളുടെ പ്രജനന സമയത്താണ്. ഇത് മൂലം മനുഷ്യരെ കണ്ടാലും ഇവ ഇഴഞ്ഞു മാറാതെ തിരിഞ്ഞുകടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. വനം വകുപ്പാണ് ഇക്കാര്യങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഒരു പാമ്പിനെ കണ്ട പരിസരത്ത് ഒന്നിലധികം പാമ്പുകളുണ്ടാകാനുള്ള സാധ്യതകളുണ്ട്. പാമ്പുകളെ രക്ഷിക്കുന്നവർക്ക് ഏറ്റവും തിരക്കുള്ള സമയമാണ് ഇത്. സ്വഭാവ സൗമ്യരായ പാമ്പുകൾ പോലും ഇക്കാലത്ത് വളരെ അപകടകാരികളായാണ് പെരുമാറുന്നത്. അതിനാല്‍ രക്ഷാപ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിക്കേണ്ട സമയമാണിതെന്ന് വനംവകുപ്പ് മുന്നറിയിപ്പുനല്‍കുന്നുണ്ട്.
പാമ്പുകടിയേറ്റാല്‍ ചികിത്സ വൈകുന്നതും ശാസ്ത്രീയമല്ലാത്ത ചികിത്സയ്ക്കായി സമയം കളയുന്നതുമാണ് പാമ്പുകടിയേല്‍ക്കുന്നവര്‍ മരിക്കാന്‍ കാരണമെന്ന് ‘സര്‍പ്പ’ പദ്ധതി നോഡല്‍ ഓഫീസറും വനംവകുപ്പ് അസിസ്റ്റന്റ് കണ്‍സര്‍വേറ്ററുമായ വൈ മുഹമ്മദ് അന്‍വര്‍ പറഞ്ഞു. ആശുപത്രികളിലും ഇക്കാലത്ത് പ്രത്യേക കരുതലുണ്ടാകണമെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടുക! അവരും ഈ വിവരം അറിയട്ടെ. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
#VenomousSnakes #ForestDepartment #PublicSafety #SnakeBites #October #Wildlife