Alert | പെരിന്തല്‍മണ്ണയില്‍ മരിച്ച 23കാരന്റെ സ്രവ സാംപിള്‍ ഫലം നിപ പോസിറ്റീവ് എന്ന് സ്ഥിരീകരണം; സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍; പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം


● പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം
● സമ്പര്‍ക്കത്തില്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍
മലപ്പുറം: (KVARTHA) പെരിന്തല്‍മണ്ണയില്‍ കഴിഞ്ഞ ആഴ്ച മരിച്ച 23കാരന്റെ സ്രവ സാംപിള്‍ പരിശോധനാഫലം ലഭിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ യുവാവിന് നിപ പോസിറ്റീവ് എന്ന് സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ ഒമ്പതിനാണ് പെരിന്തല്‍മണ്ണയിലെ എംഇഎസ് മെഡിക്കല്‍ കോളജില്‍ പനി ബാധിച്ച് ചികിത്സയില്‍ തുടരവെ യുവാവ് മരിച്ചത്.
വെള്ളിയാഴ്ച സാംപിള്‍ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയും മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തില്‍ നടത്തിയ പിസിആര്‍ പരിശോധനയില്‍ ഫലം പോസിറ്റീവാകുകയും ചെയ്തു. തുടര്‍ന്ന് സ്ഥിരീകരണത്തിനായി പൂനെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സാംപിള്‍ അയക്കുകയായിരുന്നു.
വണ്ടൂര്‍ പഞ്ചായത്ത് പരിധിയില്‍പെട്ട യുവാവ് ബംഗളുരുവില്‍ പഠിക്കുകയായിരുന്നു. കാലിന് അസുഖമായതോടെ നാട്ടില്‍ എത്തി. തുടര്‍ന്ന് വിട്ടുമാറാത്ത പനിയും ബാധിച്ചു. ഛര്‍ദിയുമുണ്ടായിരുന്നു. ആദ്യം നടുവത്തുള്ള സ്വകാര്യ ക്ലിനിക്കിലും പിന്നീട് വണ്ടൂരുള്ള സ്വകാര്യ ക്ലിനിക്കിലും ചികിത്സ തേടിയിരുന്നു. അസുഖം മാറാതെ വന്നതോടെ പെരിന്തല്‍മണ്ണയിലെ എംഇഎസ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചതോടെ തുടര്‍ നടപടികള്‍ക്കായി പുനെ വൈറോളജി ലാബില്‍ നിന്നുള്ള സ്രവ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ഉന്നത തല സംഘം യോഗം ചേര്‍ന്നു. യുവാവിന്റെ റൂട്ട് മാപ്പും ഖബറടക്കം അടക്കമുള്ള കാര്യങ്ങളും ആരോഗ്യ വകുപ്പ് പരിശോധിക്കുന്നുണ്ട്.
യുവാവുമായി സമ്പര്‍ക്കത്തില്‍പ്പെട്ടിരുന്ന സഹോദരി, സുഹൃത്ത് എന്നിവരെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കി. യുവാവിന്റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Hashtags: #NipahVirus #Kerala #HealthAlert #Outbreak