നിപ ഭീതി ഒഴിയുന്നു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; എട്ട് പേർക്ക് കൂടി ഷിഗെല്ല
ADVERTISEMENT
● 42 ദിവസത്തെ നിരീക്ഷണത്തിന് ശേഷം നിപ രഹിത പ്രദേശമായി പ്രഖ്യാപിക്കും
● മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രോഗിയുടെ സ്രവ പരിശോധന നെഗറ്റീവ് ആയി
● കണ്ടെയിൻമെന്റ് സോൺ നിയന്ത്രണങ്ങളില്ലാതെ രോഗവ്യാപനം തടയാനായി
● സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു
● കൊല്ലം, കണ്ണൂർ, പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലാണ് പുതിയ കേസുകൾ
തിരുവനന്തപുരം: (KVARTHA) നിപ ബാധിതന്റെ സമ്പർക്കപ്പട്ടികയിലെ എല്ലാവരും സുരക്ഷിതമായി ക്വാറന്റൈൻ പൂർത്തിയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ അറിയിച്ചു. കൃത്യമായ രോഗനിർണയത്തിന്റെയും ശക്തമായ പ്രതിരോധ നടപടികളുടെയും വിജയമാണിത്. കണ്ടെയിൻമെന്റ് സോൺ ഉൾപ്പെടെയുള്ള ജനങ്ങളുടെ ഉപജീവനവും സഞ്ചാരസ്വാതന്ത്ര്യവും തടസ്സപ്പെടുത്തുന്ന നടപടികളിലേക്കു കടക്കാതെതന്നെ രോഗം നിയന്ത്രിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്.
രോഗം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നതിന് മുൻപ് കണ്ടെത്താൻ കഴിഞ്ഞതും കൃത്യതയോടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി നിരീക്ഷണം ഏർപ്പെടുത്തിയതുമാണ് രോഗവ്യാപനം തടയാൻ സഹായിച്ചത്. ഇതിനു പിന്നിൽ പ്രവർത്തിച്ച ജില്ലാ ഭരണകൂടത്തെയും ആരോഗ്യ പ്രവർത്തകരെയും മന്ത്രി അഭിനന്ദിച്ചു.
ക്വാറന്റൈൻ പൂർത്തിയാക്കി
മാനദണ്ഡപ്രകാരമുള്ള തുടർ നിരീക്ഷണ നടപടികൾ തുടരും. 42 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കുന്ന മുറയ്ക്ക് പ്രദേശത്തെ നിപ രഹിതമായി പ്രഖ്യാപിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട നാല് പേരെയും ഇന്ന് ക്വാറന്റൈനിൽ നിന്നും ഒഴിവാക്കി. ഇതിൽ രണ്ട് പേർ രോഗബാധിതന്റെ കുടുംബാംഗങ്ങളും രണ്ട് പേർ ആരോഗ്യ പ്രവർത്തകരുമാണ്. നിരീക്ഷണ വേളയിൽ ഇവർക്ക് രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.
രോഗനിരീക്ഷണത്തിന്റെ ഭാഗമായി ജൂൺ 10 മുതൽ നിപ സമാന ലക്ഷണങ്ങൾ ഉള്ളവരുടെയിടയിൽ ജില്ലയിൽ നടത്തിയ പരിശോധനയിൽ 58 പേരുടെ ഫലവും നെഗറ്റീവ് ആണ്. കൂടാതെ ഉയർന്ന റിസ്ക് വിഭാഗത്തിൽ ഉണ്ടായിരുന്ന മൂന്ന് പേരെയും ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കി. ഇതോടെ വളരെ ഉയർന്ന റിസ്ക് വിഭാഗം, ഉയർന്ന റിസ്ക് വിഭാഗം എന്നിവയിൽ നിന്നുള്ള എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി.
കുറഞ്ഞ റിസ്ക് വിഭാഗത്തിൽപ്പെട്ട 24 പേരെയും നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ കുറഞ്ഞ റിസ്ക് വിഭാഗത്തിൽപ്പെട്ട മൂന്ന് പേർ മാത്രമാണ് ഇനി നിരീക്ഷണത്തിലുള്ളത്. കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ ചികിത്സ തുടരുന്ന നിപ രോഗിയുടെ ഒരാഴ്ചക്കുള്ളിലെ രണ്ട് സ്രവസാമ്പിളുകളും നെഗറ്റീവ് ആയിട്ടുണ്ട്. തുടർ ചികിത്സാനടപടികൾ മെഡിക്കൽ ബോർഡ് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
ഷിഗെല്ല ജാഗ്രത
സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കൊല്ലം, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിൽ രണ്ട് വീതവും തൃശൂർ, മലപ്പുറം എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂൺ മാസം 205 പേർക്ക് രോഗബാധയും ആറ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 281 പേർക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്.
നിലവിൽ കോഴിക്കോട് 69, വയനാട് 26, തൃശൂർ 14, ആലപ്പുഴ അഞ്ച് എന്നീ നാല് ജില്ലകളിലാണ് ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടുതൽ പേരിലേക്ക് രോഗം പകരാതിരിക്കാൻ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ജൂൺ മാസം മലപ്പുറം 33, തിരുവനന്തപുരം 18, കണ്ണൂർ 13, കൊല്ലം 15, ഇടുക്കി മൂന്ന്, എറണാകുളം നാല്, പാലക്കാട് അഞ്ച് എന്നിവിടങ്ങളിലും ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആരോഗ്യ വിവരങ്ങളും മറ്റ് പ്രധാന വാർത്തകളും നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുക. പുതിയ വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താം.
Article Summary: Health Minister K Muraleedharan announced that all individuals on the Nipah contact list have successfully completed their quarantine, and the patient undergoing treatment has tested negative twice. Meanwhile, 8 new Shigella cases were reported in Kerala, bringing the year's total to 281.
#NipahVirus #KeralaHealth #ShigellaOutbreak #KozhikodeNews #MedicalUpdate #HealthMinister #AmmuNews
