സേവനത്തിന്റെ പ്രകാശഗോപുരങ്ങൾ: ഡോക്ടർമാർക്ക് ആദരം!

 
National Doctors' Day: Honoring the Beacons of Service and Healing
National Doctors' Day: Honoring the Beacons of Service and Healing

Representational Image generated by Gemini

● ഡോ. ബി.സി. റോയ് സ്വാതന്ത്ര്യസമര സേനാനിയും മുഖ്യമന്ത്രിയുമായിരുന്നു.
● ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സ്ഥാപിച്ചത് ഡോക്ടർ റോയിയാണ്.
● വൈദ്യശാസ്ത്ര പഠനത്തിലും ആരോഗ്യസംരക്ഷണത്തിലും പ്രധാന പങ്ക്.
● 1961-ൽ ഡോ. റോയിക്ക് ഭാരതരത്ന ലഭിച്ചു.
● രോഗപ്രതിരോധത്തിലും ഡോക്ടർമാർക്ക് വലിയ പങ്കുണ്ട്.


ഭാമനാവത്ത്

(KVARTHA) എല്ലാവർഷവും ജൂലൈ ഒന്ന് ഇന്ത്യയിൽ ഡോക്ടർമാരുടെ ദേശീയ ദിനമായി ആചരിച്ചുവരികയാണ്. പ്രഗത്ഭ ഡോക്ടറും ബംഗാൾ മുഖ്യമന്ത്രിയുമായിരുന്ന ഡോക്ടർ ബിധൻ ചന്ദ്ര റോയിയുടെ ജനന-മരണ ദിനങ്ങളുടെ ഓർമ്മയ്ക്കായാണ് ഈ ദിനം ആചരിക്കുന്നത്.

സ്വാതന്ത്ര്യസമര സേനാനിയും പശ്ചിമബംഗാളിലെ രണ്ടാമത് മുഖ്യമന്ത്രിയും ഭാരതരത്ന ജേതാവുമായ ഡോക്ടർ ബി.സി. റോയ് 1888-ൽ ഇന്നേ ദിവസം ജനിക്കുകയും, 1962-ൽ തന്റെ 74-ാമത് ജന്മദിനത്തിൽ ഇതേ ദിവസം തന്നെ ഈ ലോകത്തോട് വിടപറയുകയുമാണുണ്ടായത്.

ഡോക്ടർ എന്ന ജോലിയോടും, ഡോക്ടർമാർ സമൂഹത്തോട് കാണിക്കേണ്ട പ്രതിബദ്ധതയെപ്പറ്റിയും വളരെ വിശാലമായ കാഴ്ചപ്പാട് സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു ഡോക്ടർ റോയ്. വൈദ്യശാസ്ത്ര പഠനം ഏറെ ദുഷ്കരമായ ഒരു കാലഘട്ടത്തിൽ ജീവിച്ച റോയ്, ഇന്ത്യയിലെ പഠനത്തിനുശേഷം ലണ്ടനിൽ പോയി എം.ആർ.സി.പി. നേടുകയുണ്ടായി.

ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം മഹാത്മാഗാന്ധിയോടൊപ്പം പ്രവർത്തിച്ച ഡോക്ടർ റോയ്, നിരവധി മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഉപദേഷ്ടാവായിരുന്നു. തന്റെ പ്രൊഫഷൻ സമൂഹത്തിലെ പാവപ്പെട്ടവർക്കും നിരാലംബരായവർക്കും എങ്ങനെ ഉപയോഗപ്രദമാക്കണം എന്നതിന് മഹാത്മാഗാന്ധിയോടൊപ്പം ചെലവഴിച്ചത് ഏറെ ഗുണപ്രദമായിട്ടുണ്ട് എന്ന് ഡോക്ടർ റോയ് തന്നെ അനുസ്മരിച്ചിട്ടുണ്ട്.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ എന്നിവയുടെ സ്ഥാപനത്തിന് ചുക്കാൻ പിടിച്ചത് ഡോക്ടർ റോയിയാണ്. കൊൽക്കത്ത മെഡിക്കൽ കോളേജിന്റെ ആധുനികവൽക്കരണത്തിന് മുന്നിട്ടിറങ്ങിയ ഡോക്ടർ റോയിയുടെ പ്രൊഫഷനോടുള്ള ആത്മാർത്ഥതയും നേതൃത്വവും ഇന്ത്യയിലെ ആധുനിക മെഡിക്കൽ വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണ അടിസ്ഥാന സൗകര്യങ്ങളും നിലവിൽ വരുത്തുന്നതിൽ അതിപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

തന്റെ പ്രൊഫഷനോടുള്ള ആത്മാർത്ഥതയ്ക്കൊപ്പം, സമൂഹത്തെ ചികിത്സിക്കുന്ന ഒരു പൊതുപ്രവർത്തകൻ കൂടിയായിരുന്നു ഡോക്ടർ റോയ്. 1948 മുതൽ മരണം വരെ പശ്ചിമബംഗാൾ മുഖ്യമന്ത്രിയായിരുന്ന ഡോക്ടർ റോയ് നിരവധി സാമൂഹികവും സാമ്പത്തികവുമായ പരിഷ്കാരങ്ങളും കൊണ്ടുവന്നിരുന്നു.

പുതിയ പശ്ചിമബംഗാൾ കെട്ടിപ്പടുക്കാനും അടിസ്ഥാന വിദ്യാഭ്യാസം ജനകീയമാക്കാനും അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കാനും വ്യവസായവൽക്കരണം ശക്തിപ്പെടുത്താനും എല്ലാം തന്റേതായ രീതികൾ സ്വീകരിച്ച അതിപ്രഗത്ഭൻ കൂടിയാണ് അദ്ദേഹം.

ഡോക്ടർ റോയ് തന്റെ പ്രൊഫഷനോടും സമൂഹത്തോടും കാണിച്ച വാക്കുകൾക്കതീതമായ ആത്മാർത്ഥതയ്ക്കും പ്രവർത്തന മികവിനും 1961-ൽ രാജ്യം അതിന്റെ പരമോന്നത ദേശീയ ബഹുമതിയായ ഭാരതരത്ന നൽകി ആദരിക്കുകയുണ്ടായി.

സമൂഹത്തിലെ ഡോക്ടർമാരുടെ വിലമതിക്കാനാവാത്ത സംഭാവനകളെ അംഗീകരിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു ദിനമായാണ് ജൂലൈ 01 ന് ഈ ദിനം രാജ്യമെമ്പാടും ആചരിക്കുന്നത്. ഡോക്ടർമാർ തങ്ങളുടെ പ്രൊഫഷനോടും സമൂഹത്തോടും കാണിക്കുന്ന പ്രതിബദ്ധതയ്ക്കുള്ള സമൂഹത്തിന്റെ ആദരവാണ് ഈ ദിനാചരണത്തിന്റെ അടിസ്ഥാനം.

ജീവൻ രക്ഷിക്കുന്നതിനും വ്യക്തികളുടെയും സമൂഹത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഡോക്ടർമാർ നൽകുന്ന സംഭാവന വിവരണാതീതമാണ്. അശരണരായി തന്നെ അഭയം പ്രാപിക്കുന്ന രോഗികളോട് അവർ കാട്ടുന്ന അനുകമ്പയ്ക്കും ആത്മസമർപ്പണത്തിനും മനുഷ്യസമൂഹം ഏറെ കടപ്പെട്ടിട്ടുണ്ട്.

പകർച്ചവ്യാധികളിൽ ലോകം വലയുമ്പോൾ, മനുഷ്യസ്നേഹം എന്ന ഉദാത്ത മൂല്യം ഉയർത്തി, അവർക്കുവേണ്ടി ജീവൻ സമർപ്പിക്കാൻ വരെ തയ്യാറായ നിരവധി അനുഭവ കഥകൾ ഡോക്ടർമാരെപ്പറ്റി പറയാനുണ്ട്. അത്തരം ആത്മത്യാഗം ചെയ്തവരെ, അവരുടെ നന്മകൾക്ക് മുന്നിൽ ആദരവ് അർപ്പിക്കാൻ കൂടിയുള്ള ഒരു ദിവസമാണ് ഇന്ന്.

രോഗങ്ങൾ ചികിത്സിക്കുന്നതിൽ മാത്രമല്ല, രോഗപ്രതിരോധം പ്രോത്സാഹിപ്പിക്കുന്നതിനും നടപ്പിൽ വരുത്തുന്നതിനും ഡോക്ടർമാർ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. തൊഴിലിനോടുള്ള അവരുടെ അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് അവരോട് നന്ദി പറയാൻ രോഗികൾക്കും കുടുംബാംഗങ്ങൾക്കും പൊതുപ്രവർത്തകർക്കും ലഭിക്കുന്ന അവസരം കൂടിയാണ് ഇത്.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസും ഇന്ത്യൻ വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചരകനും കാട്ടിയ ഉദാത്തമായ മാനുഷിക സ്നേഹത്താൽ, ജീവിതം സന്തുഷ്ടമാക്കാൻ ഈ ദിനം ഡോക്ടർമാർക്ക് കരുത്ത് പകരട്ടെ എന്ന് പ്രത്യാശിക്കാം.

ഡോക്ടർമാരുടെ നിസ്വാർത്ഥ സേവനങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: India celebrates National Doctors' Day honoring Dr. B.C. Roy.

#NationalDoctorsDay #DoctorsDay2025 #DrBCCRoy #HealthcareHeroes #MedicalProfession #India

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia