Warning | എംപോക്സ്: ജാഗ്രത വേണം; എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണമെന്ന നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

 
Mpox Alert: Government urges strict protocol compliance
Mpox Alert: Government urges strict protocol compliance

Representational Image Generated By Meta AI

● സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ശക്തമാക്കിയിരുന്നു
● രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശം

തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. മലപ്പുറത്ത് എംപോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന 38 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. യുഎഇയില്‍ നിന്നും വന്നതാണ്.

ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ശക്തമാക്കിയിരുന്നുവെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 

രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 2022ല്‍ എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ പുറത്തിറക്കിയിരുന്നു. അതനുസരിച്ചുള്ള ഐസൊലേഷന്‍, സാമ്പിള്‍ കളക്ഷന്‍, ചികിത്സ എന്നിവയെല്ലാം ഉറപ്പ് വരുത്തിയിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

എന്താണ് എംപോക്സ്?

ആരംഭത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്സ്. എന്നാല്‍ ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സ് ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.

രോഗ പകര്‍ച്ച

കോവിഡോ എച്ച്1 എന്‍1 ഇന്‍ഫ്ളുവന്‍സയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്.

ലക്ഷണങ്ങള്‍

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

പ്രതിരോധം

അസുഖബാധിതരായ ആള്‍ക്കാരുമായി നിഷ്‌കര്‍ഷിച്ചിട്ടുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിക്കാതെ അടുത്തിടപഴകുന്ന ആള്‍ക്കാര്‍ക്കാണ് എംപോക്സ് ഉണ്ടാകുക. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും രോഗപ്പകര്‍ച്ച ഒഴിവാക്കുന്നതിനായി നിര്‍ബന്ധമായും നിര്‍ദേശിച്ചിട്ടുള്ള അണുബാധ നിയന്ത്രണ മുന്‍കരുതലുകള്‍ സ്വീകരിക്കണം.

: #Mpox #KeralaHealth #PublicSafety #HealthProtocols #Monkeypox #StaySafe

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia