Mouthwash | മൗത്ത് വാഷ് വായയിലെ കാൻസറിന് കാരണമാകാമെന്ന് ഞെട്ടിക്കുന്ന പഠനം! ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

 
Mouthwash may increase the risk of gum disease, cancers: Study 


ആല്‍ക്കഹോള്‍ അടങ്ങിയ മൗത്ത് വാഷ് ഒഴിവാക്കുന്നതാണ് നല്ലത്

ന്യൂഡെൽഹി: (KVARTHA) വായയയുടെ ശുചിത്വത്തിന് ഉപയോഗിക്കുന്ന ഒരു ഉല്‍പന്നമാണ് മൗത്ത് വാഷുകള്‍. പല്ല് തേക്കുമ്പോൾ നീക്കം ചെയ്യാൻ കഴിയാത്ത ഇടങ്ങളിലെ അണുക്കളെയും മാലിന്യങ്ങളെയും ഇല്ലാതാക്കാൻ മൗത്ത് വാഷ് സഹായിക്കുന്നു. വായയിൽ നിന്നുള്ള മണം ഒഴിവാക്കാൻ മദ്യം കഴിച്ച ശേഷവും പലരും മൗത്ത് വാഷ് ഉപയോഗിക്കുന്നു. എന്നാൽ ഈ മൗത്ത് വാഷ് നിങ്ങൾക്ക് മാരകമാകുമെന്ന് നിങ്ങൾക്കറിയാമോ? മൗത്ത് വാഷിൽ സാധാരണയായി കാണപ്പെടുന്ന ചില ഘടകങ്ങൾ വായയിൽ കാൻസർ വരാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പുതിയ പഠനം.

മൗത്ത് വാഷും കാൻസറും 

സാധാരണയായി ഉപയോഗിക്കുന്ന ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള മൗത്ത് വാഷുകൾ ഓറൽ മൈക്രോബയോമിൽ (വായിൽ വസിക്കുന്ന ആരോഗ്യകരമായ ബാക്ടീരിയകൾ) സ്വാധീനം ചെലുത്തുന്നുവെന്ന് മെഡിക്കൽ മൈക്രോബയോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു. ഇത് കാൻസറും മറ്റ് ചില രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. ലൈംഗിക രോഗങ്ങൾ ഒഴിവാക്കാൻ ലൈംഗിക ബന്ധത്തിന് ശേഷം മൗത്ത് വാഷ് ഉപയോഗിക്കുന്ന പുരുഷന്മാർക്കും അപകട സാധ്യതയുണ്ട്.

ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള മൗത്ത് വാഷ് മൂന്ന് മാസത്തോളം തുടർച്ചയായി ഉപയോഗിക്കുന്നത് ഈ പുരുഷന്മാരുടെ വായിൽ സ്ട്രെപ്റ്റോകോക്കസ് ആൻജിനോസസ്, ഫ്യൂസോബാക്ടീരിയം ന്യൂക്ലിയേറ്റം എന്നീ രണ്ട് തരം ബാക്ടീരിയകളുടെ അളവ് വർദ്ധിപ്പിക്കുമെന്ന് ബെൽജിയത്തിലെ ആൻ്റ്‌വെർപ്പിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെഡിസിൻ (ITM) സംഘം വിശദീകരിച്ചു. ഈ രണ്ട് ബാക്ടീരിയകളും കാൻസർ സാധ്യത വർധിപ്പിക്കും.

സൂക്ഷ്മജീവികളുടെ സന്തുലിതാവസ്ഥയെ ബാധിക്കുന്നു 

വായിൽ നല്ലതും ചീത്തയുമായ നിരവധി ബാക്ടീരിയകൾ അടങ്ങിയിരിക്കുന്നു. ആൽക്കഹോൾ അടങ്ങിയ മൗത്ത് വാഷ് ഉപയോഗിക്കുന്നത് ഈ സന്തുലിതാവസ്ഥയെ തടസപ്പെടുത്തുകയും നല്ല ബാക്ടീരിയകളുടെ എണ്ണം കുറയ്ക്കുകയും ചെയ്യും. ഇത് ദോഷകരമായ ബാക്ടീരിയകൾ വളരാനും മോണയിലെ അണുബാധയ്ക്കും കാരണമാകും. ആൽക്കഹോൾ വരൾച്ച ഉണ്ടാക്കുന്ന വസ്തുവാണ്, ഇത് വായുടെ ആരോഗ്യത്തിന് നല്ലതല്ല. ഉണങ്ങിയ വായയിൽ ബാക്ടീരിയകൾ കൂടുതൽ വളരാനുള്ള സാഹചര്യമൊരുങ്ങുന്നു, ഇത് മോണിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

സ്ഥിരമായി ഉപയോഗിച്ചാല്‍ ക്ലോര്‍ഹെക്‌സിഡിന്‍ പോലുള്ളവ പല്ലുകളില്‍ ബ്രൗണ്‍ നിറം, നാവിലെ രസമുകുളങ്ങള്‍ക്ക് കേടുപാട്, രുചി വ്യത്യാസം എന്നിവ ഉണ്ടാക്കാറുണ്ട്. ആല്‍ക്കഹോള്‍ അടങ്ങിയ മൗത്ത് വാഷ് ഒഴിവാക്കുന്നതാണ് നല്ലത്. മൗത്ത് വാഷ് ഉപയോഗിക്കുന്നതിനുള്ള നിർദേശങ്ങൾ വായിക്കുകയും പാലിക്കുകയും ചെയ്യുക. അമിതമായി ഉപയോഗിക്കുന്നത് വായുടെ ആരോഗ്യത്തിന് ഹാനികരമാകാം. അധികമായാല്‍ അമൃതും വിഷം എന്ന കാര്യം ഇവിടെയും പ്രസക്തമാണ്. മൗത്ത് വാഷ് ഉപയോഗത്തെ കുറിച്ചുള്ള എല്ലാ സംശയങ്ങൾക്കും ഡോക്ടറുടെ നിർദേശം തേടുന്നതാണ് നല്ലത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia