Mold infection | രോഗികളില്‍ പൂപ്പല്‍രോഗബാധ: കോഴിക്കോട് മെഡികല്‍ കോളജിലെ ഓപറേഷന്‍ തിയേറ്റര്‍ അടച്ചു
Jul 2, 2022, 10:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) രോഗികളില്‍ പൂപ്പല്‍രോഗബാധയെത്തുടര്‍ന്ന് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്ന കോഴിക്കോട് മെഡികല്‍ കോളജിലെ തിയേറ്റര്‍ താത്കാലികമായി അടച്ചു. യൂറോളജി, നെഫ്രോളജി വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന തിയേറ്ററാണ് ഒരാഴ്ചത്തേക്ക് അടച്ചത്. രണ്ടുരോഗികള്‍ക്കാണ് പൂപല്‍ബാധ ഉണ്ടായത്.
വൃക്ക മാറ്റിവച്ച ഒരു രോഗിക്ക് ശസ്ത്രക്രിയക്കുശേഷം മൂത്രത്തില്‍ നിറവ്യത്യാസം കണ്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഫംഗല്‍ ഇന്‍ഫെക്ഷന്‍ (പൂപ്പല്‍ബാധ) സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് രോഗിയെ പേവാര്‍ഡിലേക്ക് മാറ്റി. ശസ്ത്രക്രിയ നടത്തിയ മറ്റൊരു രോഗിയെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.
പേവാര്‍ഡിലേക്ക് മാറ്റിയ രോഗി സുഖംപ്രാപിച്ച് ആശുപത്രി വിട്ടു. അവയവമാറ്റ ശസ്ത്രക്രിയകള്‍ മുടങ്ങാതിരിക്കാനായി കാര്‍ഡിയോ തെറാസിക്, ഗാസ്‌ട്രോ സര്‍ജറി, പ്ളാസ്റ്റിക് സര്‍ജറി വിഭാഗങ്ങളുടെ തിയേറ്റര്‍ ഒഴിവനുസരിച്ച് ഉപയോഗിക്കാന്‍ ക്രമീകരണം ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
പൂപ്പല്‍ബാധയുണ്ടായ തിയേറ്ററില്‍ മൈക്രോബയോളജി വിഭാഗം പരിശോധന നടത്തി സാംപിളുകള്‍ ശേഖരിച്ച് വിദഗ്ധപരിശോധനയ്ക്ക് അയച്ചു. പൂപല്‍ രോഗനിര്‍ണയം മൈക്രോബയോളജിയുടെ കീഴിലുള്ള മൈകോളജി വിഭാഗത്തിലാണ് നടക്കുന്നത്. മുമ്പും തിയേറ്ററുകളില്‍ പൂപ്പല്‍ബാധ ഉണ്ടായിട്ടുണ്ട്.
എയര്‍കണ്ടിഷനില്‍ നിന്നുണ്ടാകുന്ന ചോര്‍ചമൂലമുള്ള നനവ്, ചുമരിലെ പൂപ്പല്‍ എന്നിവയില്‍ നിന്നാവും ഫംഗല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാകുന്നതെന്ന് അധികൃതര്‍ അറിയിച്ചു. മൈകോളജി വിദഗ്ധരാണ് ഇത് പരിശോധിച്ച് കണ്ടെത്തുന്നത്. മെഡികല്‍ കോളജില്‍ നിലവില്‍ സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് തസ്തികയാണ് ഉള്ളത്. 2011 മുതല്‍ ഈ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്.
ജോലിക്രമീകരണത്തിന്റെ ഭാഗമായി ഗാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തില്‍ ജോലിചെയ്യുന്ന സീനിയര്‍ സയന്റിഫിക് ഓഫിസറാണ് മൈകോളജി വിഭാഗത്തില്‍ ജോലിചെയ്തിരുന്നത്. ഇയാള്‍ വിരമിച്ചിട്ട് ഒരു മാസത്തിലേറെയായി. കോവിഡിനുശേഷം ബ്ലാക് ഫംഗസ് രോഗം കൂടിവരികയാണ്.
വളരെ പെട്ടെന്ന് കണ്ടെത്തി ചികിത്സ നല്‍കിയാല്‍ മാത്രമേ രോഗികളെ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. മൈകോളജിസ്റ്റ് തസ്തികയില്‍ അടിയന്തരമായി ആളെ നിയമിക്കണമെന്ന് മൈക്രോബയോളജി വിഭാഗം അധികൃതരെ അറിയിച്ചിട്ടുണ്ട്.
Keywords: Mold infection: Kozhikode Medical College Operation theater closed, Kozhikode, News, Health, Health & Fitness, Medical College, Patient, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

