കോവിഡ് ദുരന്തങ്ങള്‍: കരളലിയിപ്പിക്കുന്ന അനുഭവ കുറിപ്പുമായി സന്നദ്ധ പ്രവര്ത്തകന് മുഹമ്മദ് ചേലേരി 'ജന്മനാ അനാഥയായ ആ നവജാത ശിശുവിനെ കണ്ണീരോടെ ഏറ്റുവാങ്ങിയത് പൊതുപ്രവര്‍ത്തകര്‍.. അകാലത്തില്‍ ഭാര്യയുടെ മരണം താങ്ങാനാവാതെ തളര്‍ന്ന് കൈകുഞ്ഞുമായി ഭര്‍ത്താവ്'
Jun 3, 2021, 15:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 03.06.2021) കോവിഡ് ദുരന്തങ്ങള്‍ പല കുടുംബങ്ങളിലും താങ്ങാനാവാത്ത ദുരന്തങ്ങളാണ് പേറിയത്. എത്രയോ രക്ഷിതാക്കള്‍ക് മക്കളെ നഷ്ടപ്പെടുത്തിയ കോവിഡ്. എത്രയോ കുഞ്ഞുങ്ങളെ അനാഥമാക്കി. കണ്ണീരോടെ കരളലിയിപ്പിക്കുന്ന അനുഭവം പങ്കുവെക്കുകയാണ് സന്നദ്ധ പ്രവര്ത്തകന് കൂടിയായ കണ്ണൂര്‍ ചേലാരി സ്വദേശി മുഹമ്മദ്.
പ്രണയ വിവാഹത്തോടെ ബന്ധുക്കളുമായി അകന്ന് ജീവിച്ചിരുന്ന യുവ ദമ്പതികള്‍ക്ക് കോവിഡ് ബാധിച്ചു. യുവതി ഏട്ട് മാസം ഗര്‍ഭിണിയായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതോടെ ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് ജന്മം നല്കി. എന്നാല്‍ ആ അമ്മയ്ക്ക് തന്റെ കുഞ്ഞിനെ കാണാന്‍ കഴിഞ്ഞില്ല. പ്രസവത്തിന്റെ എട്ടാം നാള് അവള് ഈ ലോകത്തോട് വിട പറഞു. കുടുംബങ്ങളുടെ സാന്നിധ്യമോ സഹകരണമോ അപ്പോഴും അവര്‍ക്ക് കിട്ടിയില്ല. മരിച്ചിട്ടും ബന്ധുക്കള്‍ തിരിഞ്ഞു നോക്കിയില്ല.
ഭൂമിയില്‍ പിറന്നു വീണ് എട്ടാം നാള് അമ്മ മരിച്ച, ജന്മനാ അനാഥയായ ആ നവജാത ശിശുവിനെ കണ്ണീരോടെ ഏറ്റുവാങ്ങിയത് സന്നദ്ധ പ്രവര്‍ത്തകര്‍... അകാലത്തില്‍ ഭാര്യയുടെ മരണം താങ്ങാനാവാതെ തളര്‍ന്ന്, കൈക്കുഞ്ഞിനെയുംകൊണ്ട് എന്തുചെയ്യണമെന്നറിയാതെ ഭര്‍ത്താവ്... ആരുടേയും ഹൃദയം തകര്‍ക്കുന്ന കഥയാണ് മുഹമ്മദ് എഴുതിയ ആ അനുഭവക്കുറിപ്പ്.
കണ്ണൂര്‍ ജില്ലയിലെ കൊളച്ചേരി നൂഞ്ഞേരിയില്‍ വാടക ക്വാടേഴ്സില്‍ താമസിച്ച കണ്ണൂര്‍ തിമിരി സ്വദേശിയായ അനുഷ ദാമോദര്‍ (25) എന്ന യുവതിയാണ് തിങ്കളാഴ്ച മരിച്ചത്. ഭര്‍ത്താവ് സുമേഷ് പാലക്കാട് സ്വദേശിയാണ്. മൂന്ന് മാസമേ ആയുള്ളൂ നൂഞ്ഞേരിയില്‍ താമസം തുടങ്ങിയിട്ട്.
ഏതാനും ദിവസം മുമ്പാണ് രണ്ടു പേര്‍ക്കും കോവിഡ് പോസിറ്റീവാകുന്നത്. യുവതിക്ക് ശ്വാസതടസ്സമായതിനാല്‍ കണ്ണൂര്‍ ഗവ. ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡികല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഭര്‍ത്താവ് വീട്ടില്‍ ക്വാറന്റീനിലും.
അനുഷയുടെ സ്ഥിതി മോശമായതോടെ സിസേറിയനിലൂടെ ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്തു. ഏതാനും ദിവസത്തിന് ശേഷം കുഞ്ഞിനെ ഒരുനോക്ക്പോലും കാണാന്‍ അനുഷയ്ക്ക് സാധിച്ചില്ല. ശവസംസ്കാരം ഉള്‍പെടെയുള്ള കാര്യങ്ങള്‍ വെല്‍ഫെയര്‍ പാര്‍ടി കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ മുഹമ്മദിന്റെ നേതൃത്വത്തിലാണ് നടത്തിയത്.
മുഹമ്മദ് ചേലേരിയുടേ കുറിപ്പിന്റെ പൂര്‍ണരൂപം:
കഴിഞ്ഞവര്‍ഷം കോവിഡിന്റെ തുടക്കത്തില്‍, എല്ലാവരും ഭയന്ന് നില്ക്കുന്ന സമയത്ത് കോവിഡ് രോഗികളെ സംസ്കരിക്കാന്‍ പയ്യാമ്പലത്ത് പോയതും അനുഭവിച്ചതുമായ കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവെച്ചിരുന്നു. ഇത്തവണ നെഞ്ചുലക്കുന്ന മറ്റൊരു അനുഭവമാണുള്ളത്.
അഞ്ചുദിവസം മുന്‍പ് കൊളച്ചേരി പഞ്ചായത്തിലെ നൂഞ്ഞേരി വാര്‍ഡിലെ ക്വാടേസ് ഉടമ പറഞ്ഞതനുസരിച്ചായിരുന്നു അവിടേക്ക്പോയത്. സുമേഷിന്റെ കുടുംബം മൂന്ന് മാസമേ ആയുള്ളൂ അവിടെ വാടകയ്ക്ക് താമസം തുടങ്ങിയിട്ട്. ജീവിതത്തിലെ ഏതോ സാഹചര്യത്തില്‍ പരിചയപ്പെടുകയും ഇരുവീട്ടുകാരുടെയും എതിര്‍പ്പുകള്‍ വകവെക്കാതെ വിവാഹിതരാവുകയും ചെയ്ത പാലക്കാടുകാരനായ സുമേഷും കണ്ണൂര്‍ തിമിരി സ്വദേശിയായ അനുഷയും. ഒരേ മതക്കാരാണെങ്കിലും കുടുംബക്കാരാരും തന്നെ ഒരു വിധത്തിലുള്ള ബന്ധവും ഇവരോട് പുലര്‍ത്തിയിരുന്നില്ല. തികച്ചും ഒറ്റപ്പെട്ട നിലയിലാണ് ഇവര്‍ രണ്ടു പേര്‍ക്കും കോവിഡ് പോസിറ്റീവാകുന്നത്.
അനുഷ 8 മാസം ഗര്‍ഭിണിയുമാണ്. ഒരു ദിവസംരാത്രി ശ്വാസ തടസ്സം അനുഭവപ്പെടുകയും ആശ വര്കറുമായി ബന്ധപ്പെട്ട് ആംബുലന്‍സില്‍ കണ്ണൂര്‍ ഗവ: ഹോസ്പിറ്റലില്‍ അഡ്മിറ്റാവുകയും ചെയ്തു. സ്ഥിതി മോശമാകാന്‍ തുടങ്ങിയതിനാല്‍ 2 ദിവസത്തിനു ശേഷം അവിടെ നിന്നും പരിയാരം മെഡികല്‍ കോളജിലേക്ക് മാറ്റി. ഉടന്‍ തന്നെ സിസേറിയന് വഴി കുഞ്ഞിനെ പുറത്തെടുക്കേണ്ടതുണ്ടെന്നും അല്ലേല്‍ അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണിയാകുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. തുര്‍ന്ന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു.. പെണ് കുഞ്ഞ്... കുഞ്ഞ് എന്‍ ഐ സിയുവിലും അമ്മ ഐ സി യുവിലും അച്ചന് വീട്ടില്‍ ക്വാറന്റീനിലും. കാര്യങ്ങള്‍ ദയനീയം...
ഉടന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയിലെ എന്റെ സഹപ്രവര്‍ത്തകരെ വിവരമറിയിച്ചു. വനിതാപ്രവര്‍ത്തകരടക്കം എല്ലാവരും കൂടെയുണ്ടാകുമെന്ന് ഉറപ്പുതന്നു. ജമാഅത്തെ ഇസ്ലാമി ചേലേരി ഘടകം പ്രസിഡന്റ് ജബ്ബാര്‍മാസ്റ്ററും സഹായവുമായെത്തി.
പിറ്റെ ദിവസം യുവാവിന്റെ ക്വാറന്റെന് അവസാനിക്കുകയും രാവിലെതന്നെ ഹോസ്പിറ്റല്‍ ചെന്ന് പുറത്ത് നിന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് തിരിച്ചു വന്നു. കോവിഡ് സാഹചര്യത്തില്‍ അകത്ത് കടക്കാന്‍ അനുമതി ഇല്ലായിരുന്നു. അന്ന് വൈകീട്ട് ഡോക്ടറെ വിളിച്ച് അനുമതി വാങ്ങി പി പി ഇ കിറ്റ് ധരിച്ച് അകത്ത് കടന്ന് ആദ്യമായി കുഞ്ഞിനെകണ്ടു. പിന്നെ അമ്മയെയും.
വെന്റിലേറ്ററിലായ ഭാര്യയോടൊപ്പം അല്പനേരം ചിലവഴിച്ച് പുറത്തു വന്നു. നീണ്ട ദിവസങ്ങള്‍ക്കു ശേഷമുള്ള കൂടിക്കാഴ്ച. പിറ്റെ ദിവസം ഡോക്ടറുടെ വിളിവന്നു, ഭാര്യയെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയിരിക്കുന്നു. നേരിയൊരു ആശ്വാസം...
കുട്ടിയെ വാര്‍ഡിലേക്ക് മാറ്റണം, കൂടെ നില്ക്കാന് ഒരു സ്ത്രീയെവേണം എന്നു പറഞ്ഞായിരുന്നു ഡോക്ടറുടെ അടുത്തവിളി. അന്വേഷണത്തിനിടയില്‍ ഒരുസ്ത്രീ മുന്നോട്ടുവന്നു. അവരെ ഹോസ്പിറ്റലിലെത്തിച്ച് കോവിഡ് ടെസ്റ്റ് നടത്തി അകത്ത് കടത്തി. കുട്ടിയെ വാര്‍ഡിലേക്ക് മാറ്റി.
2 ദിവസത്തിനു ശേഷം കുട്ടിയെ എത്രയും പെട്ടെന്ന് ഡിസ്ചാര്‍ജ് ചെയ്യണമെന്ന് അറിയിച്ചു.
ഒരു പാര്‍ടി പ്രവര്‍ത്തക വീട്ടില്‍ വെച്ച് പരിപാലിക്കാമെന്നേറ്റു. കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്യണമെങ്കില്‍ ബില്‍ അടക്കണം. കണ്ണൂരിലെ യൂനിറ്റി സെന്റര്‍ ബില്‍ അടക്കാനുള്ള സഹായങ്ങള്‍ ചെയ്തു തന്നു. ടീം വെല്‍ഫെയര്‍ പ്രവര്‍ത്തകര്‍ വീട് അണുനശീകരണം നടത്തി. രണ്ടുപ്രവര്‍ത്തകര്‍ കാറുമായി ചെന്ന് കുട്ടിയെ വീട്ടിലെത്തിച്ചു.
പിറ്റെ ദിവസം ഭാര്യയെ കാണാന്‍ ഐ സി യുവിലുള്ള സമയത്താണ് സുമേഷിനെ ഞാന്‍ വിളിച്ചത്. കാര്യം കുറച്ച് സങ്കീര്‍ണമാണെന്ന് പറഞ്ഞ് ചെറിയ വിതുമ്പലോടെ ഫോണ്‍ കട്ടായി... വീണ്ടും വിളിച്ച് സമാധാനിപ്പിച്ച് വേഗം നാട്ടിലേക്ക് വരാന്‍ പറഞ്ഞു. നാട്ടിലെത്തിയ ഉടന്‍ അവനെ പോയി കണ്ടു കാര്യങ്ങള്‍ അന്വേഷിച്ചു. വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുന്നു.
അവളുടെ ചുറ്റും രോഗികള്‍ മരിച്ചു കൊണ്ടിരിക്കുന്നു, ചിലര്‍ മരണ വെപ്രാളത്തില്‍ നിലവിളിക്കുന്നു... എങ്ങിനെയെങ്കിലും ഇവിടെനിന്ന് ഒന്നു മാറ്റിത്തരുമോ എന്നായിരുന്നു അവളുടെ അപേക്ഷ... നിലവില്‍ ഏത് ഹോസ്പിറ്റലിലേക്കും മാറ്റല്‍ എളുപ്പമല്ല എന്നറിഞ്ഞുകൊണ്ടു തന്നെ. പരിചയമുള്ള എല്ലാ ബന്ധങ്ങളും ഉപയോഗിച്ച് ഞങ്ങള്‍ ശ്രമം തുടരവേ തിങ്കളാഴ്ച രാവിലെ 11 മണിക്ക് അവന്റെ വിളി വന്നു: 'ഹോസ്പിറ്റലില്‍ നിന്നും വിളിച്ചിരുന്നു, സ്ഥിതി മോശമാണ്.. അറിയിക്കാന്‍ പറ്റുന്നവരെ അറിയിച്ചോളൂ..'
പെണ്‍കുട്ടിയുടെ ബന്ധുക്കളെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇവരുടെ ഒരുവിഷയവുമായി ഇങ്ങോട്ട് വിളിക്കരുത് എന്നാണ് മറുപടി... ചിലപ്പോള്‍ അത്രക്ക് കുടുംബക്കാരെ വേദനിപ്പിച്ചിട്ടുണ്ടാകാം.. അതിന്റെ കാര്യകാരണങ്ങള്‍ അന്വേഷിക്കാന്‍ നിന്നില്ല. അതിനു പറ്റിയ സമയമല്ലതാനും.. എങ്കിലും, അവസാന നോക്കുകാണാനെങ്കിലും വരുമെന്ന് കരുതി ഒന്നുകൂടി വിളിച്ചു. പക്ഷേ, നിലപാടില്‍ മാറ്റമില്ല. അതിനിടെ അവള് എന്നെന്നേക്കുമായി കണ്ണടച്ചിരുന്നു.
സുമേഷിനെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ മനസ്സ് നീറി... അതിനേക്കാളേറെ, ജന്മനാ ആരോരുമില്ലാതായ കുഞ്ഞിനെ ഓര്‍ത്തായിരുന്നു ഉള്ളം പിടഞ്ഞത്. ഞങ്ങള്‍ ഹോസ്പിറ്റലിലേക്ക് എത്തുമ്പോഴേക്കും പുതിയങ്ങാടി മിനാര്‍ ഹെല്പ് ഡെസ്കിന്റെ ആംബുലന്‍സുമായി ടീം വെല്‍ഫെയര്‍ പ്രവര്ത്തകന് അബ്ദുല്‍ ഖനി അവിടെ എത്തിയിരുന്നു. മൃതദേഹം ഞങ്ങള്‍ ഏറ്റുവാങ്ങി. വൈകീട്ട് നാലു മണിക്കു തന്നെ പയ്യാമ്പലം ശ്മശാനത്തില്‍ ആചാരപ്രകാരം ദഹിപ്പിച്ചു. തിരിച്ചു വീട്ടിലെത്തുമ്പോഴേക്കും നേരം ഇരുട്ടി. രാത്രി വൈകിയും കുഞ്ഞിന്റെ കാര്യമായിരുന്നു മനസ്സുനിറയെ. ഇനിയും സങ്കീര്‍ണതകള്‍ ബാക്കി. എന്തേലും വഴി തെളിഞ്ഞ് വരാതിരിക്കില്ല...
ആദ്യാവസാനംവരെ കൂടെ നിന്ന എല്ലാവര്ക്കും നന്ദി അറിയിക്കുന്നു. സഹപ്രവര്‍ത്തകര്‍, ആശാവര്കര്, കൊളച്ചേരി പി എച് സി നഴ്സുമാര്‍, ഹെല്‍ത് ഇന്‍സ്പെക്ടര്‍, വാര്‍ഡ് മെമ്പര്‍, വിലേജ് ഓഫിസര്‍, ജമാഅത്തെ ഇസ്ലാമി ചേലേരി ഘടകം, അയല്‍വാസികള്‍, മിനാര്‍ ആംബുലന്‍സ്, മെഡികല്‍ കോളജിലെ ഡോക്ടേര്‍സ്, നഴ്സുമാര്‍, കണ്ണൂര്‍ യൂനിറ്റി സെന്റര്‍, ടീം വെല്‍ഫെയര്‍ വളന്റിയര്‍മാര്‍, ശ്മശാനത്തിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയ എല്ലാവരോടും...
Keywords: News, Kerala, State, Kannur, Health, Health and Fitness, COVID-19, Trending, New Born Child, Death, Social Media, Mohammad Cheleri with a heartbreaking experience
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

