പൊതുജനാരോഗ്യത്തില്‍ കേരളം നമ്പര്‍ വണ്‍; എം എല്‍ എമാര്‍ക്ക് പ്രിയം വിദേശ, സ്വകാര്യ ആശുപത്രികള്‍; ചെലവഴിച്ചത് നാലേ മുക്കാല്‍ കോടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 20.07.2020) പൊതുജനാരോഗ്യ രംഗത്ത് കേരളം നമ്പര്‍ വണ്ണായിട്ട് കാലം കുറേയായി. കോവിഡ് ചികിത്സയില്‍ ലോകശ്രദ്ധ പിടിച്ചുപറ്റി. എന്നിട്ടും നമ്മുടെ എം എല്‍ എമാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയോട് അയിത്തമാണ്. അത് ഈ സര്‍ക്കാരിന്റെ കാലത്തും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും സ്ഥിതി വ്യത്യസ്തമല്ല. പിണറായി സര്‍ക്കാര്‍ നാല് വര്‍ഷം പിന്നിടുമ്പോള്‍ സ്വകാര്യ ആശുപത്രികളിലും വിദേശത്തും ചികിത്സയ്ക്കായി എം എല്‍ എമാര്‍ 4,94,76,344 രൂപയാണ് ചെലവഴിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നാല് വര്‍ഷം പിന്നിട്ടപ്പോള്‍ 4,26,11,825 രൂപയാണ് എം എല്‍ എമാര്‍ ഖജനാവില്‍ നിന്ന് എഴുതി എടുത്തത്. സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങളെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണ് എല്ലാ ജനപ്രതിനിധികളും എന്നതും ശ്രദ്ധേയമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ എം എല്‍ എമാര്‍ക്ക് വി ഐ വി മുറിയടക്കം പ്രത്യേക സൗജന്യ സൗകര്യങ്ങള്‍ ഉള്ളപ്പോഴാണിതെന്ന് ആരോഗ്യവകുപ്പിലെ ചില ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.


എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള ചികിത്സാ ചെലവ് പരിശോധിച്ചാല്‍ പ്രതിമാസം ഒരു ലക്ഷത്തിലധികം രൂപയാണ് ഓരോ എം എല്‍ എമാരും ചെലവഴിക്കുന്നത്. മന്ത്രിമാരും ചീഫ് വിപ്പും സ്പീക്കറും ഒന്നും ഈ പട്ടികയില്‍ വരില്ല. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള മന്ത്രിമാര്‍ വിദേശത്ത് ചികിത്സതേടിയിട്ടുണ്ട്. എം എല്‍ എമാരില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീനും മുന്‍ എം എല്‍ എ പി ബി അബ്ദുള്‍ റസാഖും വിദേശ ചികിത്സതേടി. എം കെ മുനീര്‍ 13,81,009 രൂപയും പി ബി അബ്ദുള്‍ റസാഖ് 3,77,909 രൂപയും ഇതിനായി വിനിയോഗിച്ചു. മറ്റ് എം എല്‍ എമാര്‍ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിച്ചത്.
പൊതുജനാരോഗ്യത്തില്‍ കേരളം നമ്പര്‍ വണ്‍; എം എല്‍ എമാര്‍ക്ക് പ്രിയം വിദേശ, സ്വകാര്യ ആശുപത്രികള്‍; ചെലവഴിച്ചത് നാലേ മുക്കാല്‍ കോടി

യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് അന്തരിച്ച മുന്‍ എം എല്‍ എ വിദേശ ചികിത്സയ്ക്കായി 1,91,14,366 രൂപയാണ് കൈപ്പറ്റിയത്. അന്ന് എം എല്‍ എമാരും കുടുംബാംഗങ്ങളും സൗജന്യ ചികിത്സതേടിയിരുന്നു. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് എം എല്‍ എയായിരുന്ന കെ മുരളീധരന്റെ കുടുംബാംഗങ്ങളുടെ ചികിത്സാ ചെലവ് ഖജനാവില്‍ നിന്ന് ഈടാക്കിയത് വിവാദമായിരുന്നു. പക്ഷെ കുടുംബാംഗങ്ങള്‍ക്കും സൗജന്യ ചികിത്സാ അനുവദനീയമാണെന്നാണ് യു ഡി എഫ് നേതാക്കള്‍ മറുപടി നല്‍കിയത്. അത് ശരിയാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 11 എം എല്‍ എമാര്‍ അഞ്ചു ലക്ഷത്തിലധികം രൂപയാണ് ചികിത്സാ ചെലവിനത്തില്‍ കൈപ്പറ്റിയത്. തോമസ് ചാണ്ടി ഒരു കോടിയിലധികം രൂപയാണ് വാങ്ങിയത്. അന്തരിച്ച സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ വിദേശ ചികിത്സയ്ക്കും യാത്രാ ചെലവിനും 60,41,002 രൂപ സര്‍ക്കാര്‍ നല്‍കിയിരുന്നു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ എം എല്‍ എമാരായിരുന്ന അബ്ദുറഹ്മാന്‍ രണ്ടത്താണി, കെ എം ഷാജി, കെ അച്യുതന്‍, സി കൃഷ്ണന്‍, സി മമ്മുട്ടി, ടി എ അഹമ്മദ് കബീര്‍, എന്‍ ഷംസുദ്ധീന്‍, പി ഉബൈദുള്ള എന്നിവര്‍ തങ്ങളുടെയോ കുടുംബാംഗങ്ങളുടെയോ ചികിത്സയ്ക്ക് ഖജനാവില്‍ നിന്ന് ഒരു രൂപ പോലും വാങ്ങിയില്ല എന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ് എന്നിവരുടെ ചികിത്സാ ചെലവ് ഒഴിച്ചാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 4,26,11,825 രൂപ ചെലവാക്കിയത്.

Keywords:  Health, Kerala, MLA, News, UDF, LDF, Government, Ministers, MPs, Hospital, Treatment, MLA's spent more than four core for medical care.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia